ADVERTISEMENT

ഒട്ടേറെ ഇന്ത്യൻ യുദ്ധവീരൻമാരുടെ സമാനതകളില്ലാത്ത ധീരതയുടെയും  തിളക്കമാർന്ന രക്തസാക്ഷിത്വങ്ങളുടെയും ജ്വലിക്കുന്ന ഏടാണ്  കാർഗിൽ. 1999ൽ തീവ്രപോരാട്ടം നടന്ന ആ കുന്നിൻമുകൾ ബത്ര ടോപ് എന്നാണ് അറിയപ്പെടുന്നത്. അതെ പാകിസ്ഥാൻ സേനയോട് പോരാടി വീരമൃത്യു വരിച്ച കാർഗിൽ യുദ്ധ വീരൻ ക്യാപ്റ്റൻ വിക്രം ബത്രയുടെ ഓർമയ്ക്കാണ് ആ പ്രദേശത്തിന് നാമകരണം ചെയ്തിരിക്കുന്നത്.

ക്യാപ്റ്റൻ വിക്രം ബത്രയുടെ 'യേ ദിൽ മാംഗേ മോർ' എന്ന മുദ്രാവാക്യം(ഒരു ജനപ്രിയ സോഫ്റ്റ് ഡ്രിങ്ക് പരസ്യ മുദ്രാവാക്യമായിരുന്നു, 1999-ലെ കാർഗിൽ യുദ്ധകാലത്ത് ക്യാപ്റ്റൻ വിക്രം ബത്ര തൻ്റെ വിജയസൂചകമായി ഈ വാചകം സ്വീകരിച്ചു) കാർഗിൽ കൊടുമുടികളിൽ നിന്ന് ഇപ്പോഴും പ്രതിധ്വനിക്കുന്നുണ്ടെന്നാണ്  ഇരട്ടസഹോദരൻ  വിശാൽ ബത്ര ആവേശത്തോടെ പറയുന്നത്. വീര രക്തസാക്ഷിത്വത്തിന്റെ സ്മരണകളുമായി അദ്ദേഹം ഒരു തീർഥാടനം പോലെ ഒന്നിടവിട്ട വര്‍ഷങ്ങളിൽ കാർഗിലിലേക്ക് എത്തിച്ചേരും.

രക്തസാക്ഷിത്വത്തിനുശേഷം ദ്രാസിലെ കടുവ, കാർഗിൽ സിംഹം, കാർഗിൽ ഹീറോ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ബത്ര ഹിമാചൽപ്രദേശിലെ പാലംപുരിലുള്ള ഘുഗ്ഗറിലാണ്  ജനിച്ചത്.ചെറുപ്രായത്തിൽ തന്നെ സൈനികനാകുക എന്നതായിരുന്നു അദ്ദേഹത്തിന്‌റെ ആഗ്രഹം. അധ്യാപക ദമ്പതികളുടെ മകനായി ജനിച്ച വിക്രം ടേബിൾ ടെന്നിസ്, കരാട്ടെ തുടങ്ങിയവയിൽ പ്രാവീണ്യം നേടി.

kargil-war-1999

ബത്ര സൈന്യത്തെ സ്വപ്നം കണ്ടു തുടങ്ങിയത് ഇക്കാലത്താണ്. 1995ൽ കോളജ് പഠനകാലയളവിൽ തന്നെ ഹോങ്കോങ്ങിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ മർച്ചന്‌റ് നേവി ഓഫിസറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. എന്നാൽ രാജ്യസേവനം എന്ന സ്വപ്‌നം പൂർത്തീകരിക്കാനായി അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു.

ഇന്ത്യൻ മേഖലയിലേക്ക് അതിക്രമിച്ചു കടന്ന പാക്കിസ്ഥാനെതിരെയുള്ള തിരിച്ചടിയാണ് കാർഗിൽ യുദ്ധമായി മാറിയത്. രണ്ട് ആണവശക്തികൾ തമ്മിൽ നടന്ന യുദ്ധമെന്ന നിലയിൽ ലോകരാജ്യങ്ങളുടെ ശ്രദ്ധ നേടിയ യുദ്ധമായിരുന്നു കാർഗിൽ. ഭൗമനിരപ്പിൽ നിന്ന് അനേകായിരം അടി വരെ പൊക്കമുള്ള ചെങ്കുത്തായ മലമ്പ്രദേശത്തു നടന്ന യുദ്ധം ലോകയുദ്ധചരിത്രത്തിലെ തന്നെ ഏറ്റവും ദുർഘടമായ പോരാട്ടങ്ങളിലൊന്നുമായിരുന്നു. 

