സ്വിഗ്ഗിയിൽ ഭക്ഷണമെത്തിക്കുന്നത് വാലിബന്റെ കാളവണ്ടി

Mail This Article
മോഹൻലാൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന 'മലൈക്കോട്ടെ വാലിബൻ' തിയേറ്ററിൽ എത്താൻ ഇനി മണിക്കൂറുകൾ മാത്രം. വേറിട്ട സിനിമകളെ മലയാളത്തിന് സമ്മാനിച്ച് എക്കാലവും പ്രേക്ഷകപ്രീതി നേടുന്ന ലിജോ ജോസ് പല്ലിശ്ശേരിയുടെ ആദ്യ മോഹൻലാൽ ചിത്രം എന്ന പ്രത്യേകതയും ഈ കാത്തിരിപ്പിന് ഒരു കാരണമാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ പ്രതീക്ഷ വാനോളം ഉയർത്തിയിട്ടുണ്ട്. പ്രമേയം കൊണ്ടുമാത്രമല്ല, പ്രമോഷൻ കൊണ്ടുകൂടി വ്യത്യസ്തമാവുകയാണ് 'മലൈക്കോട്ടെ വാലിബൻ'.
എയർപോർട്ടിലെ ഇന്റർനാഷനൽ അറൈവൽ ടെർമിനലിലെ ബാഗേജ് ഏരിയ അടക്കമുള്ള പലഭാഗങ്ങളിലും ചിത്രത്തിന്റെ മനോഹരമായ വലിയ പോസ്റ്ററുകൾ കാണാം. ഇതുകൂടാതെ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ, ഓർഡർ ചെയ്ത ഫുഡിന് കാത്തിരിക്കുമ്പോൾ വരുന്ന നോട്ടിഫിക്കേഷനിൽ വാലിബന്റെ വിശേഷങ്ങളറിയാമെന്നുള്ള ഓർമപ്പെടുത്തലും കാണാം. ഭക്ഷണ വിതരണ ആപ്പായ സ്വിഗ്ഗിയുടെ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സിറ്റികളിലാണ് ഈ പ്രൊമോഷൻ നടക്കുന്നത്. ഇതാദ്യമായാണ്, ഫുഡ് ഡെലിവറി ആപ്പിൽ ഒരു മലയാള ചിത്രത്തിന്റെ പ്രചരണം നടക്കുന്നത്.
സാങ്കേതികവിദ്യകളെ ഫലപ്രദമായി എങ്ങനെ പ്രമോഷന് ഉപയോഗിക്കാം എന്നതിന് മികച്ച ഉദാഹരണമാണ് വാലിബന്റെ അണിയറപ്രവർത്തകർ കാണിച്ചുതരുന്നത്. ബ്രാൻഡിങ്, പ്രൊമോഷൻ രംഗത്ത് ശ്രദ്ധേയരയായ കൊച്ചിയിലെ ലെനികോ സൊല്യൂഷൻസ് ആണ് ഈ ആശയാവിഷ്കാരത്തിന്റെ പിന്നിൽ. നേര് അടക്കമുള്ള ഒട്ടേറെ ചിത്രങ്ങളുടെ പ്രമോഷനിൽ വ്യത്യസ്തത കൊണ്ടുവന്ന് ഇവർ ശ്രദ്ധ നേടിയിരുന്നു.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പലതരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ് (അവരുടെ ആദ്യ നിർമാണത്തിൽ), സെഞ്ച്വറി ഫിലിംസ്, മാക്സ്ലാബ് സിനിമാസ് ആൻഡ് എന്റർടൈൻമെന്റ്സ്, യൂഡ്‌ലീ ഫിലിംസ് എന്നിവയും ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ഈ ചലച്ചിത്രം നിർമിച്ചിരിക്കുന്നത്.