ADVERTISEMENT

മുണ്ടക്കൈയിലേക്ക് ഇനിയാരെത്തേടിയും ഒരു കത്തും വരാനില്ല. അവിടെയുണ്ടായിരുന്ന തപാൽ ഓഫിസ് മണ്ണടിഞ്ഞു പോയിരിക്കുന്നു. മേൽവിലാസം പോലും ഇല്ലാതായിപ്പോയവർക്ക് ആരു കത്തെഴുതണം? ഒരൊറ്റ രാത്രി കൊണ്ട് ആരോ മാറ്റി വരച്ചു കളഞ്ഞ ജലച്ചായ ചിത്രം പോലെയാണിപ്പോൾ ചൂരൽമലയും മുണ്ടക്കൈയും. പച്ചത്തലപ്പാവെന്ന പോലെ തേയിലത്തോട്ടങ്ങൾ മലകളെ ചുറ്റിയിരുന്ന മനോഹരഗ്രാമം ഇന്നു വലിയൊരു ചെളിക്കൂന മാത്രം.

മനുഷ്യനുണ്ടാക്കിയ അതിരുകളെല്ലാം പ്രകൃതി മായ്ച്ചു കളഞ്ഞിരിക്കുന്നു. ദുരന്തം ബാക്കി വച്ച മുണ്ടക്കൈയിൽ എവിടെയും മതിലുകളില്ല. ജീവന്റെ തുടിപ്പുമില്ല. ഘോരമായ ദുഃസ്വപ്നമെന്നു കരുതി ഉറക്കം ഞെട്ടിയ കുറെ മനുഷ്യർ സംഭവിക്കുന്നതെന്തെന്നു തിരിച്ചറിയുന്നതിനു മുൻപേ ഒരു ദുരന്തരാത്രിയുടെ കൂരിരുട്ടിൽ മൺമറ‍‍‍ഞ്ഞു പോയി. പഴയതായി ചൂരൽമലയിലും മുണ്ടക്കൈയിലും അവശേഷിക്കുന്നതു മണ്ണടിഞ്ഞ കെട്ടിടങ്ങളുടെ അസ്ഥികൂടങ്ങൾ മാത്രം.

മരത്തടികൾക്കിടയിൽ നിന്ന് അമ്മയെ കിട്ടി, പുഴയരികിൽ നിന്നു കുഞ്ഞിനെ കിട്ടി എന്നൊക്കെ മുണ്ടക്കൈക്കാരും ചൂരൽമലക്കാരും പറയുമ്പോൾ ആ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണു കിട്ടിയതെന്നു നമ്മൾ മനസ്സിലാക്കണം. ഇനിയാരും ഇങ്ങോട്ടു ജീവനോടെ തിരിച്ചു വരാനില്ല. 

ഉടച്ചെറിയപ്പെട്ടവർ 

മുണ്ടക്കൈക്കാർക്കും ചൂരൽമലക്കാർക്കും ജീവിതം നൽകിയത് ഒരു പുഴയായിരുന്നു. മലമുകളിലെ പാറകളിൽ നിന്നു സ്വർണമണൽത്തരികളും വഹിച്ചു ചാലിയാറിലേക്കൊഴുകിയപ്പോഴാണു ആ പുഴയുടെ തുടക്കത്തിൽ മലമുകളിലെവിടെയോ ഒരു സ്വർഗമുണ്ടെന്നു പുറംനാട്ടുകാർ അറിഞ്ഞത്. സ്വർണവേട്ടയ്ക്കു പോയ ബ്രിട്ടിഷുകാർക്കൊപ്പം അവരും ചുരംകയറി. പുന്നപ്പുഴയുടെ തീരത്ത് പുതിയൊരു നാടു വളർന്നു. സ്വർണം കിട്ടാതായപ്പോൾ അവർ അവിടെ തേയിലത്തോട്ടങ്ങളുണ്ടാക്കി. പുഴ അവർക്ക് എല്ലാ സൗഭാഗ്യവും കൊടുത്തു. ഒടുവിൽ അതെല്ലാം ഇല്ലാതാക്കി അവരുടെ ജീവിതങ്ങൾ ഉരുളെടുത്തുകൊണ്ടു പോയതും ആ പുഴയിലൂടെത്തന്നെ.

മുണ്ടക്കൈയ്ക്കപ്പുറം വയനാടില്ല. എല്ലാ വഴികളും മുണ്ടക്കൈയിൽ അവസാനിക്കും. പിന്നീടങ്ങോട്ട് മലനിരകളാണ്. കൊടുംകാടും. അങ്ങനെ ഡെഡ് എൻഡ് എന്ന പ്രയോഗം അന്വർഥമാക്കിയ ഗ്രാമമായി മുണ്ടക്കൈ. അവിടെ ചില വീടുകളിൽ പിഞ്ചുകുട്ടികളടക്കം അഞ്ചും ആറും പേർ കെട്ടിപ്പിടിച്ചു മരിച്ചു കിടന്നു. 

