സഞ്‍ജുവിനൊപ്പം ജയ്സ്വാളും പരാഗും തുടരും; ജോസ് ബട്ലർ രാജസ്ഥാൻ വിടുമോ? ചെഹൽ ആർടിഎം
Mail This Article
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലേക്ക് ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പടെയുള്ള മൂന്ന് ഇന്ത്യൻ താരങ്ങളെ നിലനിർത്താൻ തീരുമാനിച്ച് രാജസ്ഥാൻ റോയൽസ്. സഞ്‍ജുവിനൊപ്പം യശസ്വി ജയ്സ്വാൾ, റിയാൻ പരാഗ് എന്നിവരെ നിലനിർത്താനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. അതേസമയം ഇംഗ്ലണ്ട് ട്വന്റി20 ടീം ക്യാപ്റ്റൻ ജോസ് ബട്‍ലറെ നിലനിർത്തണമോയെന്ന കാര്യത്തിൽ രാജസ്ഥാൻ അന്തിമ തീരുമാനമെടുത്തിട്ടില്ല. ലേലത്തിൽ പോയാൽ ബട്‍ലറിനു വേണ്ടി ടീമുകൾ കോടികൾ എറിഞ്ഞു പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്.
ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്ത ശേഷമാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസിനൊപ്പം ചേർന്നത്. ദ്രാവിഡിന് കീഴിൽ രണ്ടാം കിരീടം വിജയിക്കാമെന്ന സ്വപ്നവും സഞ്ജു സാംസൺ നയിക്കുന്ന ടീമിനുണ്ട്. പ്രധാന താരങ്ങളെ ടീമിനൊപ്പം നിർത്തി, കരുത്തുറ്റ പുതുമുഖങ്ങളെ റോയൽസിലെത്തിക്കാനാണു ടീം ശ്രമിക്കുന്നത്. സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനായി റൈറ്റ് ടു മാച്ച് സംവിധാനം രാജസ്ഥാൻ ഉപയോഗിച്ചേക്കും.
നിലനിർത്തിയില്ലെങ്കിൽ ആർടിഎമ്മിലൂടെ ബട്‍ലറെയും സ്വന്തമാക്കാനാകും റോയൽസിന്റെ ശ്രമം. വെറ്ററൻ പേസർ സന്ദീപ് ശർമയെ നാലു കോടി രൂപ നൽകി ‘അൺക്യാപ്ഡ്’ താരമാക്കി നിലനിർത്താൻ രാജസ്ഥാൻ ശ്രമിക്കുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നിലനിർത്തുന്ന താരങ്ങൾ ആരൊക്കെയെന്നു തീരുമാനിക്കാന്‍ ടീമുകള്‍ക്ക് ഒക്ടോബർ 31വരെയാണു സമയം അനുവദിച്ചിരിക്കുന്നത്.