ഈജിപ്തിൽ നിന്നൊരു സൂപ്പർ താരം (സലാ അല്ല!)

Mail This Article
ലണ്ടൻ ∙ ഈജിപ്ഷ്യൻ ഫുട്ബോൾ എന്നു കേൾക്കുമ്പോൾ മുഹമ്മദ് സലാ എന്നു കണ്ണുംപൂട്ടി ചേരുംപടി ചേർത്തിരുന്നവർ ചെറുതായൊന്നു കണ്ണു തുറക്കുക! ഇതാ സലായുടെ പിൻഗാമിയായി മറ്റൊരു ഈജിപ്ഷ്യൻ താരം ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ വരവറിയിച്ചിരിക്കുന്നു. സലാ മിന്നിത്തിളങ്ങുന്ന ചുവപ്പൻ ലിവർപൂൾ ജഴ്സിയിലില്ല, മാഞ്ചസ്റ്റർ സിറ്റിയുടെ ആകാശനീല ജഴ്സിയിലാണ് ഈ താരത്തിന്റെ അരങ്ങേറ്റം.
പേര്: ഒമർ മർമൂഷ്. വയസ്സ്: 26. ക്ലബ്ബിനായി ഫസ്റ്റ് ഇലവനിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഹാട്രിക്കുമായി മർമൂഷ് മിന്നിയതോടെ ലീഗിൽ തിരിച്ചുവരവ് സ്വപ്നം കാണുന്ന മാഞ്ചസ്റ്റർ സിറ്റി ആരാധകർ ആവേശത്തിലാണ്. ന്യൂകാസിലിനെതിരെ ശനിയാഴ്ച രാത്രി നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 13 മിനിറ്റുകളുടെ ഇടവേളയിലാണ് സ്ട്രൈക്കറായ മർമൂഷ് 3 ഗോളും നേടിയത്. മത്സരത്തിൽ സിറ്റി ജയിച്ചത് 4–0ന്.
പ്രിമിയർ ലീഗ് ആരാധകർക്ക് അത്ര പരിചിതനല്ലെങ്കിലും ജർമനിയിൽ മർമൂഷ് സുപരിചിതനാണ്. ബുന്ദസ്‌ലിഗ സീസണിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനു വേണ്ടി 15 ഗോളുകൾ നേടി മിന്നി നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ മാസം ഇടക്കാല ട്രാൻസ്ഫറിൽ സിറ്റിയിലെത്തുന്നത്. ഏകദേശം 643 കോടി രൂപയ്ക്ക് മർമൂഷിനെ ടീമിലെടുത്ത സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ തീരുമാനം സമയോചിതമായെന്നു പറയാം. സ്ഥിരം ഗോൾസ്കോറർ എർലിങ് ഹാളണ്ട് കുറച്ചു മങ്ങി നിൽക്കുമ്പോഴാണ് മർമൂഷിന്റെ വരവ്. ബുധനാഴ്ച ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ പ്ലേഓഫ് രണ്ടാം പാദത്തിൽ റയൽ മഡ്രിഡിനെ നേരിടാനിറങ്ങുന്ന സിറ്റിക്ക് മർമൂഷിന്റെ ഫോമിനോളം വലിയൊരു ശുഭവാർത്തയില്ല. ആദ്യപാദത്തിൽ സിറ്റി 3–2നു പരാജയപ്പെട്ടിരുന്നു.
കയ്റോയിൽ 1999 ഫെബ്രുവരി 7നു ജനിച്ച മർമൂഷ് പ്രഫഷനൽ കരിയർ തുടങ്ങിയത് വാദി ദെഗ്‌ല നിർമാണ കമ്പനിക്കു കീഴിലുള്ള വാദി ദെഗ്‌ല സ്പോർട്ടിങ് ക്ലബ്ബിലൂടെയാണ്. ക്ലബ്ബിനു വേണ്ടി ഒരു സീസൺ കളിച്ചപ്പോഴേക്കും ജർമൻ ക്ലബ്ബുകളിൽ നിന്നു വിളിയെത്തി. മാതാപിതാക്കൾക്ക് കനേഡിയൻ പൗരത്വവുമുള്ളതിനാൽ രാജ്യാന്തര ഫുട്ബോളിൽ കാനഡയ്ക്കു വേണ്ടിയും കളിക്കാമായിരുന്നെങ്കിലും മർമൂഷ് തിരഞ്ഞെടുത്തത് ജന്മനാടായ ഈജിപ്തിനെത്തന്നെ.
ദേശീയ ടീമിനു വേണ്ടി ഇതുവരെ 35 മത്സരങ്ങളിലായി 6 ഗോളുകൾ നേടി. പ്രിമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ സലായുടെ ഒപ്പമെത്താൻ മർമൂഷ് അതിവേഗം ബഹുദൂരം സഞ്ചരിക്കണം എന്നുറപ്പ്. ആ വഴിയേ മുന്നേറാനുള്ള കരുത്ത് തന്റെ ബൂട്ടുകൾക്കുണ്ടെന്ന് മർമൂഷ് സൂചന നൽകിക്കഴിഞ്ഞു.