ഇങ്ങനെ എത്ര നാൾ? 

അഞ്ചു വർഷം മുൻപ് ഉരുളെടുത്തു മനുഷ്യവാസമില്ലാതായ പുത്തുമല കടന്നാണു ചൂരൽമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള യാത്ര. ഒരുപാടു മനുഷ്യർ ഇപ്പോഴും പുതഞ്ഞു കിടക്കുന്ന ആ മണ്ണിനു മുകളിലെ പച്ചപ്പ് മരണത്തിന്റെ കറുപ്പാണെന്നു തോന്നും. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്കു സൈന്യം നിർമിച്ച ബെയ്‌ലിപ്പാലമുണ്ട്. നേരത്തേയുണ്ടായിരുന്ന പാലത്തെക്കാൾ നീളമുണ്ട് ആ പട്ടാളപ്പാലത്തിന്. പുഴയുടെ വീതി അത്രയധികമായിരിക്കുന്നു.

സ്കൂളിന്റെ കഞ്ഞിപ്പുര പോയി, കൈകഴുകുന്ന സ്ഥലം പോയി...‘‘ഇനി അത് ഞങ്ങളെ സ്കൂളല്ല, ഞങ്ങളെ ചൂരൽമലന്നെ എവിടാന്നറിയില്ല....’’. ഉരുളെടുത്ത വെള്ളാർമല ജിവിഎച്ച്എസ്എസിലെ വിദ്യാർഥി ഷിറാസ് മെഹവീർ പറഞ്ഞു. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ക്യാംപിലാണ് തേക്കിലക്കാട്ട് തങ്കച്ചനെ കണ്ടത്. 98 വയസ്സുള്ള വല്യമ്മച്ചി കുഞ്ഞമ്മയെ കുന്നിന്മുകളിലേക്കു വലിച്ചുകയറ്റിയയുടൻ വീടിരിക്കുന്ന ഭാഗത്തേക്ക് ഉരുൾജലം പാഞ്ഞെത്തി. ജീവൻ തിരിച്ചുകിട്ടിയെങ്കിലും ഇനി തിരിച്ചു പോകാനൊരിടമില്ല. എന്നും ക്യാംപിൽ കഴിയാനാകില്ലല്ലോ. കൈഞരമ്പു പോലെ വളഞ്ഞുപുളഞ്ഞുവന്ന ഉരുൾവഴി എല്ലാം കൊണ്ടു പോയി. 

ജീവൻ വയ്ക്കാത്ത ‘പ്രതീക്ഷ’കൾ 

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ തിരിച്ചറിയാനാകാത്തവിധം വേർപെട്ട ശരീരഭാഗങ്ങളിലൊന്നിന്റെ കൈയിൽ ആറാംവിരൽ കണ്ടപ്പോൾ ഹർഷ പറഞ്ഞു, അത് എന്റെ അച്ഛൻ പാർഥനാണ്! പാർഥൻ പേരെഴുതി അണിയിച്ച മോതിരം വിരലിൽ കണ്ട് അമ്മ നന്ദയുടെ മൃതദേഹവും ഹർഷ തിരിച്ചറിഞ്ഞു. ഹർഷയെപ്പോലെ, കാണാതായ ഉറ്റവരുടെ മൃതദേഹമെങ്കിലും കിട്ടിയാൽ മതിയെന്നു പറഞ്ഞു നെഞ്ചു തകർന്നു നടക്കുന്നവർ ഒട്ടേറെയാണു ദുരന്തഭൂമിയിൽ.

