റുഷ്ദി വധശ്രമം: പ്രതി കുറ്റക്കാരൻ, ശിക്ഷ ഏപ്രിൽ 23ന്

Mail This Article
മെയ്വിൽ ∙ ഇന്ത്യൻ വംശജനായ പ്രമുഖ ഇംഗ്ലിഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി ഹാദി മതാർ (27) കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. ശിക്ഷ ഏപ്രിൽ 23ന് പ്രഖ്യാപിക്കും. പ്രതിക്ക് ചുരുങ്ങിയത് 25 വർഷത്തെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ഷട്ടോക്വയിൽ 2022 ഓഗസ്റ്റ് 12ന് പൊതുചടങ്ങിനിടെയാണു റുഷ്ദിയെ ന്യൂജഴ്സി നിവാസിയും ലബനീസ് വംശജനുമായ ഹാദി മതാർ കത്തി കൊണ്ട് 15 തവണ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് (77) വലതുകണ്ണിന്റെ കാഴ്ച നഷ്ടമായി. രണ്ടാഴ്ചയോളം നീണ്ട വിചാരണയിൽ റുഷ്ദി തന്നെയായിരുന്നു പ്രധാന സാക്ഷിമൊഴി നൽകിയത്. നടന്ന സംഭവത്തെപ്പറ്റിയും തുടർന്ന് നടന്ന ചികിത്സയെപ്പറ്റിയും അദ്ദേഹം വിശദമായി മൊഴി നൽകി.അതിവേഗം ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ മരണം സംഭവിക്കുമായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.
17 ദിവസം ആശുപത്രിയിൽ ചികിത്സ നടത്തിയ റുഷ്ദി 3 ആഴ്ച റീഹാബിലിറ്റേഷൻ കേന്ദ്രത്തിലും കഴിഞ്ഞു.വിധി പ്രഖ്യാപനം കേട്ട മതാറിന് ഭാവഭേദമുണ്ടായില്ല. എന്തൊക്കെയോ കുത്തിക്കുറിക്കുകയും പലപ്പോഴും ചിരിക്കുകയും ചെയ്തു. മൊഴി നൽകാൻ തയാറായില്ല. വിലങ്ങണിയിച്ച് കോടതിക്കു പുറത്തെത്തിച്ചപ്പോൾ പാലസ്തീനെ മോചിപ്പിക്കുക എന്ന് വിളിച്ചുപറഞ്ഞു.‘സേറ്റാനിക് വേഴ്സസ്’ എന്ന നോവലിൽ മതനിന്ദ ആരോപിച്ച് റുഷ്ദിയെ വധിക്കാൻ 1989 ൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടർന്ന് 10 വർഷത്തോളം റുഷ്ദിക്ക് ഒളിവിൽ കഴിയേണ്ടി വന്നിരുന്നു. 2006 ൽ നടത്തിയ പ്രസംഗത്തിനു പിന്നാലെ ഹിസ്ബുല്ലയും വധിക്കാൻ ഉത്തരവിട്ടിരുന്നു.