തോൽവിയുടെ വക്കിൽ രക്ഷകരായി അസ്ഹർ, അതിഥി താരങ്ങൾ, വാലറ്റം; രഞ്ജിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് വിജയത്തോളം പോന്നൊരു സമനില!

Mail This Article
തിരുവനന്തപുരം ∙ തോൽവിയുടെ വക്കിലും ‘സമനില’ തെറ്റാതെ കരുത്തോടെ പ്രതിരോധിച്ചുനിന്ന കേരളത്തിന്, രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മധ്യപ്രദേശിനെതിരെ വിജയത്തോളം പോന്നൊരു സമനില. വിജയത്തിനായി അവസാന പന്തുവരെ ആവനാഴിയിലെ സർവ ആയുധങ്ങളുമെടുത്ത് പൊരുതിയ മധ്യപ്രദേശിനെ, വാലറ്റക്കാരുടെ സഹായത്തോടെ പ്രതിരോധിച്ചുനിന്ന അതിഥി താരങ്ങളായ ആദിത്യ സർവതെ (80), ബാബ അപരാജിത് (പുറത്താകാതെ 26) എന്നിവരാണ് കേരളത്തിന് സമനില സമ്മാനിച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ (68), ജലജ് സക്സേന (32) എന്നിവരുടെ പ്രകടനവും നിർണായകമായി.
ആകെ നാലു റൺസ് മാത്രമേ നേടിയുള്ളൂവെങ്കിലും, നിർണായക ഘട്ടത്തിൽ 35 പന്തുകൾ വിജയകരമായി പ്രതിരോധിച്ച എം.ഡി. നിധീഷിന്റെ പ്രതിരോധവും ‘സമനില’ തെറ്റാതെ പിടിച്ചുനിൽക്കാൻ കേരളത്തിന് സഹായകമായി. ഇതോടെ, ഒന്നാം ഇന്നിങ്സിൽ നേടിയ ഏഴു റൺസിന്റെ നേരിയ ബലത്തിൽ കേരളത്തിനു ബോണസ് പോയിന്റും ലഭിച്ചു. സ്കോർ: മധ്യപ്രദേശ് – 160 & 369/8 ഡിക്ലയേർഡ്, കേരളം – 167/9 & 268/8.
130 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 80 റൺസെടുത്ത ആദിത്യ സർവതെയാണ് കേരളത്തിന്റെ ടോപ് സ്കോറർ. മുഹമ്മദ് അസ്ഹറുദ്ദീൻ 164 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 68 റൺസെടുത്തു. രോഹൻ കുന്നുമ്മൽ (8), ഷോൺ റോജർ (ഒന്ന്), സച്ചിൻ ബേബി (3), സൽമാൻ നിസാർ (5) എന്നിവർ നിരാശപ്പെടുത്തി. അക്ഷയ് ചന്ദ്രൻ 24 റൺസെടുത്തു. മധ്യപ്രദേശിനായി കുമാർ കാർത്തികേയ സിങ്, കുൽദീപ് സെൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആര്യൻ പാണ്ഡെ, സാരാൻഷ് ജെയിൻ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ആറ് ഓവർ ബോൾ ചെയ്ത ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല.
∙ ‘വാലിൽക്കുത്തി’ കേരളം
363 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കേരളം, അവസാന ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 44 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എന്ന നിലയിലായിരുന്നു. 30.1 ഓവർ ആകുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ കേരളത്തിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് 47 റൺസ് മാത്രം. 74 ഓവറോളം ബാക്കിനിൽക്കെ അഞ്ച് വിക്കറ്റുമായി രണ്ടു സെഷനുകളാണ് കേരളം പിടിച്ചുനിൽക്കേണ്ടിയിരുന്നത്. തോൽവി മുന്നിൽക്കണ്ട നിമിഷം.
അവിടെനിന്ന് മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് കേരളം രക്ഷാപ്രവർത്തനം ആരംഭിച്ചത്. അസ്ഹറുദ്ദീൻ 164 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം നേടിയത് 68 റൺസ്. ജലജ് സക്സേയുടെ ഉറച്ച പിന്തുണയും അസ്ഹറിനു ലഭിച്ചു. സക്സേന 67 പന്തിൽ നാലു ഫോറുകളോടെ 32 റൺസെടുത്തു. ആറാം വിക്കറ്റിൽ 157 പന്തുകൾ പ്രതിരോധിച്ചുനിന്ന ഇരുവരും സ്കോർബോർഡിൽ എത്തിച്ചത് 74 റൺസ്.
