ADVERTISEMENT

പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടലുകളും ജോലി സമർദവുമൊക്കെ നീക്കിവച്ചൊരു അവധിക്കാലം. മനസ്സിലുള്ള ആഗ്രഹമായിരുന്നു സ്വന്തം ചങ്കുകളോടൊപ്പമുള്ള ബൈക്ക് യാത്ര. നീണ്ട ഒന്നര വർഷത്തിന് ശേഷം തിരിച്ച് സ്വന്തം നാടായ പാലക്കാട് എത്തിയപ്പോൾ ആ ആഗ്രഹം സാധിച്ചെടുത്തു. യാത്രയുടെ പ്ലാനും പദ്ധതിയുമൊക്കെ നേരത്തേതന്നെ തയാറാക്കിയിരുന്നു. കാടും മലകളെയുമൊക്കെ തൊട്ടറിഞ്ഞ യാത്രയായിരുന്നു.

bike-trip2

ഹൊഗെനക്കൽ, മുതുമലൈ, മസനഗുഡി, ഊട്ടി, കോത്തഗിരി, മുള്ളി വഴി അട്ടപ്പാടി വന്നു നേരെ തിരിച്ചു വീട്ടിലേക്ക്. ഇതായിരുന്നു പ്ലാൻ. ഞങ്ങൾ പത്തു പേർ. അഞ്ചു വാഹനങ്ങളിലായി യാത്രയ്ക്കായി തയാറായി. അവശ്യസാധനങ്ങളൊക്കെ വാങ്ങി, ബൈക്ക് കൃത്യമായി സർവ്വീസ് ചെയ്തു മുന്നൊരുക്കളെല്ലാം നടത്തിയിരുന്നു. ബൈക്ക് സ്വന്തമായി ഇല്ലാത്തതിനാൽ അനുജന്റെ യമഹ-FZ നെ കൂടെകൂട്ടി. നാലു ദിവസം കാടും മലകളും തൊട്ടറിഞ്ഞ് ഒരു ബൈക്ക് യാത്രയായിരുന്നു, ആകെ 850 കിലോമീറ്ററോളം യാത്രയുണ്ടായിരുന്നു.

ഒന്നാം ദിവസം (ജനുവരി  30)

അതിരാവിലെ നാലു മണിക്ക് തന്നെ റെഡിയായി. സുഹൃത്തുക്കളെല്ലാം കൃത്യസമയത്ത് എത്തി. 5.30 നു  പാലക്കാട് വേങ്ങശ്ശേരിയിൽ നിന്നും പുറപ്പെട്ടു. ലക്ഷ്യം ഹൊഗെനക്കലായിരുന്നു. പാലക്കാട് – കോയമ്പത്തൂർ ബെപാസ്, അവിനാശി, ഭവാനി വഴി ഹൊഗെനക്കൽ. ഹൈവേയിലൂടെ ഏകദേശം മുന്നൂറു കിലോമീറ്റർ സഞ്ചരിച്ചു വേണം അവിടെ എത്താൻ. ആദ്യത്തെ ദിവസം ആയതുകൊണ്ടുതന്നെ ഹൈവേ യാത്ര അധികം മടുപ്പിച്ചില്ല. നല്ല അച്ചടക്കത്തോടെ ഓവർടേക്കിങ് ഒക്കെ നിയന്ത്രിച്ചു കാഴ്ചകൾ ഒക്കെ ആസ്വദിച്ചുകൊണ്ടുള്ള യാത്രയായിരുന്നു.

