ഓറഞ്ച് നിറത്തില് ആകാശം,85000 അഗ്നിപർവതങ്ങൾ, 465 ഡിഗ്രി ചൂട്! ശുക്രന്റെ രഹസ്യം വെളിവാക്കി പുതിയ പഠനം

Mail This Article
ഓറഞ്ചും ചുവപ്പും കലർന്ന നിറമുള്ള ഗ്രഹമാണ് ശുക്രൻ അഥവാ വീനസ്. ഭൂമിയുടെ ഈ അയൽക്കാരൻ ചൂടേറിയ ഗ്രഹമാണ്.മലകളും കുന്നുകളും കുഴികളും അഗ്‌നിപർവതങ്ങളുമൊക്കെ നിറഞ്ഞ സ്ഥലമാണിവിടെ. കുറഞ്ഞത് 85000 അഗ്നിപർവതങ്ങൾ ശുക്രനിലുണ്ടെന്നാണു കരുതപ്പെടുന്നത്. ശുക്രന്റെ ഈ അഗ്നിപർവത സ്വഭാവത്തെപ്പറ്റി പുതിയൊരു ഗവേഷണം രംഗത്തുവന്നിരിക്കുകയാണ്.
ശുക്രന്റെ പുറന്തോടായ ക്രസ്റ്റിൽ നടക്കുന്ന കൺവെക്ഷൻ എന്ന പ്രവർത്തനമാണ് ഗ്രഹത്തിന്റെ പുറന്തോടിൽ അഗ്നിപർവതങ്ങളുടെ ആധിക്യമുണ്ടാക്കിയതെന്ന് യുഎസിലെ വാഷിങ്ടൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നു.ഭൗമശാസ്ത്രപഠനത്തിൽ കൺവക്‌ഷൻ എന്നാൽ ചൂടേറിയ പദാർഥം ഉയരുന്ന, തണുത്ത പദാർഥം താഴുന്ന അവസ്ഥയാണ്. ഭൂമിയിൽ ഈ പ്രവർത്തനങ്ങൾ നടക്കുന്നത് മാന്റിൽ എന്ന മധ്യപാളിയിലാണ്. എന്നാൽ വീനസിൽ ഇതല്ല സ്ഥിതി.

ഭൂമിയുടെ ക്രസ്റ്റ് അഥവാ പുറന്തോട് അധികം കട്ടിയില്ലാത്തതിനാൽ കൺവെക്ഷൻ കാര്യമായി നടക്കാറില്ല. എന്നാൽ ശുക്രനെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാണെന്നും കട്ടിയുള്ള പുറന്തോടായതിനാൽ കൺവെക്‌ഷൻ നടക്കുമെന്നും ഗവേഷകർ പറയുന്നു. ഈ പ്രവർത്തനം കാരണമാണ് ശുക്രനിൽ ഇത്രയും അഗ്നിപർവതങ്ങൾ.
ഭൂമിയുടെ ഇരട്ട

വലുപ്പത്തിലെ സാമ്യം മൂലം ഭൂമിയുടെ ഇരട്ട എന്ന പേരുണ്ടെങ്കിലും തീക്ഷ്ണമായ ഭൗതികസാഹചര്യങ്ങൾ നിലനിൽക്കുന്ന ഗ്രഹമാണ് ശുക്രൻ. 471 ഡിഗ്രി സെൽഷ്യസാണ് അന്തരീക്ഷ താപനില. ഒട്ടേറെ അഗ്‌നിപർവതങ്ങൾ നിറഞ്ഞ വരണ്ട ഉപരിതലവും ഇവിടെയുണ്ട്. അന്തരീക്ഷ വായുവിൽ കാർബൺ ഡയോക്‌സൈഡാണ് കൂടുതൽ.
2020 സെപ്റ്റംബറിൽ ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫീൻ എന്ന രാസവസ്തു കണ്ടെത്തിയത് ഗ്രഹത്തിൽ ജീവസാധ്യതയുണ്ടെന്ന വാദത്തിനു വഴിവച്ചു. ഡാവിഞ്ചി പ്ലസ്, വെരിറ്റാസ് എന്നീ 2 ദൗത്യങ്ങൾ നാസ ശുക്രനിലേക്ക് 2028-30ൽ വിടുന്നുണ്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ ഭാവിദൗത്യമായ എൻവിഷനും ശുക്രനെ ലക്ഷ്യംവയ്ക്കുന്നു.
ശുക്രൻ ഇത്ര ചൂടനാകാൻ കാരണം
ശുക്രനിൽ ഒരു വലിയ പ്രദേശം സമതലമാണ്. നല്ല കട്ടിയുള്ള അന്തരീക്ഷമാണ് ശുക്രനിൽ. ഭൂമിയിൽ വെള്ളത്തിലിറങ്ങിയിട്ട് നമ്മൾ കൈ ചലിപ്പിച്ചാൽ എങ്ങനെയിരിക്കും, അതുപോലെയാണ് ഇവിടെ വായുവിൽ കൈചലിപ്പിച്ചാൽ തോന്നുക.അന്തരീക്ഷത്തിന്റെ 92 ശതമാനവും കാർബൺ ഡൈഓക്‌സൈഡാണ്.
ഈ വാതകം ചൂടിനെ പിടിച്ചുതളച്ചിടുന്ന ഗ്രീൻ ഹൗസ് വാതകമായതുകൊണ്ടാണ് ശുക്രൻ ഇത്ര ചൂടനായത്. 465 ഡിഗ്രിയാണ് ചൂട്. നല്ല ഓറഞ്ച് നിറമാണ് ഇവിടത്തെ ആകാശത്തിന്.ഭൂമി അച്ചുതണ്ടിൽ കറങ്ങുന്ന ദിശയുടെ നേരെ എതിർദിശയിലാണ് ശുക്രൻ കറങ്ങുന്നത്. അതുകാരണം ഇവിടെ സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കും