അബദ്ധം ചിലപ്പോൾ സുബദ്ധമായ് വരാം

Mail This Article
ബോയിങ് തോറ്റിടത്ത് സുനിത വില്യംസിനെ തിരികെ ഭൂമിയിലെത്തിച്ച സ്പേസ് എക്സിന്റെ വിജയം ഫാൽക്കൺ 9 റോക്കറ്റാണ്. ആ റോക്കറ്റാണ് ഡ്രാഗൺ പേടകത്തെ വിക്ഷേപിച്ചത്. പക്ഷേ, അടുത്തിടെ ചൊവ്വാ ഗ്രഹത്തിൽ പോകാനുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് റോക്കറ്റ് ആകാശത്തേക്കു കുതിക്കുന്നതിനിടയിൽ വെടി തീർന്നിരുന്നു. അതൊന്നും സാരമില്ല, ഒരു മാസത്തിനകം വീണ്ടും വിക്ഷേപിക്കും എന്നാണ് ഉടമ ഇലോൺ മസ്ക് പറഞ്ഞത്. ഏതു സംരംഭകർക്കും പഠിക്കാൻ അതിൽ ചിലതുണ്ട്.
ഫെയ്ൽ ഫാസ്റ്റ് ലേൺ ഫാസ്റ്റ് എന്നൊരു തത്വം ലോകമാകെ പ്രചരിക്കുന്നുണ്ട്. റോക്കറ്റ് പൊളിഞ്ഞാലും അതിൽ നിന്നു പഠിച്ച് അടുത്തത് വിക്ഷേപിക്കുക. പിള്ളേര് ഇറക്കുന്ന ചെറിയ സ്റ്റാർട്ടപ് കമ്പനികളുടെ തത്വവും ഇതാകുന്നു. മിക്കവാറുമെല്ലാം പൊളിയുകയും ചെയ്യും. വിജയിച്ച ബിസിനസ് മാത്രം കൊണ്ടിരുന്നാൽ പോരാ, വേറെയും വേണം എന്ന ചിന്തയിൽ നിന്നാണ് നമ്മുടെ നാട്ടിൽ അബദ്ധങ്ങളുടെ വരവ്. വിജയിച്ചത് സ്വർണ കച്ചവടമോ, തുണിക്കടയോ എന്തും ആവാം. പിന്നീട് ‘ഡൈവേഴ്സിഫിക്കേഷൻ’ വേണമെന്ന ചിന്ത വരുന്നു.
ചിലർ വിജയിച്ച ബ്രാൻഡ് പേരിൽ ഫ്ലാറ്റ് പണി തുടങ്ങുന്നു. ഇതിലേക്കിറങ്ങി പൊളിഞ്ഞ്, ചീത്തപ്പേരു വാങ്ങിച്ചെടുത്ത പലരുമുണ്ട്. അതുപേലെ തന്നെ വിജയിച്ചവരുമുണ്ട്. വേറെ ചിലർ അനുബന്ധ സാധനങ്ങൾക്ക് മറ്റെങ്ങും പോകേണ്ടെന്നു കരുതി കുറേ ലൊട്ടുലൊടുക്കുകളുടെ കച്ചവടം തുടങ്ങി. കച്ചവടം മോശമില്ലെങ്കിലും ചെരിപ്പും ബാഗും ബെൽറ്റും കോസ്മെറ്റിക്സും പോലുള്ള വ്യാപാരത്തിലെ മെനക്കേടു കൂലിക്ക് ഇണങ്ങുന്നതല്ല ലാഭ മാർജിൻ. ഛെ വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ടെന്നു ഒരു മുതലാളി തന്നെയാണു പറഞ്ഞത്.
വൻകിട ഹോട്ടലുകൾ സോഫ്റ്റ് ഓപ്പണിങ് നടത്തുന്നത് അബദ്ധം പറ്റാതിരിക്കാനാണ്. ഉദ്ഘാടനത്തിനു മുൻപ് കുറെപ്പേരെ ക്ഷണിച്ച് ഹോട്ടലിൽ താമസിപ്പിച്ച് തീറ്റ കൊടുത്ത് ഫീഡ്ബാക്ക് വാങ്ങും. പുതിയ മോഡൽ വണ്ടി ഇറക്കുന്നതിനു മുൻപ് ഒരുപാടു പേരെക്കൊണ്ട് ഓടിച്ചു നോക്കുന്നു. വൻകിട ഉപഭോക്തൃ കമ്പനികളുടെ ടെസ്റ്റ് മാർക്കറ്റിങ് കേന്ദ്രം കേരളമായത് വെറുതെയല്ല.
ഒടുവിലാൻ∙ മുടിയനായ പുത്രൻ വണ്ടി പ്രാന്തനായതിനാൽ ഗുണം പിടിക്കാൻ ഗാരിജ് ഇട്ടുകൊടുത്തു. ഏതാനും വർഷം കൊണ്ട് ഗാരിജ് പൂട്ടിക്കെട്ടി, പക്ഷേ, അതുകിടന്ന സ്ഥലത്തിനു വിലകയറി നഷ്ടം നികത്തി സംഗതി മുതലായി!