ഓരോ മൃതദേഹമെത്തുമ്പോഴും അവർ 'പ്രതീക്ഷ'യോടെ ആംബുലൻസുകൾക്കടുത്തേക്കോടും. ചേതനയറ്റവരുടെ മുഖത്തേക്കും ശരീരഭാഗങ്ങളിലേക്കും ശ്രദ്ധിച്ചു നോക്കും. രണ്ടു കയ്യില്ലാത്തവ, തലയോട്ടി പൊട്ടിച്ചിതറി മണ്ണടിഞ്ഞവ, അരയ്ക്കുതാഴെ ഒന്നുമില്ലാത്തവ...ഇത്തരം മനുഷ്യാവശേഷിപ്പുകളെ മൊബൈൽ ഫോണിലെ ഫോട്ടോയുമായി താരതമ്യം ചെയ്യും. അതു തന്റെ മകനോ മകളോ അല്ലെന്നറിയുമ്പോൾ അവർ എവിടെയങ്കിലും ജീവനോടെയുണ്ടാകുമെന്ന് ആശ്വസിക്കാൻ പോലും അവർക്കാകില്ലല്ലോ! ദുരന്തങ്ങൾക്കു മുൻപ് പ്രകൃതി നൽകുന്ന സിഗ്നലുകൾ മൃഗങ്ങളും പക്ഷികളും വേഗം പിടിച്ചെടുക്കുമെന്നാണ്. ചീഞ്ഞ ചെളിമണം വന്നാൽ അപകടമാണെന്നു കു‍‍ഞ്ഞുന്നാൾ മുതലേ ഞങ്ങൾക്കറിയാം. മലയിൽ എവിടെയോ പൊട്ടിയിട്ടുണ്ടായിരിക്കും. വേഗം വീട്ടിൽ നിന്നു മാറും. അങ്ങനെ രക്ഷപ്പെട്ടതാണ്– മുണ്ടക്കൈ സ്വദേശി മൊയ്തു പറഞ്ഞു. 

ദുരന്തഭൂമിയിലെ സഹവർത്തിത്വം 

പൈക്കിടാങ്ങളെല്ലാം ഉരുൾജലത്തിൽ ഒലിച്ചു പോയിട്ടായിരിക്കണം, പാൽ നിറഞ്ഞു വീർത്തുകെട്ടിയ അകിടുമായി നടക്കുന്ന പശുക്കളെ ചൂരൽമലയിലെങ്ങും കാണാം. യജമാനന്റെ വീടിരുന്ന സ്ഥലത്ത് എന്തിനോ വേണ്ടി പരതി നടക്കുകയാണു വളർത്തുനായ്ക്കൾ. രക്ഷാപ്രവർത്തകർ നീട്ടുന്ന ബിസ്കറ്റ് ഒന്നും അവ കഴിക്കുന്നില്ല. ഇത്രയുമായിട്ടും കലിയടങ്ങാതെന്നവണ്ണം നിലയ്ക്കാതെ പെയ്യുന്ന മഴ മുഴുവനും ആ നായ്ക്കൾ കൊണ്ടു തീർക്കുന്നു. ചില നായ്ക്കൾ ക്ഷീണിതരായി ചെളിക്കൂനയിൽ കാലുറയ്ക്കാതെ ഉറങ്ങി വീഴുന്നതും കാണാമായിരുന്നു.

ഇവിടെയൊരു മനുഷ്യസമൂഹം ജീവിച്ചിരുന്നുവെന്നതിനു ജീവനുള്ള തെളിവ് അവരുടെ വളർത്തുമൃഗങ്ങൾ മാത്രമാണ്. കടൽ പോലെ ഒഴുകിയെത്തിയ പെരുവെള്ളപ്പാച്ചിൽ നിന്നു രക്ഷതേടി കൊടുംകാട്ടിൽ കഴിയേണ്ടി വന്നവരെ കാട്ടാനകൾ ഉപദ്രവിച്ചില്ല. ഒരു വിഷപ്പാമ്പും തീണ്ടിയുമില്ല. മൃഗങ്ങളും മനുഷ്യനും ഏറ്റവും സഹവർത്തിത്വത്തിലാകുന്നതു ദുരന്തഭൂമിയിലാകാം. 

ഹാജർ പറയാൻ ഇനിയില്ല 

തോട്ടങ്ങളിൽ പണിയെടുപ്പിക്കാനായി ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ നിന്നും തലശ്ശേരിയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമെല്ലാമാണു ബ്രിട്ടിഷുകാർ പുത്തുമല, ഏലമല, മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങിയ പ്രദേശങ്ങളിലേക്ക് തൊഴിലാളികളെയെത്തിച്ചത്. നിരയായി പടുത്തുയർത്തിയ പാടികളിൽ അവരെ പാർപ്പിച്ചു. അവിടെ അമ്പലവും മസ്ജിദും പള്ളിയും മലമ്പ്രദേശങ്ങളിലേക്കു റോഡുകളുമെല്ലാമുണ്ടായി.

