മനസ്സറിഞ്ഞ് വിളമ്പൂ, ഭക്ഷണത്തിന്റെ മാജിക് കാണാം: രാജിനി ചാണ്ടി
Mail This Article
‘ഭക്ഷണം ഒരു മാജിക്കാണ്. മുംബൈ ജീവിതത്തിൽ സുഹൃത്തുക്കളും അവരുടെ മക്കളുമൊക്കെ എന്നെ ഓർക്കുന്നത് അവർക്ക് വിളമ്പിക്കൊടുത്തിട്ടുള്ള രുചികളിലൂടെയാവും. ഈസ്റ്ററിനും ക്രിസ്മസിനും അവർ വീട്ടിൽ വന്ന് ആഹാരം കഴിച്ചിട്ടുണ്ട്. അവരെ വെൽക്കം ചെയ്യുന്ന രീതി, അവർക്ക് സ്വന്തം വീട്ടിലെന്നപോലെയുള്ള സ്വാതന്ത്ര്യം ഒക്കെ ആയിരിക്കാം ഇപ്പോഴും ഓർമിക്കാൻ കാരണം. ഭക്ഷണവും നമ്മുടെ ആതിഥേയത്വവും മാജിക് തന്നെയാണ്. ലോക്ഡൗൺ സമയത്ത് പാചകവും വാചകവുമായി ഒരു യൂട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്.’ – രാജിനി ചാണ്ടി, ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ താരം, മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ്.
കുക്കിങ് പഠിച്ചത് അമ്മച്ചി ചെയ്യുന്നതു നോക്കിയാണ്. വീട്ടിൽ ഗെസ്റ്റ് വരുമ്പോൾ അമ്മച്ചി ചിലപ്പോൾ മീൻ വെട്ടിക്കൊണ്ടിരിക്കുകയാവും. അത് അവിടെ വച്ചിട്ട് അമ്മച്ചി പോകും ആ സമയത്ത് ആ മീൻ വെട്ടാൻ നോക്കും. ചിലപ്പോൾ കൈ മുറിയും. അപ്പോൾ അമ്മച്ചി ചീത്ത പറയും. എങ്കിലും മീൻ വെട്ടും. അങ്ങനെ ഏതു മീനും വെട്ടിയെടുക്കുന്നത് ഇപ്പോൾ നിസ്സാര ജോലിയാണ്.
ഭക്ഷണം തീരുന്നത് കാണുമ്പോൾ സന്തോഷം...
നമ്മൾ ഉണ്ടാക്കി വച്ച ഭക്ഷണം തീരുന്നതു കാണുമ്പോൾ എനിക്കു സന്തോഷമാണ്. കഴിക്കുന്നവർക്ക് ഇഷ്ടപ്പെട്ടതു കൊണ്ടാണല്ലോ അത് തീർന്നത്. എന്റെ അമ്മച്ചിയുടെ രീതിയിൽ നിന്നായിരിക്കും ഞങ്ങൾക്ക് പാചകത്തിൽ ഈ താത്പര്യം കിട്ടിയത്.
ഭക്ഷണം ഇഷ്ടപ്പെട്ടാൽ നല്ലതാണെന്നു പറയണം
നല്ല ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും നന്നായി കുക്ക് ചെയ്തേ പറ്റൂ. അങ്ങനെ ഭക്ഷണം ഉണ്ടാക്കിത്തരുമ്പോൾ അത് നല്ലതാണെങ്കിൽ അതു പറയണം. ഭക്ഷണം നല്ലതാണെന്ന് പലരും വീടുകളിൽ പറയാറില്ല. ഇപ്പോൾ വീട്ടമ്മമാർക്ക് സാലറി വേണമെന്ന ഒരു വാർത്ത കേട്ടിരുന്നു. സാലറിയെക്കാൾ പ്രധാനമാണ് നല്ല വാക്കുകൾ. ഉണ്ടാക്കിയ ഫുഡ് നല്ലതാണെന്നു മക്കൾ പറയുമ്പോൾ അതാണ് എനിക്ക് സാലറി.
ഡിന്നർ ഒരുമിച്ചിരുന്ന്
ഞങ്ങളുടെ വീട്ടിൽ ഡിന്നർ ഒരുമിച്ചാകണമെന്നതു നിർബന്ധമായിരുന്നു. അപ്പനും മക്കളും ഒരുമിച്ചിരുന്ന് കഞ്ഞി കുടിക്കുക എന്നത് ഒരു ശീലമായിരുന്നു. ഞങ്ങൾ ഇപ്പോഴും അങ്ങനെയാണ്.
