ADVERTISEMENT

മാഡ്രിഡ് ∙ അരനൂറ്റാണ്ടു മുൻപു സാന്റിയാഗോയിലെ ആശുപത്രിയിൽ ഉറക്കം വിട്ടു ഞെട്ടിയുണർന്ന കവി പാബ്ലോ നെരൂദ മരണഭയത്തോടെ ഫോണിൽ സഹായം തേടിയതിനു പിന്നിലെ ദുരൂഹതയുടെ വിഷപ്പുകയ്ക്ക് കനമേറുന്നു. 

അർബുദ ചികിത്സ തുടരുന്നതിനിടെ 1973 സെപ്റ്റംബർ 23നു മരിച്ച നെരൂദയുടെ ശരീരത്തിൽ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയ ഉണ്ടായിരുന്നെന്ന പുതിയ ഫൊറെൻസിക് പരിശോധനാഫലമാണ് നിഗൂഢതയിലേക്ക് വെളിച്ചം പകരുന്നത്. വിപ്ലവവും പ്രണയവും വിരഹവും വിഷാദവും നുരയുന്ന വരികളാൽ യുവതയുടെ ഹൃദയം കവർന്ന  കവിയെ ഭരണകൂട പിന്തുണയോടെ വകവരുത്തിയതാണെന്ന് അന്നുതന്നെ വാർത്ത പ്രചരിച്ചിരുന്നു.   

ചിലെയുടെ പ്രമുഖ നയതന്ത്രഉദ്യോഗസ്ഥൻ കൂടിയായിരുന്ന നൊബേൽ ജേതാവിന് ഏകാധിപതി അഗസ്റ്റോ പിനൊഷെ ഉൾപ്പെടെ വമ്പന്മാർ ശത്രുക്കളായിരുന്നു. പിനോഷെയെ പരസ്യമായി എതിർത്തിരുന്ന നെരൂദ (69) കൊലചെയ്യപ്പെട്ടതു തന്നെയാണെന്ന് അന്നു മുതൽ വിശ്വസിച്ചിരുന്ന ഉറ്റബന്ധു റൊഡോൾഫോ റെയെസാണ് ഫൊറെൻസിക് വെളിപ്പെടുത്തലുകൾ പങ്കുവച്ചത്. 

ചിലെ പ്രസിഡന്റായിരുന്ന ആത്മമിത്രം സാൽവദോർ അലൻഡെയെ അമേരിക്കയുടെ പിന്തുണയോടെ പട്ടാളം അധികാരഭ്രഷ്ടനാക്കി 12 ദിവസത്തിനു ശേഷമായിരുന്നു നെരൂദയുടെ മരണം. മരിക്കുന്നതിന് ഏതാനും മണിക്കൂർ മുൻപ് കവി ആശുപത്രിയിൽനിന്നു പരിഭ്രാന്തനായി വിളിച്ചിരുന്ന കാര്യം അദ്ദേഹത്തിന്റെ മുൻ ഡ്രൈവർ മാനുവൽ അറായയാണു 10 വർഷം മുൻപു വെളിപ്പെടുത്തത്. ഭൗതികാവശിഷ്ടം പുറത്തെടുത്തു പരിശോധിക്കണമെന്ന് കോടതി പിന്നാലെ ഉത്തരവിട്ടു. സാമ്പിളുകൾ 4 രാജ്യങ്ങളിലയച്ചു പരിശോധിച്ച ചിലെ സർക്കാർ, നെരൂദ കൊല്ലപ്പെട്ടതാകാനുള്ള സാധ്യതയേറെയാണെന്ന് 2015 ൽ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട്, 2017 ൽ രാജ്യാന്തര ശാസ്ത്രസംഘം അവരുടെ കണ്ടെത്തൽ പുറത്തുവിട്ടു: നെരൂദ മരിച്ചത് അർബുദം മൂലമല്ല! അദ്ദേഹത്തിന്റെ പല്ലിൽ ബോട്ടുലിസം എന്ന മാരകരോഗാവസ്ഥ ഉണ്ടാക്കുന്ന വിഷബാക്ടീരിയയുടെ അംശം ഉണ്ടായിരുന്നു. 

പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് പിനോഷെയുടെ പട്ടാളം ഇരച്ചെത്തിയപ്പോൾ അലൻഡെ ആത്മഹത്യ ചെയ്യുകയായിരുന്നു. തകർന്നുപോയ നെരൂദ മെക്സിക്കോയിൽ അഭയം തേടാനുറച്ചു. പക്ഷേ, ചിലെ വിടുന്നതിന്റെ തലേന്ന് ആംബുലൻസെത്തി അദ്ദേഹത്തെ ആശുപത്രിയിലാക്കി.

English Summary: Forensic study finds Chilean poet Pablo Neruda was poisoned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com