bike-trip3

അവിനാശി എത്തിയപ്പോൾ രാവിലത്തെ ഭക്ഷണത്തിനുള്ള സമയം ആയി. നല്ല വെജിറ്റേറിയൻ ഹോട്ടലിൽ നിന്നു ദോശ കഴിച്ചു, അരമണിക്കൂർ അവിടെ ചെലവഴിച്ചു യാത്ര തുടർന്നു. ഉച്ചക്ക് മുമ്പേ ഹൊഗെനക്കൽ എത്തണം. എന്നാലേ അവിടമൊക്കെ  ചുറ്റി കാണാൻ പറ്റൂ. ഭവാനി കഴിഞ്ഞു ഹൈവേ പിന്നിട്ടപ്പോള്‍  റോഡിന്റെ ഭാവം മാറാൻ തുടങ്ങി. പിന്നെ അങ്ങോട്ട് യാത്ര പതുക്കെ ആയി. ഏകദേശം രണ്ടര ആയപ്പോൾ ഹൊഗെനക്കൽ എത്തി. ബുക്ക് ചെയ്തിരുന്ന ഹോംസ്റ്റേയുടെ ഉടമ ടൗണിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം ടൗണിൽ നിന്ന് കഴിച്ചശേഷം റൂമിലേക്ക് പോയി. രണ്ടു മുറികൾ ഉള്ള ഒരു വീടാണത്. യാത്രയുടെ ക്ഷീണം കാരണം കുറച്ചു നേരം വിശ്രമിച്ചു ഹൊഗെനക്കൽ വെള്ളച്ചാട്ടം കാണാൻ പോയി.

പുഴയിലൂടെ കുട്ടവഞ്ചിയിൽ ഉള്ള സവാരി അടിപൊളി ആയിരുന്നു. വെള്ളച്ചാട്ടത്തിന്റെ അടിയിൽ കൊണ്ട് പോയി. നല്ലൊരു അനുഭവമായിരുന്നു. രണ്ടുവട്ടം ആ വഞ്ചി ഒന്ന് വേഗത്തിൽ ചുറ്റി കറക്കിയപ്പോൾ സകല ദൈവങ്ങളെയും ഞാൻ വിളിച്ചു. ഇരുട്ടാവാറായപ്പോൾ ഞങ്ങൾ റൂമിലേക്ക് തിരിച്ചു. അപ്പോഴേക്കും വീട്ടുടമ ചിക്കനും മീനും ഒക്കെ മസാല പുരട്ടി വച്ചിട്ടുണ്ടായിരുന്നു. രാത്രി ക്യാമ്പ് ഫയർ ബാർബിക്യൂ ഒക്കെ ആയി ഞങ്ങൾ അടിച്ചു പൊളിച്ചു. സംസാരിച്ച് ഇരുന്ന് വൈകിയാണ് എല്ലാവരും ഉറങ്ങിയത്.

bike-trip6

രണ്ടാം ദിവസം 

തലേദിവസം വൈകി കിടന്നതുകൊണ്ടാവാം എല്ലാവരും വൈകിയാണ് ഉറക്കമുണർന്നത്, ചായ കുടിച്ച് ശരീരത്തെ ഉന്മേഷമാക്കി. ഇന്നു പോകുവാനുള്ള റൂട്ട് മാപ്പ് എടുത്തു നോക്കി. ലക്ഷ്യം മുതുമലൈ നാഷനൽ പാർക്കിന് അടുത്തുള്ള തെപ്പക്കാട് എന്ന സ്ഥലത്ത് മോയാർ നദിയുടെ തീരത്തുള്ള സിൽവാൻ ഡോർമിറ്ററി. രണ്ടു വഴി പോയാൽ ഇവിടെ എത്താം. അഞ്ചെട്ടി, മനോഹരമായ, മൈസൂര്‍ വഴി അല്ലെങ്കിൽ മേട്ടൂർ വരെ തിരിച്ചു പോയി മലേ മടേശ്വര, കൊല്ലഗൾ വന്നു ഗുണ്ടല്‍പെട്ട വഴി പോകാം. മാപ്പ് നോക്കിയപ്പോൾ രണ്ടാമത്തെ വഴിയാണ് ഏറ്റവും മനോഹരമായി തോന്നിയത്.

bike-trip5

മലേമടേശ്വര ഹെയർപിൻ റോഡുകൾ അങ്ങേയറ്റം സുന്ദരമാണ്. ആ വഴി പോകുവാൻ തീരുമാനിച്ചു. അപ്പോൾ ഹോംസ്റ്റേ ഉടമ ഞങ്ങൾക്കു പോകുവാനുള്ള എളുപ്പ വഴി പറഞ്ഞുതന്നു. റൂമിൽ നിന്ന് അഞ്ചു കിലോമീറ്റർ പോയാൽ കാവേരി നദീതീരത്തു എത്തും, അവിടെ നിന്നു ബൈക്ക് ചങ്ങാടത്തിൽ കയറ്റി അക്കരെ എത്തിച്ചാൽ കർണാടക. മുഴുവനും കാടാണ്. കാട്ടിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാൽ ഞങ്ങൾക്കു പോകേണ്ട റോഡാണ്. ഏകദേശം 40 കിലോമീറ്റർ ലാഭിക്കാം.

