ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കാടു വിട്ടു നാട്ടിലേക്കിറങ്ങി ഒരു യാത്രയ്ക്ക് ഒരുങ്ങുകയാണ് തൃശൂർ ചിമ്മിനിയിലെ എച്ചിപ്പാറ ഊരിലെ സഞ്ജു. ഡൽഹിയിലേക്കാണ് ആ നാടിറക്കം. പല തവണ ക്ഷണം ലഭിച്ചെങ്കിലും വേണ്ടെന്നു വച്ചൊരു യാത്രയ്ക്കുള്ള സഞ്ജുവിന്റെ ടിക്കറ്റ് കാടു തന്നെ നൽകിയതാണ്.  കാടുകളിൽ ലഭ്യമായ കായ്കളിൽ മക്രാമെ എന്ന മനോഹര കലയുടെ അഴകു കൂടിച്ചേർത്ത് സഞ്ജുവും കൂട്ടുകാരികളായ സരിതയും ശ്രുതിയും നിർമിക്കുന്ന ആഭരണങ്ങൾ കേന്ദ്രസർക്കാർ നടത്തുന്ന ട്രൈഫെഡ് മേളയിൽ പ്രദർശിപ്പിക്കാനാണ് യാത്ര.

സ്വന്തം വേരുകളിൽ നിന്നു തന്നെയാണ് വലിയ ചില്ലകളിലേക്കു സഞ്ജുവും സരിതയും ശ്രുതിയും യാത്ര തുടങ്ങിയത്. കാടർ, മലയർ, മുതുവർ വിഭാഗത്തിൽപെട്ടവർ ധരിച്ചിരുന്ന, പുല്ലിൽ നിന്നു ലഭിക്കുന്ന തുരുത്തി അഥവാ കാട്ടുഗോതമ്പ് എന്ന വിത്തു കൊണ്ട് ഉണ്ടാക്കിയിരുന്ന മാലകളായിരുന്നു പ്രചോദനം. ജോബ് ടിയേഴ്സ് എന്ന് ഇംഗ്ലിഷിൽ അറിയപ്പെടുന്ന തുരുത്തിക്ക് കണ്ണീർത്തുള്ളിയുടെ ആകൃതിയാണ്. വേനൽക്കാലത്ത് ഉണങ്ങിയ വിത്തുകൾ ധാരാളം ലഭിക്കും. അത് വെറുതേ നൂലിൽ കോർത്ത് അണിഞ്ഞു നടക്കുകയാണ് ചെയ്തിരുന്നത്. എച്ചിപ്പാറ ഊരിലെ പെൺകുട്ടികൾ തുരുത്തിമാലയ്ക്കു  മക്രാമെ ആർട്ടിന്റെ ചാരുത കൂടി നൽകി. തുരുത്തികൾക്കിടയിൽ കുരുക്കുകളിട്ട് കൂടുതൽ മനോഹരമാക്കി.

കക്കുംകായ് (സീബീൻ) ഉപയോഗിച്ച ഇവർ നിർമിക്കുന്ന ആഭരണങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത്. കർക്കടകക്കഞ്ഞിയിൽ അലിഞ്ഞു ചേരുന്ന ഔഷധം മാത്രമല്ലത്; കഴുത്തിൽ ചുറ്റിക്കിടക്കുന്ന ചോക്കർ മാലകളെയും നീളത്തിൽ കിടക്കുന്ന മാലകളെയുമെല്ലാം കക്കുംകായ് തന്റെ സാന്നിധ്യം കൊണ്ട് മനോഹരമാക്കി. വന്യതയിൽ അന്യമായി കിടന്നിരുന്ന പലതരം കായ്കളും വിത്തുകളും ആഭരണങ്ങളായി നാട്ടിലേക്കെത്തി.   

കടുംചുവപ്പു കലർന്ന തവിട്ടു നിറമാണ് കക്കുംകായ്ക്ക്. അത് പല ആകൃതിയിൽ കാണപ്പെടുന്നു. കൃത്യമായ ചതുരത്തിലോ വൃത്തത്തിലോ അല്ല. മിനുസമുള്ള പ്രതലം. മരങ്ങളിൽ അരിവാൾ പോലെ തോന്നിക്കുന്ന പച്ചനിറത്തിലുള്ള കായ്ക്കുള്ളിൽ ഒന്നിൽ കൂടുതൽ വിത്തുകൾ ഉണ്ടാകും. ഓരോന്നിനും ആകൃതിയുണ്ട്. ഓരോന്നുമെടുത്ത് അതിൽ തുളയിട്ടു  നൂലു കോർത്താണ് മാല ഉണ്ടാക്കുന്നത്. ഫോറസ്റ്റ് പോസ്റ്റ് എന്ന സാമൂഹിക സംരംഭത്തിന്റെ വെബ്സൈറ്റിൽ ചെന്നാൽ കാണാം, ഫാഷനിലെ ഈ വന്യത.