മുംബൈയിൽ ഭർത്താവിന്റെ സുഹൃത്തുക്കൾ വീട്ടിൽ വരാറുണ്ടായിരുന്നു. അത് വർത്തമാനം പറയാൻ മാത്രമല്ല നല്ല ഫുഡ് കിട്ടും എന്ന് അവർക്കറിയാം അതുകൊണ്ടുകൂടിയാണ്. അത് മാത്രമല്ല, നമ്മൾ ഒരു ഗെസ്റ്റിനെ വെൽകം ചെയ്യുന്നതെങ്ങനെയന്നും അപ്പോൾ നമ്മുടെ മുഖത്തെ എക്‌സ്പ്രഷനുമൊക്കെ അവർ ശ്രദ്ധിക്കും. നമ്മുടെ മുഖത്ത് ഒരിഷ്ടക്കേട് കണ്ടു കഴിഞ്ഞാൽ അവർ പിന്നീട് വരില്ല.
നമ്മൾ ആരും ഈ ലോകത്തിലേക്ക് വന്നത് ഒന്നും പഠിച്ചിട്ടല്ല. നമ്മുടെ ചുറ്റുമുള്ള പലരിലും നല്ല ക്വാളിറ്റീസ് കാണാറുണ്ട്. പക്ഷേ പലപ്പോഴും ആളുകൾ മാതൃകയാക്കുന്നത് അവരെയാവില്ല. കുറേ മേക്കപ്പ് ഇട്ട് വിലകൂടിയ വസ്ത്രങ്ങൾ അണിഞ്ഞ് ഒരു മൊബൈലും പിടിച്ച് നടക്കുന്നതാണ് സോഫിസ്റ്റിക്കേഷൻ എന്ന് ചിന്തിക്കുന്നവരാണധികവും. പക്ഷേ ഒരു കോട്ടൺ സാരിയുടുത്തിട്ടായാലും സോഫിസ്റ്റിക്കേഷൻ ഉണ്ടാക്കാൻ പറ്റും. മുഖത്ത് മേക്കപ്പും വേണ്ട, ഒരു പുഞ്ചിരി മതി. നമ്മൾ നമ്മളെ ഒരാളുടെ മുൻപിൽ എങ്ങനെ പ്രസന്റ് ചെയ്യുന്നു എന്നാണ് നോക്കേണ്ടത്. എപ്പോഴും സന്തോഷത്തോടെയേ നടക്കാറുള്ളൂ. എത്ര ബുദ്ധിമുട്ടുകളുണ്ടെങ്കിലും ചിരിച്ച മുഖത്തോടെയേ മറ്റുള്ളവരോട് ഇടപെടാറുള്ളൂ. മറ്റുള്ളവർക്ക് എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിലും ഹാപ്പി ആയ ഒരു വ്യക്തിയെ കാണുമ്പേൾ അവർ അത് മറക്കും.
പാചകം ഒരു താത്പര്യമാണ്
എന്റെ മോൾ സീന മുംബൈയിൽ ജനിച്ചു വളർന്നതാണ് അവൾ ഒരു ദിവസം പോലും ജോലിക്കാർ ഇല്ലാതെ ജീവിച്ചിട്ടില്ല. പക്ഷേ അവൾക്ക് കുക്കിങ്ങിനോട് വലിയ താൽപര്യമാണ്. അവൾ ഇപ്പോൾ യുഎസ്എയിലാണ് അവിടെ ഉണ്ടാക്കുന്ന വിഭവങ്ങളെപ്പറ്റി കേട്ടാൽ ഞെട്ടിപ്പോകും. മുംബൈയിൽ ആയിരുന്ന സമയത്ത് അവലോസ് പൊടിയൊക്കെ അമ്മച്ചി ഉണ്ടാക്കി തന്നുവിടുകയാണ് പതിവ്. അവിടെ ഞാൻ ഇതൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നാൽ മോള് യുഎസ്എയിൽ എല്ലാ ക്രിസ്‌തുമസിനും കസിൻസിന്റെ പിള്ളേർക്കു വേണ്ടി അരി പൊടിച്ച് അവലോസ് പൊടിയും അവലോസ് ഉണ്ടയും ഉണ്ടാക്കാറുണ്ട്. അതൊക്കെ ഒരു താത്പര്യമാണ്. എന്തു കാര്യത്തിനാണെങ്കിലും നമുക്ക് ഒരു താത്പര്യം വേണം. ഇന്നത്തെ പിള്ളേർ ബിസിനസിനു വേണ്ടി പല വെറൈറ്റിയിലുള്ള കേക്കുകൾ ഉണ്ടാക്കാറുണ്ട്. ഫാമിലിക്കു വേണ്ടി ഭക്ഷണം തയാറാക്കാനാണ് ഇഷ്ടപ്പെടുന്നത്. പാർട്ടികൾ, ഫാമിലി ഗെറ്റ് ടുഗതർ ഒക്കെ നടത്തുമ്പോൾ തനിയെ ആണ് ഭക്ഷണം തയാറാക്കുന്നത്. പുറത്തു നിന്നുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ എനിക്ക് താൽപര്യമില്ല.
