മൃഗസ്നേഹിയാണല്ലേ, ഇഷ്ടപ്പെട്ട പങ്കാളിയെക്കിട്ടാൻ ഇത്തിരി വിഷമിക്കും

Mail This Article
ഇഷ്ടപ്പെട്ട സിനിമ, ഭക്ഷണം, യാത്രകളോടുള്ള ഇഷ്ടം, രാഷ്ട്രീയ നിലപാടുകൾ, മാതാപിതാക്കളുടെ കാഴ്ചപ്പാടുകൾ തുടങ്ങി നൂറുകാര്യങ്ങളിലെ പൊരുത്തം നോക്കിയാണ് പണ്ടൊക്കെ പങ്കാളികളെ പലരും തിരഞ്ഞെടുത്തിരുന്നത്. എന്നാൽ പുതിയ ലോകത്ത് ഓമനമൃഗങ്ങളും പ്രണയബന്ധത്തെ സ്വാധീനിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ഡേറ്റ് തുടങ്ങുന്നതിനു മുൻപ് പങ്കാളിയും മൃഗസ്നേഹിയാണോയെന്ന് ഉറപ്പു വരുത്തുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് ഡേറ്റിങ് ട്രെൻഡുകൾ സൂചിപ്പിക്കുന്നത്. ബാക്കിയെന്തൊക്കെ കാര്യത്തിൽ പൊരുത്തമുണ്ടെങ്കിലും പങ്കാളിക്ക് മൃഗങ്ങളെ ഇഷ്ടമല്ലെങ്കിൽ ആ ബന്ധത്തോട് തന്നെ ബൈ പറയാനും പലർക്കും മടിയില്ല.
ഡേറ്റിങ് സൈറ്റിലെ പ്രൊഫൈലുകളിലും ബയോകളിലും വളർത്തുമൃഗങ്ങളോപ്പമുള്ള ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കുന്നവർ പങ്കാളിയാകാൻ പോകുന്നയാളിനായി കാത്തുവയ്ക്കുന്ന ആദ്യത്തെ ചോദ്യം 'നിങ്ങൾക്ക് വളർത്തു മൃഗങ്ങളെ ഇഷ്ടമാണോ എന്നാണ്?'. ആണെന്നാണ് ഉത്തരമെങ്കിൽ അടുത്ത ചോദ്യം 'നിങ്ങളുടെ വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടോയെന്നാണ്'. വീട്ടിൽ വളർത്തുമൃഗങ്ങൾ ഇല്ലെങ്കിലും മൃഗങ്ങളെ വളർത്താൻ ആഗ്രഹമുണ്ടെന്നാണ് ഉത്തരമെങ്കിൽപ്പോലും അത്തരക്കാർക്ക് ഡേറ്റിങ്ങിന് പാസ്മാർക്ക് കിട്ടാനുള്ള സാധ്യതയുണ്ടെന്നും റിലേഷൻഷിപ് വിദഗ്ധർ പറയുന്നു.
പരസ്പരം ആദ്യം സംസാരിച്ചു തുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും വളർത്തുമൃഗങ്ങളെക്കുറിച്ചുള്ള ഇഷ്ടം സഹായിക്കുമെന്നും. വളരെപ്പെട്ടന്നു തന്നെ പരസ്പരം മനസ്സിലാക്കാനും ബന്ധം മുന്നോട്ടു കൊണ്ടുപോകണോ, അവസാനിപ്പിക്കണോയെന്ന് മനസ്സിലാക്കാനും ഇത്തരം സംസാരങ്ങൾ സഹായിക്കുമെന്നുമാണ് ഡേറ്റിങ് സൈറ്റിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്