മുതിരപ്പുഴുക്ക്, ചൂടു കഞ്ഞി... വേറേയൊന്നും വേണ്ട
Mail This Article
മുതിരപ്പുഴുക്ക്, ചൂടു കഞ്ഞിക്കൊപ്പം അല്ലെങ്കിൽ ചോറിന്റെ കൂടെ കഴിക്കാം...മഴക്കാലത്തു കഴിക്കാവുന്ന, ആരോഗ്യ ഗുണങ്ങൾ ധാരാളമുള്ള വിഭവമാണ് മുതിര.
ചേരുവകൾ
1. മുതിര /കൊള്ള് -1 കപ്പ്
2. സവാള -1 എണ്ണം
അല്ലെങ്കിൽ
ചെറിയ ഉള്ളി 15 തൊട്ടു 20 എണ്ണം
3. ചുവന്ന മുളക് - 7 എണ്ണം
4. നാളികേരം - 1 ചെറിയ കപ്പ്
5. കറിവേപ്പില
6. വെളിച്ചെണ്ണ-4 ടേബിൾ സ്പൂൺ
7. ഉപ്പ്
തയാറാക്കുന്ന വിധം
മുതിര നന്നായി വറുത്തെടുക്കണം.
ശേഷം നന്നായി കഴുകി കുറച്ച് വെള്ളം ഒഴിച്ചു 1/2 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
അതിനു ശേഷം പ്രഷർ കുക്കറിൽ ഇട്ട് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നന്നായി വേവിച്ചു എടുക്കുക. കുതിർത്തു വച്ച വെള്ളം ഒഴിച്ചു കൊടുത്തു വേവിക്കാം. നല്ലതു പോലെ വേവിച്ച് എടുക്കാൻ ശ്രദ്ധിക്കണം (8/9 വിസിൽ വേണ്ടി വരും ). ചുവന്ന മുളക് ഒന്ന് ചതച്ചെടുത്തു അതിലേക്കു സവാള /ചെറിയ ഉള്ളി ചേർത്ത് ഒന്നു കൂടി ചതച്ചെടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചതച്ച മുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് താഴ്ന്ന തീയിൽ വഴറ്റുക. അതിലേക്കു കുറച്ച് കറിവേപ്പില കൂടി ചേർത്തു വഴറ്റി എടുക്കാം. ഉള്ളി പച്ച മണം മാറിയാൽ അതിലേക്കു നാളികേരം ചിരകിയത് ചേർത്ത് ഒന്നു കൂടി വഴറ്റുക. അതിലേക്കു വേവിച്ച മുതിര വെള്ളത്തോടു കൂടി ഒഴിച്ച് നന്നായി ഇളക്കി വറ്റിച്ച് എടുക്കുക. കുഴഞ്ഞ രൂപത്തിലാണ് ഉണ്ടാവേണ്ടത്. അതിലേക്ക് അവസാനം കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി തീ അണയ്ക്കുക. 5 മിനിറ്റ് അടച്ചു വച്ച ശേഷം വേണം കഴിക്കാൻ.
English Summary : Horse gram recipe by Rohini Suresh.