മക്രമെ കലയിൽ നിർമിച്ച മാലയണിഞ്ഞ് എച്ചിപ്പാറയിലെ സരിത
മക്രമെ കലയിൽ നിർമിച്ച മാലയണിഞ്ഞ് എച്ചിപ്പാറയിലെ സരിത

സ്വതസിദ്ധമായ കഴിവിനെ കടഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസി മുന്നേറ്റത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫോറസ്റ്റ് പോസ്റ്റിന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ബയോളജിസ്റ്റ് ആയ ഡോ. മീരയാണ് 30 വയസ്സിൽ താഴെയുള്ള അമ്മമാർ കൂടിയായ, യുവതികൾക്കു പരിശീലനം നൽകിയത്.  പഠിച്ചെടുക്കാനും വൈദഗ്ധ്യം തെളിയിക്കാനും ദിവസങ്ങൾ മാത്രമേ ഇവർക്കു വേണ്ടി വന്നുള്ളൂ.  2021ൽ ആണ് മക്രാമെ പരിശീലനം ആരംഭിച്ചത്. അന്ന് 7 പേർ ഉണ്ടായിരുന്നു. പഠിച്ച ശേഷം പുറത്ത് നിന്നുള്ളവർക്കു പരിശീലനം നൽകുകയും ചെയ്തിരുന്നു. പിന്നീട് അതിൽ നിന്ന് 4 പേർക്ക് പല കാരണങ്ങളാൽ മാറിനിൽക്കേണ്ടി വന്നു. മലയർ വിഭാഗത്തിൽപെട്ടവരാണ് എച്ചിപ്പാറയിൽ താമസിക്കുന്നത്. കുറച്ചുകൂടി ഉൾവനത്തിലാണു കാടർ വിഭാഗത്തിൽപെട്ടവർ ഉള്ളത്. കാട്ടിൽ നിന്ന് നിർമാണത്തിനാവശ്യമായ വിഭവങ്ങൾ അവരും എത്തിച്ചു നൽകാറുണ്ട്.       

 വന്യജീവിസങ്കേതത്തിന്റെ പശ്ചാത്തലത്തിൽ നിന്നായതു കൊണ്ട്, ആദ്യമൊക്കെ തുമ്പിയും കുഞ്ഞൻ ആമയും ചിലന്തിയുമൊക്കെ ആയിരുന്നു അവരുടെ മക്രാമെ ഉൽപന്നങ്ങൾ. പിന്നീട് പാദസരങ്ങളിലും മാലകളിലും കമ്മലുകളിലുമൊക്കെ മക്രാമെയുടെ കല പടർന്നു തുടങ്ങി. ആഭരണങ്ങളിലെ കാടഴക് വിപണികളിലുമെത്തി. പ്രധാന വിപണി ഫോറസ്റ്റ് പോസ്റ്റിന്റെ  വെബ്സൈറ്റ് ആണ്. നിർമിക്കുന്നവർ തന്നെയാണ് മോഡൽ.  എന്നാൽ കാടിറങ്ങി ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ ഇവർ തയാറല്ലായിരുന്നു. ഡൽഹി യാത്രയോടെ ഇതിനും മാറ്റമാവുകയാണ്.  പുതിയ വഴി തെളിച്ച് സ‍ഞ്ജുവും ഭർത്താവ് ഷിനിത്തുമാണ് ഡൽഹിയിലേക്ക് പോകുന്നത്. ആ വഴിയിലേക്ക് പ്രതീക്ഷയോടെ നോക്കി മറ്റുള്ളവരും കാത്തിരിക്കുന്നു. 

മക്രമെ കലയിൽ നിർമിച്ച മാലയണിഞ്ഞ് എച്ചിപ്പാറയിലെ രമ്യ
മക്രമെ കലയിൽ നിർമിച്ച മാലയണിഞ്ഞ് എച്ചിപ്പാറയിലെ രമ്യ

മക്രാമെ

പതിമൂന്നാം നൂറ്റാണ്ടിലെ അറബിക് നെയ്ത്തുകാരുടെ മക്രാമെ എന്ന നൂൽവിദ്യയാണ് ഈ മാലകളുടെ അടിസ്ഥാനം. നൂലുകളിൽ പല തരത്തിൽ കുരുക്കുകളിടുന്ന കലയാണ് മക്രാമെ. ജയ്പുരിൽ നിന്നാണ് മക്രാമെ ആർട്ടിനു ആവശ്യമായ നൂലുകൾ എത്തിക്കുന്നത്.  ഇവിടെ ലഭ്യമല്ലാത്ത പല വിത്തുകളും കർണാടകയിലെ ഊരുകളിൽ നിന്നും ഇടമലയാറിൽ നിന്നുമെല്ലാം എത്തിക്കുകയാണു പതിവ്. പല രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്ന കഴഞ്ചിക്കുരുവും മക്രാമെ കലയിൽ നൂലുകളോട് ചേർന്ന് ആഭരണങ്ങളാകാറുണ്ട്. സോപ്പ് പോലെ പതയുന്ന കായ് ആണ് സോപ്പുംകായ്. പുളീഞ്ചി എന്നും അറിയപ്പെടുന്നു.  സോപ്പുംകായും മക്രാമെ ആർട്ടിൽ ഉപയോഗിക്കാറുണ്ട്.

English Summary:

Forest-Inspired Macrame Jewelry: Macrame jewelry, handcrafted from forest seeds and fruits, showcases the beauty of Kerala's natural resources. Three women artisans from Thrissur are taking their unique creations to a national fair, representing the vibrant culture and skill of their community.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com