പാചകത്തിനൊപ്പം കണക്കും ഇഷ്ടം
എനിക്ക് മാത്‍സ് വളരെ ഇഷ്ടമാണ്. ഡ്രൈവ് ചെയ്യുന്ന സമയത്ത് ഗുണനപ്പട്ടികകൾ ഓരോന്നായി ചൊല്ലിക്കൊണ്ടിരിക്കും ഓരോ നമ്പറിന്റെയും സ്ക്വയർസ് 100 വരെ എനിക്ക് കാണാപ്പാഠമാണ്. നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ കുട്ടികളോട് ഇത് ഇങ്ങനെ പറഞ്ഞു കൊടുത്താൽ അവരതു കേട്ട് പെട്ടെന്ന് പഠിക്കും. പല പുതിയ കാര്യങ്ങളും പഠിക്കാൻ പ്രായം ഒരു തടസ്സമല്ല, ലോക്ഡൗൺ സമയത്ത് ഡ്രംസ് പഠിച്ചു. പ്രാക്ടീസും ചെയ്യുന്നുണ്ട്.
ഒരു മുത്തശ്ശി കഥ
ഒരു മുത്തശ്ശി കഥ എന്ന യൂട്യൂബ് ചാനൽ തുടങ്ങിയത് എനിക്ക് വളരെ സന്തോഷമാണ്. ഒരുപാട് പേര് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ കഴിഞ്ഞു. അമ്മച്ചി ഐ ലവ് യു, അമ്മച്ചിയുടെ മോളായി ജനിക്കണമെന്ന് ആഗ്രഹിക്കുന്നു എന്നൊക്കെയുള്ള കമന്റുകൾ കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നാറുണ്ട്. അതിൽ ഒരു മേക്കപ്പ് പോലും ഇടുന്നില്ല. എന്നിട്ടും ചിലരൊക്കെ എഴുതാറുണ്ട്, ഓ ആരോ ആണെന്നാണ് ഭാവം. സ്ത്രീകൾ തന്നെയാണ് ഇങ്ങനെയൊക്കെ എഴുതുന്നത്. ഒരു സാധാരണ മലയാളിക്ക് കിട്ടാത്ത ലൈഫ്സ്റ്റൈൽ എനിക്ക് കിട്ടി, അത് നിങ്ങളുടെ മുൻപിൽ പ്രസന്റ് ചെയ്‌ത് പൊങ്ങച്ചമാക്കി പറയുകയാണെങ്കിൽ നിങ്ങൾക്ക് പറയാം ആരോ ആണെന്ന ഭാവം ആണെന്ന്. അങ്ങനെയൊക്കെ കാണിച്ചിട്ട് എന്തു കിട്ടാനാ. വളരെ സിംപിൾ ആയാണ് വിഡിയോ അവതരിപ്പിക്കുന്നത് ആലുവയിലെ വീട്ടിൽ പാചകവും ജീവിത അനുഭവങ്ങളും ചെറിയ ചെറിയ വിഡിയോകളാക്കി ഭർത്താവ് വർഗീസ് ചാണ്ടിക്ക് ഒപ്പം ലൈഫ് ആസ്വദിക്കുകയാണ്.
പരീക്ഷിക്കുന്ന വിഭവങ്ങൾ ഉണ്ടാക്കി മറ്റുള്ളവരെ നിർബന്ധിച്ച് കഴിപ്പിക്കാറില്ല. വീട്ടിൽ വരുന്നവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഫുഡ് ഉണ്ടാക്കി കൊടുക്കാറാണ് ചെയ്യുന്നത്. ഞങ്ങൾ രണ്ടുപേരും അധികമൊന്നും കഴിക്കാറില്ല. മധുരത്തിനോടും വലിയ താൽപര്യമില്ല. ഇടനേരങ്ങളിൽ ഒന്നും കഴിക്കാറില്ല. അതൊക്കെ തന്നെ നമുക്ക് ഒരുപാട് ഗുണം ചെയ്യും.
