ഇത് സൂപ്പര്‍സ്റ്റാറുകളുടെ മന; 500 വർഷത്തെ പഴമയും ആഢ്യത്വവും തുളുമ്പുന്ന ഇടം
Mail This Article
സൂപ്പര്‍സ്റ്റാറുകളുടെ മന എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് വരിക്കാശ്ശേരി മനയാകും. മലയാള സിനിമയുടെ തറവാട് എന്നാണ് ഈ മന അറിയപ്പെടുന്നത്. സൂപ്പർസ്റ്റാറുകളുമായി ബന്ധമുള്ള, വരിക്കാശ്ശേരി പോലെ തന്നെ സഞ്ചാരികളുടെ ഇടയിൽ സ്റ്റാറായ മറ്റൊരു ഒരു ഗംഭീര മനയുണ്ട് കേരളത്തില്‍. സിനിമയിലെ ആറാംതമ്പുരാനല്ല, യഥാർഥ ആറാംതമ്പുരാന്‍ വാണിരുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള, പഴമയുടെ ഭംഗിയും ആഢ്യത്വവും കാത്തുസൂക്ഷിക്കുന്ന, പാലക്കാടിന്റെ പൂമുള്ളി മന. പഴമയുടെ പുതുമ തേടി നിരവധി സഞ്ചാരികളാണ് ഇൗ മനയിൽ എത്തിച്ചേരുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകന്‍മാരുമായി ബന്ധമുള്ള പൂമുള്ളി മനയുടെ വിശേഷങ്ങളറിയാം.
സൂപ്പര്‍ സ്റ്റാറുകളുടെ മനയായതെങ്ങനെ
500 വര്‍ഷത്തെ പാരമ്പര്യവും ചരിത്രവുമുള്ള പൂമുള്ളി മന കേരളത്തിലെ ഏറ്റവും വലിയ മനകളിലൊന്നായിരുന്നു. ഇന്ന് ഇതിന്റെ ഒരു ഭാഗം മാത്രമേ ഉപയോഗത്തിലുള്ളൂ എങ്കിലും ഭൂപരിഷ്‌കരണത്തിനു ശേഷവും കേരളത്തിലെ ഏറ്റവും വലിയ നമ്പൂതിരി ഇല്ലങ്ങളിലൊന്നായിരുന്നു ഇൗ മന. ഇന്ന് മനയുടെ പത്തായപ്പുരയും അതിനോടു ചേര്‍ന്നുള്ള കുറച്ചുഭാഗവും ആയുര്‍വേദ ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്. ആറാം തമ്പുരാന്‍ പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിയുടെ ഇല്ലം – അങ്ങനെ വേണം ഈ മനയെ വിളിക്കേണ്ടത്.
അദ്ദേഹത്തിന്റെ അനുഭവസമ്പത്തിലും പ്രാഗത്ഭ്യത്തിലും മനയുടെ പ്രഭാവം ഇരട്ടിയായി. അദ്ദേഹത്തിന്റെ കാലശേഷം അനുയായികളും ശിഷ്യന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചതാണ് പൂമുള്ളി ആറാംതമ്പുരാന്‍ സ്മാരക ട്രസ്റ്റ്. അതിന്റെ നേതൃത്വത്തിലുള്ള 'പൂമുള്ളി മന - മന ഫോര്‍ ആയുര്‍വേദ' എന്ന പേരില്‍ ആരംഭിച്ച ചികിത്സാകേന്ദ്രത്തിന്റെ പേരിലാണ് ഇന്ന് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. തെന്നിന്ത്യയിലെ താരരാജാക്കന്‍മാരായ മോഹന്‍ലാലും രജനികാന്തും ചിരഞ്ജീവിയും ആയുര്‍വേദ ചികിത്സയ്ക്കായി ഇവിടെയെത്തിയിട്ടുണ്ട്.
പാലക്കാടിന്റെ പത്തായം
‘പാലക്കാടില്‍ പകുതി പൂമുള്ളി’– സമ്പല്‍ സമൃദ്ധിയുടെ കാര്യത്തില്‍ പൂമുള്ളി മനയെക്കുറിച്ചുള്ള ചൊല്ലാണിത്. നിളയുടെ തീരത്ത് തൃത്താലയുടെ അതിരില്‍ നാലരയേക്കര്‍ സ്ഥലത്തെ വിസ്മയക്കാഴ്ചയാണ് പൂമുള്ളി മന. മുപ്പതിനായിരം പറ നെല്ലും മൂവായിരം പറ അരിയും എക്കാലത്തും പൂമുള്ളി പത്തായപ്പുരയിലുണ്ടാകുമെന്നാണ് പറയാറ്. അതായത്, കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ പത്തായമായിരുന്നു പൂമുള്ളി മന.
നൂറിലധികം വര്‍ഷം പഴക്കമുള്ള പത്തായപ്പുരയാണ് പൂമുള്ളി മനയുടേത്. കാലപ്പഴക്കം മൂലം 1996 ല്‍ മനയുടെ ഒരു ഭാഗം പൊളിച്ചു. പിന്നീട് ചെറിയ ഒരു ഭാഗം മാത്രമേ പുനര്‍നിര്‍മിച്ചിട്ടുള്ളൂ. പൂമുഖവും പത്തായപ്പുരയും നന്നാക്കിയെടുത്തു. ഇന്ന് ഇവിടെ പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക ട്രസ്റ്റ് എന്ന പേരില്‍ ആയുര്‍വേദ ചികിത്സകള്‍, കളരി പരിശീലനം എന്നിവ നടത്തുന്നു.
മനയിൽ പ്രവേശിക്കാം
താമസത്തിനായി സന്ദര്‍ശകർ മനയിൽ എത്താറുണ്ട്. കോവിഡ് പടർന്നു പിടിക്കുന്ന ഇൗ സാഹചര്യത്തിൽ മനയില്‍ പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആർടി പിസി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
മനയുടെ ശ്രീകോവിൽ െഎശ്വര്യം
പൂമുള്ളി മനയിലെ ശ്രീരാമ ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയമാണ്. പഴമയുടെ അടയാളങ്ങൾ ധാരാളമുള്ള ക്ഷേത്രവും പരിസരവും ഇവിടെയെത്തുന്നവര്‍ക്ക് ആത്മീയതയ്‌ക്കൊപ്പം ശാന്തിയും സമാധാനവും സമ്മാനിക്കുന്നു.
വിദേശികളടക്കം നിരവധിപ്പേര്‍ മനയുടെ പെരുമ കേട്ടറിഞ്ഞ് ഇവിടെയെത്തുന്നുണ്ട്. ഇന്ത്യയുടെ അഭിമാനകരമായ സാംസ്‌കാരിക പൈതൃകം വിശദമാക്കുന്ന അപൂർവ പുസ്തകങ്ങളുടെയും കയ്യെഴുത്തുപ്രതികളുടെയും ശേഖരവും ഇവിടെയുണ്ട്. മനയുടെ പരിസരം മുഴുവന്‍ ഔഷധച്ചെടികളാല്‍ നിറഞ്ഞിരിക്കുന്നു. ഇവിടുത്തെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിലേറെയും ഈ ഔഷധങ്ങളാണ്.
എങ്ങനെ എത്തിച്ചേരാം: പാലക്കാട് ജില്ലയിൽ പെരിങ്ങോടാണ് ഇൗ മന നിലകൊള്ളുന്നത്.
English Summary: Pumulli Aranthampuran Ayurveda Mana Palakkad