മാപ്പ് നോക്കിയപ്പോൾ റോഡ് അത്ര സുരക്ഷിതമായി തോന്നിയെങ്കിലും പ്രകൃതിയെ അറിഞ്ഞുള്ള യാത്രയായതിനാൽ ആ വഴി തന്നെ തിരഞ്ഞെടുത്തു. കുട്ടവഞ്ചിയിൽ ബൈക്ക് കയറ്റി അക്കരെ എത്തിച്ചു. അഞ്ചു വാഹങ്ങൾക്കും ഞങ്ങൾക്കും കൂടി മൊത്തം എഴുനൂറു രൂപയാണ് നൽകിയത്. ഒരു വഞ്ചിയിൽ മൂന്ന് ബൈക്കും ഒരുമിച്ചു കയറ്റാം. രണ്ടു ബുള്ളറ്റും ഒരു FZ 'ഉം അത്രയും ഭാരം താങ്ങാൻ കഴിയുന്ന വഞ്ചി ആണിത്. അക്കരെ എത്തി കുറച്ചു നേരം വിശ്രമിച്ചശേഷം വീണ്ടും യാത്ര തുടർന്നു.

bike-trip

കാട് ആയതിനാൽ ഫോണിന് നെറ്റ്‍‍‍വർക്ക് തീരെ ഇല്ലായിരുന്നു, അതുകൊണ്ടു തന്നെ ജിപിഎസ് ഉപയോഗിക്കുവാൻ സാധിക്കുന്നില്ലായിരുന്നു. അവിടെയുള്ള ആളുകളോട് വഴി ചോദിച്ചു യാത്ര തുടർന്നു. അവിടുത്ത ആളുകൾ ദിവസവും യാത്ര ചെയ്യുന്ന പാതയാണ്, പുറത്തു നിന്ന് അങ്ങനെ ആരും ഈ വഴി പോകാറില്ലെന്നാണ് അറിഞ്ഞത്. റോഡ് എത്തുന്ന വരെ വഴിയിൽ എവിടെയും നിർത്താതെ മുന്നോട്ട് പോകുവാൻ വഴിയിൽ കണ്ട ചേട്ടൻ പറഞ്ഞു. ഉള്ളിൽ പേടി തോന്നിയെങ്കിലും മുന്നോട്ട് യാത്രതുടർന്നു. മെയിൻ റോഡ് എത്തി. സമയം കൂടുതൽ എടുത്തെങ്കിലും മറക്കാനാവാത്ത അനുഭവമായിരുന്നു ആ യാത്ര സമ്മാനിച്ചത്.

പിന്നെ വളഞ്ഞ് പുളഞ്ഞുള്ള  ഹെയർപിൻ തുടങ്ങി. ഇടക്ക് പോലീസ് ചെക്പോസ്റ്റുകൾ ഉണ്ട്. അവിടെ ബൈക്കിന്റെ രേഖകൾ ഒക്കെ പരിശോധിക്കും. കൊല്ലഗൾ എത്തിയപ്പോൾ സമയം ഉച്ചക്ക് ഒരു മണി. ഭക്ഷണം കഴിച്ചു വീണ്ടും ഹൈവേയിലൂടെ യാത്ര തുടങ്ങി. സമയം വൈകുന്നതിനാലും റോഡ് നല്ല വ്യക്തമായി കാണുന്നതും കൊണ്ടും അത്യാവശ്യം നല്ല സ്പീഡിൽ വാഹനം ഓടിച്ചു. അഞ്ചു മണിയോട് അടുപ്പിച്ചു ഗുണ്ടൽപെട്ട കഴിഞ്ഞു വനത്തിലേക്ക് പ്രവേശിച്ചു. പിന്നെ അങ്ങോട്ട് നല്ല മനോഹരമായ റോഡും ഇടക്ക് ഇടക്ക് വരുന്ന ഹമ്പുമായിരുന്നു മുമ്പിൽ. കുറച്ചു ഉള്ളിലോട്ടു എത്തിയപ്പോൾ മാൻകൂട്ടങ്ങളും ആനകൂട്ടങ്ങളും. ആറു മണിയോട് അടുപ്പിച്ചു ഞങ്ങൾ തെപ്പക്കാട് എത്തി.