പിന്നീട് വിദ്യാലയങ്ങളും മറ്റു സ്ഥാപനങ്ങളും വന്നു. അവരുടെ മക്കളൊക്കെ നല്ല നിലയിലായിട്ട് അധികകാലമായിട്ടില്ല. ഇപ്പോൾ മുണ്ടക്കൈ എൽപി സ്കൂളിലെ 11 കുട്ടികളെയാണ് ഉരുൾപൊട്ടലിൽ‍ കാണാതായിരിക്കുന്നത്. ചൂരൽമലയിലെ വെള്ളാർമല ജിവിഎച്ച്എസ്എസിലെ 20 കുട്ടികൾ ഇനിയില്ലെന്ന് ഉറപ്പായി. 12 പേർ കാണാമറയത്താണ്. ഇനിയൊരു ഹാജർ പറയാൻ അവരാരുമെത്തില്ല. 

ഉരുളെടുത്തവർ 

ഉമ്മയും ഉപ്പയും സഹോദരിയുമെല്ലാം ഒലിച്ചു പോയപ്പോൾ മുണ്ടക്കൈയിലെ സിദ്റുൽ മുൻതഹ ഒറ്റയ്ക്കായി. ഒഴുക്കിൽപ്പെടും മുൻപ് ഉമ്മ ശബ്ന തന്നെയാണ് മുൻതഹയെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. എന്നാൽ, ഉമ്മയും ബാപ്പ ഷംസുദ്ദീനും സഹോദരി ഷംഹയും വല്യുപ്പയും വല്ല്യുമ്മയുമെല്ലാം മരിച്ചു. ഇപ്പോൾ ഉമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണ് മുൻതഹ. 

എനിക്കുള്ളതെല്ലാം പോയി. എനിക്കിനി എന്തു സഹായം വേണോയെന്നാണ്? ആർക്കും പഴയതൊന്നും തിരിച്ചു തരാനാകില്ല. ഇങ്ങനെ ജീവൻ തിരിച്ചു കിട്ടേണ്ടിയിരുന്നില്ലെന്നു പോലും തോന്നുന്നു– ഭർത്താവ് കറുപ്പയ്യയും മകൻ പ്രശോഭുമടക്കം കുടുംബത്തിലെ 8 പേരും ഇല്ലാതായ ജ്യോതിമണി പറയുന്നു. ജീവൻ മാത്രം തിരിച്ചു കിട്ടിയ ജ്യോതിമണിയെപ്പോലുള്ള പാവം മനുഷ്യരുടെ കണ്ണുകളിൽ നിന്നാണ് ഇപ്പോൾ ശരിക്കും ഉരുൾപൊട്ടിയിറങ്ങുന്നത്. 

യാത്ര തുടർന്നേ തീരൂ 

ചൂരൽമലയിലെ ശിവക്ഷേത്രം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരു ആൽമരം ഒറ്റയ്ക്കു നിൽപാണ്. അമ്പലത്തിന്റെ തറ പുഴയ്ക്കുള്ളിൽ തെളിഞ്ഞുകാണാം. മുണ്ടക്കൈയിലേക്കു സർവീസ് നടത്തിയിരുന്ന ഏക കെഎസ്ആർടിസി ബസ് ഇപ്പോഴും ചൂരൽമലപ്പുഴയോരത്തു കിടപ്പുണ്ട്. തിരികെ കൽപറ്റയിലേക്കു മടങ്ങാനുള്ള വഴിയില്ല. പഴയപോലെ ആളുകളെ നിറച്ചു മഞ്ഞണിഞ്ഞ തേയിലക്കാടുകൾക്കിടയിലൂടെ മുണ്ടക്കൈയിലേക്കൊരു യാത്ര ഇനിയുണ്ടാകാനുമിടയില്ല. 

wayanad-landslide-ksrtc-bus-1

‘ ദുരന്തമുണ്ടാകുന്നതിന്റെ 3 മണിക്കൂർ മുൻപാണ് ബസ് മുണ്ടക്കൈയിൽ സർവീസ് അവസാനിപ്പിച്ച് ചൂരൽമലയിൽ ഹാൾട്ടായത്. ഇനി ഇവിടെ നിന്ന് എന്നു സ്റ്റാർട്ട് ആക്കാനാകുമെന്ന് അറിയില്ല’– ‍ഡ്രൈവർ പി.വി.സജിത് പറഞ്ഞു. വണ്ടിയും വഴിയും ഇല്ലാതായേക്കുമെങ്കിലും ചൂരൽമലക്കാർക്കും മുണ്ടക്കൈക്കാർക്കും ജീവിതയാത്ര തുടർന്നേ തീരൂ. അതിജീവന പാരമ്പര്യം രക്തത്തിലലിഞ്ഞവരാണ്. തോറ്റു കൊടുക്കാൻ അത്ര പെട്ടെന്നവർ തയാറാകില്ല. അല്ലെങ്കിൽ ഇനിയവർ ആരോടു തോൽക്കാൻ...! 

English Summary:

Wayanad tragic incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com