പാചകത്തിന് അധിക സമയം വേണ്ട...
വീട്ടിൽ ആരെങ്കിലും വരുമെന്നറിയിച്ചാൽ തലേദിവസം തന്നെ എല്ലാം ഹാഫ് പ്രിപ്പെയർ ചെയ്‌തു വയ്ക്കും. പിറ്റേ ദിവസം അതിന്റെ ഫൈനൽ കാര്യങ്ങൾ ചെയ്താൽ മതിയാകും. ഒരിക്കലും ഗെസ്റ്റ് വന്നതിനു ശേഷം കുക്ക് ചെയ്യാറില്ല. അടുക്കളയിൽ കയറിക്കഴിഞ്ഞാൽ എന്തൊക്കെ ഉണ്ടാക്കണം എന്ന് ആദ്യം പ്ലാൻ ചെയ്യും. എല്ലാ വെജിറ്റബിൾസും അരിഞ്ഞു വച്ചതിനു ശേഷമേ ഗ്യാസ് ഓണാക്കാറുള്ളൂ. ഗ്യാസ് ഓഫ് ചെയ്യുമ്പോഴേക്കും പണി തീർന്നിരിക്കും. ഒരു ദിവസം രണ്ടര മണിക്കൂറിലധികം അടുക്കളയിൽ സമയം ചെലവഴിക്കാറില്ല. അരി കുതിർത്ത് കഴുകി പൊടിച്ച് വറുത്താണ് പാലപ്പവും പുട്ടും ഒക്കെ ഉണ്ടാക്കാറുള്ളത്, റെഡിമേഡ് പൊടികളൊന്നും ഉപയോഗിക്കാറില്ല.
വൈകുന്നേരം ഞങ്ങൾ കഞ്ഞിയും ചെറുപയറുമാണ് കഴിക്കുന്നത്. വലിയ തീറ്റക്കാരല്ല എന്നുള്ളതാണ് ഞങ്ങളുടെ മെയിൻ. ഞങ്ങൾക്ക് ഒരു മീൻ കറിയോ തോരനോ ഒക്കെ ധാരാളം. വീട്ടിൽത്തന്നെ ആവശ്യത്തിനുള്ള പച്ചക്കറിയൊക്കെ കൃഷി ചെയ്യും.
കൂർക്ക, അച്ചിങ്ങ, മാമ്പഴം ഇതൊക്കെ കൂടുതൽ കിട്ടുമ്പോൾ ഫ്രീസ് ചെയ്ത് സൂക്ഷിക്കും. കൂർക്കയൊക്കെ ആവിയിൽ വേവിച്ച് വയ്ക്കും. ആവശ്യത്തിനുള്ളത് എടുത്ത് ഉപയോഗിക്കും. കൂർക്ക നന്നായി കഴുകി അരിഞ്ഞ് തേങ്ങാക്കൊത്തും പച്ചമുളകും ഒക്കെ ഇട്ട് അപ്പച്ചെമ്പിൽ വച്ച് വേവിച്ച് ഓരോ ദിവസവും എടുക്കേണ്ടത് കണക്കാക്കി ബാഗിലാക്കി പായ്ക്ക് ചെയ്തു വയ്ക്കും. മാമ്പഴവും കുറച്ചു മുളക് പൊടിയും ഉപ്പും ഇട്ട് വേവിച്ച് ഓരോ പ്രാവശ്യവും എടുക്കാൻ തക്കവണ്ണം ഒരു ബാഗിലാക്കി സൂക്ഷിച്ചു വയ്ക്കും. ഒരു കുഴപ്പവുമില്ലാതെ ഒരു വർഷമൊക്കെ ഇരുന്നിട്ടുണ്ട്. ഇതുപോലെ പടവലങ്ങയും അച്ചിങ്ങയുമൊക്കെ തേങ്ങാ ചിരകി പച്ചമുളകും ഉള്ളിയുമൊക്കെ അരിഞ്ഞിട്ട് വെള്ളം ഒഴിക്കാതെ ആവിയിൽ വേവിച്ച് സൂക്ഷിക്കാം.
വീട്ടിൽ മീൻ കറിയാണ് കൂടുതലും ഉണ്ടാക്കുന്നത്. പിന്നെ ഉണ്ടാക്കുന്നത് കോഴി റോസ്റ്റ് ആണ്. ഇതൊക്കെ എന്റെ സ്റ്റൈലിൽ സിംപിളായി തയാറാക്കും.
English Summary : Food Talk with Actress Rajini Chandy