ദർശനയുടെ പെപ്പർ ചിക്കനും അനൂപിന്റെ ബീഫ് വരട്ടിയതും

Mail This Article
കഴിഞ്ഞ ആറു വർഷത്തോളമായി മിനിസ്ക്രീൻ രംഗത്തെ സജീവ സാന്നിധ്യമാണ് നടി ദർശന ദാസ്. ഇക്കഴിഞ്ഞ കാലയളവുകളിൽ എല്ലാം തന്നെ പ്രേക്ഷകർ ശ്രദ്ധിച്ച ഒരു കാര്യമാണ് ഒരു വ്യത്യാസവും സ്ലിം ബ്യൂട്ടി ഇമേജ് സൂക്ഷിക്കുന്ന ദർശനയുടെ സൗന്ദര്യം. യാതൊരു വിധ വർക്ക് ഔട്ടുകളും കൂടാതെ, ഇഷ്ടമുള്ള നോൺ വെജ് ഭക്ഷണം ആവശ്യത്തിന് താൻ കഴിക്കുന്നുണ്ടെന്നു ദർശന പറയുന്നു. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുക, വ്യത്യസ്ത രുചികൾ പരീക്ഷിക്കുക എന്നതൊക്കെത്തന്നെയാണ് ഏറ്റവും ഇഷ്ടമുള്ള ചില കാര്യങ്ങൾ. കൂട്ടത്തിൽ, ദർശനയുടെ പെപ്പർ ചിക്കനും ഭർത്താവ് അനൂപിന്റെ ബീഫ് വരട്ടിയതും ആണ് വീട്ടുകാർക്കിടയിൽ ഹിറ്റായ രുചികൾ. തന്റെ രുചികളെ പറ്റി ദർശന പറയുന്നതിങ്ങനെ...

ഒക്കേഷണൽ കുക്ക്
ഞാൻ ഒരിക്കലും ഒരു ഗംഭീര കുക്ക് ആണ് എന്ന് പറയാനാവില്ല. കാരണം അതിനുള്ള അവസരം ലഭിച്ചിട്ടില്ല. പാചകം ചെയ്യാൻ ഇഷ്ടമാണ്. അവസരം ഒത്തുവരുമ്പോൾ ചെയ്യാറുമുണ്ട്. അപ്പോൾ അമ്മയുടെ അടുക്കള കയ്യേറി ഉണ്ടാക്കാനുള്ളതൊക്കെ ഉണ്ടാക്കും . അതിൽ വെജ് , നോൺ വെജ് വേർതിരിവുകൾ ഒന്നുമില്ല. പക്ഷെ കൂടുതൽ ഇഷ്ടം നോൺ ഉണ്ടാക്കാനാണ്. കാരണം അത് ഫ്ലോപ്പ് ആവില്ല. നോൺ പാചകം അപ്പോഴത്തെ ഒരു മൂഡ് പോലെയാണ്.
പെപ്പർ ചിക്കൻ എക്സ്പേർട്ട്
ഞാൻ ഉണ്ടാക്കുന്ന വിഭവങ്ങളിൽ ഏറ്റവും കൂടുതൽ കയ്യടി ലഭിച്ചിരിക്കുന്നത് പെപ്പർ ചിക്കനാണ്. നല്ല നാടൻ ചിക്കൻ കുരുമുളക് ചേർത്തുണ്ടാക്കിയ പെപ്പർ ചിക്കൻ അധികമൊന്നും ഞാൻ പരീക്ഷിച്ചിട്ടില്ല. എന്നാൽ ഉണ്ടാക്കിയപ്പോഴൊക്കെ നല്ല അഭിപ്രായം കിട്ടിയ ഒരു വിഭവമായിരുന്നു അത്. ചിക്കനേക്കാൾ എനിക്ക് ഇഷ്ടം ബീഫ് ആണ്.

അനൂപിന്റെ കൈപുണ്യത്തിൽ ബീഫ് വരട്ടിയത്
ഞാനാണോ അനൂപാണോ നന്നായി പാചകം ചെയ്യുക എന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ ഞാൻ അനൂപിന്റെ പേര് പറയും. കാരണം അനൂപ് ഏറെ ആസ്വദിച്ചു പാചകം ചെയ്യുന്ന വ്യകതിയാണ്. എനിക്ക് പലപ്പോഴും പാചകം നിലനിൽപ്പിന്റെ മാത്രം ഭാഗമാണ്. നോൺ വെജ് വിഭവങ്ങളുടെ എക്സ്പേർട്ട് ആണ് അനൂപ് . കൂട്ടത്തിൽ നല്ല കുരുമുളകൊക്കെ ഇട്ടുണ്ടാക്കുന്ന ബീഫ് വരട്ടിയതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവമാണത്. എന്നാലോ, എനിക്കൊട്ട് ഉണ്ടാക്കാനും അറിയില്ല. അതിനാൽ അനൂപ് ഉണ്ടാക്കുമ്പോൾ ഞാൻ ആവോളം കഴിക്കും. ബീഫ് വരട്ടിയത് മാത്രമല്ല, ബീഫ് എങ്ങനെയുണ്ടാക്കിയാലും ഞാൻ കഴിക്കും.

അമ്മയുടെ പാചകം
വിവാഹം കഴിഞ്ഞു തൊടുപുഴയിൽ എത്തുമ്പോൾ തീരെ പാചകം വശമില്ലാത്ത ആളായിരുന്നു ഞാൻ. ഇപ്പോഴും വലിയ പാചകശ്രീ എന്നൊന്നും പറയാനാവില്ല. എന്നാൽ ആ പോരായ്മയൊന്നും കണക്കാക്കാതെ നല്ല രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരുന്ന ആളാണ് അനൂപിന്റെ 'അമ്മ. അമ്മയുടെ കൈപ്പുണ്യം ഒന്ന് വേറെ തന്നെയാണ്. നോൺ, വെജ് രുചികൾ ഒരുപോലെ തന്നെ അമ്മ പാചകം ചെയ്യും. അത് ആസ്വദിച്ചു കഴിക്കുക എന്നതാണ് പ്രധാന പരിപാടിയിപ്പോൾ.
അമിതമായി കഴിക്കില്ല,വണ്ണവും വയ്ക്കില്ല
വിവിധ തരം ഭക്ഷണം കഴിക്കാനും രുചികൾ പരീക്ഷിക്കാനും ഏറെ താല്പര്യമുള്ള വ്യക്തിയാണ് ഞാൻ. എന്ന് കരുതി എത്ര രുചികരമായ ഭക്ഷണമായാലും ഒരു പരിധിയിൽ കൂടുതൽ കഴിക്കില്ല. ശരീരത്തോടും നാം ഒരു കരുതൽ കാണിക്കണമല്ലോ, അതിനാൽ തന്നെ അമിതവണ്ണം എന്ന പ്രശ്നത്തിനും സ്ഥാനമില്ല.