കാർഗിൽ യുദ്ധം തുടങ്ങി ഒരുമാസം പിന്നിട്ടശേഷമാണ് ബത്രയുടെ ബറ്റാലിയൻ അതിൽ അണിചേർന്നത്. 1999 ജൂൺ 19ന് അതിനിർണായകമായ ഒരു വിജയം ബത്രയും ബറ്റാലിയനും ഇന്ത്യയ്ക്ക് നേടിത്തന്നു.ഇതിനു ശേഷം മുഷ്‌കോഹ് വാലിയിലുള്ള പോയിന്‌റ് 4875 എന്ന പതിനേഴായിരം അടി പൊക്കമുള്ള മേഖല പിടിക്കാനായി ബത്രയുടെയും സംഘത്തിന്‌റെയും ശ്രമം. എൺപതു ഡിഗ്രി ചരിവുള്ള ഇങ്ങോട്ടേക്കുള്ള യാത്ര ദുർഘടമായിരുന്നു.കാലാവസ്ഥ തീർത്തും പ്രതികൂലം. പനികൊണ്ടവശനായ ബത്രയ്ക്ക് കമാൻഡിങ് ഓഫിസർ വിശ്രമം അനുവദിച്ചു. പോയിന്‌റ് 4875 ഇന്ത്യൻ സേനാംഗങ്ങൾ പിടിച്ചെങ്കിലും താമസിയാതെ പാക്ക് പ്രത്യാക്രമണം തുടങ്ങി. ഇതോടെ പനിക്കിടക്ക വിട്ടെഴുന്നേറ്റ ബത്ര യുദ്ധരംഗത്തേക്കു കുതിച്ചു. വിശ്രമമെടുത്തോളൂ എന്ന കമാൻഡിങ് ഓഫിസറുടെ നിർദേശം അദ്ദേഹം സ്‌നേഹപൂർവം നിരാകരിച്ചു.

പോയിന്‌റ് 4875ൽ അദ്ദേഹം വീരോചിതമായി പോരാടി. എന്നാൽ ഇതിനിടെ പാക്ക് ആക്രമണത്തിൽ അദ്ദേഹത്തിനു പരുക്കുപറ്റി.

ഇതിനിടെ കൂട്ടത്തിലുള്ള മറ്റൊരു സൈനികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അദ്ദേഹം ശത്രുദൃഷ്ടികളിൽ പെടുകയും പാക്ക് സൈനികരുടെ ആക്രമണത്തിൽ അദ്ദേഹത്തിനു ഗുരുതര പരുക്ക് പറ്റുകയും ചെയ്തു. താമസിയാതെ അദ്ദേഹം വീരചരമമടഞ്ഞു. എന്നാൽ അദ്ദേഹത്തിന്‌റെ ബറ്റാലിയൻ അംഗങ്ങൾ പോയിന്‌റ് 4875 കീഴടക്കുക തന്നെ ചെയ്തു.പിൽക്കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക ബഹുമതിയായ പരംവീർചക്ര ക്യാപ്റ്റൻ വിക്രം ബത്രയ്ക്കു നൽകപ്പെട്ടു.

kargil-vijay-diwas

വിക്രം ബത്രയുടെ കഥ പശ്ചാത്തലമാക്കി 2021ൽ ഷേർഷാ എന്ന ഹിന്ദി ചിത്രം പുറത്തിറങ്ങിയിരുന്നു. സിദ്ധാർഥ് മൽഹോത്രയാണ് ക്യാപ്റ്റൻ വിക്രമിന്‌റെ റോൾ അതിൽ ചെയ്തത്.2003ൽ ഇറങ്ങിയ എൽഒസി കാർഗിൽ എന്ന സിനിമയിലും വിക്രമിന്‌റെ കഥാപാത്രമുണ്ടായിരുന്നു.ബത്രയുടെയും മറ്റുള്ള വീരൻമാരുടെയും രക്തസാക്ഷിത്വം വെറുതെയായില്ല. പാക്കിസ്ഥാനെ കീഴ്‌പ്പെടുത്തി 1999 ജൂലൈ 26ന് ഇന്ത്യൻ സേന കാർഗിലിൽ വെന്നിക്കൊടി പാറിക്കുക തന്നെ ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com