സക്സേന പുറത്തായെങ്കിലും ഉറച്ച പ്രതിരോധവുമായി ആദിത്യ സർവതെ എത്തിയതോടെ കേരളം വീണ്ടും പാറപോലെ ഉറച്ചു. ഇത്തവണ 151 പന്തുകളാണ് ഇരുവരും പ്രതിരോധിച്ചത്. അടിച്ചെടുത്തത് 90 റൺസും. സ്കോർ 211ൽ നിൽക്കെ ഏഴാമനായി അസ്ഹറുദ്ദീനും പുറത്തായതോടെ കേരളം വീണ്ടും അപകടം മണത്തു. അതോടെ എട്ടാം വിക്കറ്റിൽ ആദിത്യ സർവതെ – ബാബ അപരാജിത് കൂട്ടുകെട്ട് രക്ഷകരായി. 53 പന്തുകൾ മധ്യപ്രദേശിനെ പ്രതിരോധിച്ച ഇരുവരും 37 റൺസും നേടി.
സർവതെ 130 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 80 റൺസുമായി പുറത്തായതോടെ വീണ്ടും അപായമണി മുഴങ്ങി. 2 വിക്കറ്റ് കയ്യിലിരിക്കെ ബാക്കിയുണ്ടായിരുന്നത് 14 ഓവർ. ബാബ അപരാജിതിനൊപ്പം ഉറച്ച പ്രതിരോധം തീർത്ത് എം.ഡി. നിധീഷ് കൂട്ടുനിന്നതോടെ കേരളം അപകടം ഒഴിവാക്കി. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ബാബ – നിധീഷ് സഖ്യം 82 പന്തുകളാണ് വിജയകരമായി പ്രതിരോധിച്ചത്. 20 റൺസും കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ടു പൊളിക്കാൻ മധ്യപ്രദേശിന് സാധിക്കാതെ പോയതോടെ ബോണസ് പോയിന്റ് സഹിതം കേരളത്തിന് സമനില.
∙ തിരിച്ചടിച്ച് മധ്യപ്രദേശ്
നേരത്തേ ഒന്നാം ഇന്നിങ്സിൽ ഏഴു റൺസിന്റെ നേരിയ ലീഡ് വഴങ്ങിയ മധ്യപ്രദേശ്, രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിങ്ങിലൂടെയാണ് കേരളത്തിനു മുന്നിൽ ശക്തമായ വിജയലക്ഷ്യം ഉയർത്തിയത്. രണ്ടാം ഇന്നിങ്സിൽ മധ്യപ്രദേശ് 101 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 369 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ ബോളിങ് ആക്രമണത്തിനു മുന്നിൽ തകർന്ന് 160 റൺസിന് പുറത്തായ മധ്യപ്രദേശിന്, രണ്ടാം ഇന്നിങ്സിൽ മൂന്ന് അർധസെഞ്ചറികളാണ് മികച്ച സ്കോർ സമ്മാനിച്ചത്.
142 പന്തിൽ 11 ഫോറുകളോടെ 92 റൺസെടുത്ത രജത് പാട്ടിദാറാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ശുഭം ശർമ (120 പന്തിൽ ഏഴു ഫോറുകളോടെ 54), വെങ്കടേഷ് അയ്യർ (70 പന്തിൽ രണ്ടു ഫോറും ആറു സിക്സും സഹിതം പുറത്താകാതെ 80) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ആവേശ് ഖാൻ 45 പന്തിൽ രണ്ടു ഫോറുകൾ സഹിതം 21 റൺസുമായി പുറത്താകാതെ നിന്നു. കേരളത്തിനായി എൻ.പി. ബേസിൽ 32 ഓവറിൽ 117 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ജലജ് സക്സേന 22 ഓവറിൽ 95 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. എം.ഡി. നിധീഷ്, ആദിത്യ സർവാതെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തേ, ഒന്നാം ഇന്നിങ്സിൽ മധ്യപ്രദേശിനെതിരെ കേരളം 7 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച കേരളം നാലിന് 62 എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് കഷ്ടിച്ച് ലീഡ് നേടിയത്. സൽമാൻ നിസാറും (36) മുഹമ്മദ് അസ്ഹറുദീനുമാണ്(34) കേരളത്തെ നിർണായക ലീഡിലേക്കു നയിച്ചത്.