ധോണിയുടെ ജഴ്സി നമ്പർ മറ്റാർക്കും കൊടുക്കരുതെന്ന് ആരാധകർ; വിരമിക്കുമോ 7

Mail This Article
ന്യൂഡൽഹി ∙ ഇതിഹാസത്തോടൊപ്പം 7–ാം നമ്പർ ജഴ്സിയും വിരമിക്കുമോ? ധോണി ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തോടു ബിസിസിഐ പ്രതികരിച്ചിട്ടില്ല. ഏകദിനത്തിലും ട്വന്റി20യിലും ധോണിയുടെ ജഴ്സി നമ്പറാണ് 7. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ വർഷം ജഴ്സി നമ്പർ അവതരിപ്പിച്ചപ്പോൾ ധോണിയുടെ 7–ാം നമ്പർ ആർക്കും കൊടുത്തിരുന്നില്ല.
ജൻമദിനമായ ജൂലൈ 7ന്റെ ഓർമയിലാണു ധോണി 7–ാം നമ്പർ കുപ്പായം തിരഞ്ഞെടുത്തതെന്നു പറയുന്നവരുണ്ട്. ധോണിയുടെ ഇഷ്ട ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസങ്ങളായ ജോർജ് ബെസ്റ്റ്, ഡേവിഡ് ബെക്കാം എന്നിവരുടെ ജഴ്സി നമ്പർ 7 ആയിരുന്നു. ധോണിക്ക് ഏറ്റവും പ്രിയപ്പെട്ട ഫുട്ബോൾ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സി നമ്പരും 7 ആണ്.
ധോണിക്കൊപ്പം 7–ാം നമ്പർ ജഴ്സിയെയും വിരമിക്കാൻ അനുവദിക്കണമെന്നു ദിനേശ് കാർത്തിക്, മുഹമ്മദ് കൈഫ്, മിതാലി രാജ് എന്നിവർ കഴിഞ്ഞ ദിവസം ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.
∙ ജഴ്സി നമ്പർ 10
സച്ചിൻ തെൻഡുൽക്കറുടെ ജഴ്സി നമ്പറായിരുന്ന 10 ഇപ്പോൾ ഇന്ത്യൻ ടീമിൽ ആരും ഉപയോഗിക്കുന്നില്ല. സച്ചിനുശേഷം ഷാർദൂൽ ഠാക്കൂർ 10–ാം നമ്പർ കുപ്പായത്തിൽ ഇറങ്ങിയെങ്കിലും ആരാധകർ രൂക്ഷമായി പ്രതികരിച്ചതോടെ ഷാർദൂലിനു ജഴ്സി ഊരേണ്ടിവന്നു. പിന്നീടാർക്കും ബിസിസിഐ 10–ാം നമ്പർ ജഴ്സി കൊടുത്തിട്ടുമില്ല.