bike-trip1

റൂമിന്റെ ബുക്കിങ് കാണിച്ചു ചെക്കിൻ ചെയ്തു. ഹോസ്റ്റൽ മുറികളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള റൂം. രണ്ടു നില കട്ടിലുകൾ ആണ് റൂമിൽ ഉള്ളത്. ബൈക്കുകൾ സുരക്ഷിതമായി പാർക്ക് ചെയ്യ്തു രാത്രി ഭക്ഷണം പുറത്തു നിന്ന് വാങ്ങിച്ചു സൊറപറച്ചിലുമായി കുറെ നേരം അങ്ങനെ ഇരുന്നു. കാടിനോട് അടുത്ത് കിടക്കുന്ന റൂം ആയതിനാൽ രാത്രി പുറത്തു ഇറങ്ങരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. വന്ന വഴിയിലെ കാഴ്ചകളും വിശേഷങ്ങളുമായി അന്നേ ദിവസം ഉറക്കത്തിലേക്കു വീണു.

മൂന്നാം ദിവസം

രാവിലെ നേരത്തെ എഴുന്നേറ്റു ഗുഡല്ലൂർ വരെ ഒരു റൈഡ് പോകണം എന്നു തീരുമാനിച്ചാണ് തലേദിവസം ഉറങ്ങിയത്. രാവിലെ ആറരയോടെ റൂമിൽനിന്ന് ഇറങ്ങി. നല്ല മഞ്ഞുണ്ട്, പ്രകൃതിയുടെ ആ സൗന്ദര്യത്തെ ക്യാമറകണ്ണുകളിൽ പതിപ്പിച്ചു. പോകുന്ന വഴിയിൽ നയനമനോഹരമായ നിരവധി കാഴ്ചകളുണ്ടായിരുന്നു. അതിരാവിലെ ആയതിനാൽ വാഹനങ്ങളും റോഡിൽ കുറവായിരുന്നു. കാഴ്ചകൾ ആസ്വദിച്ച് കുറച്ചു ദൂരം മുന്നോട്ട് പോയി. പിന്നീട് റൂമിലേക്ക് തിരിച്ചു. തെപ്പക്കാട് ആന വളർത്തൽ കേന്ദ്രം കാണാനുണ്ട്. ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു നേരേ അങ്ങോട്ടു പോയി. ടിക്കറ്റ് എടുത്താൽ ആനകൾക്ക് ഭക്ഷണം കൊടുക്കാം. അതൊക്കെകണ്ടു നിന്ന് സമയം പോയതറിഞ്ഞില്ല. തിരിച്ചു റൂമിൽ എത്തി ബാഗ് പാക്ക് ചെയ്തു ഇറങ്ങി. - ലക്ഷ്യം കോത്തഗിരിയായിരുന്നു.

മസനഗുഡി– ഊട്ടി വഴിയായിരുന്നു യാത്ര. ബോക്കാപുരം– മസിനഗുഡി –ഊട്ടി റൂട്ടിൽ നിന്നു രണ്ടു കിലോമീറ്റർ വലത്തോട്ടു മാറി സഞ്ചരിച്ചാൽ  കാട്ടിനുള്ളിലെ ഒരു കൊച്ചു സുന്ദര ഗ്രാമത്തിൽ എത്തിച്ചേരാം– കോത്തഗിരിയിൽ. മസനഗുഡി– ഊട്ടി ഹെയർപിൻ റോഡ് വളരെ പ്രശസ്തമാണ്. ഉച്ച ആയപ്പോൾ ഊട്ടി എത്തി. നല്ല ഹൈദരാബാദി ബിരിയാണി കഴിച്ചു. നേരെ കോത്തഗിരി ലക്ഷ്യമാക്കി യാത്ര തുടർന്നു.

kotagiri-gif

ഊട്ടി പോലെ തന്നെ മറ്റൊരു മനോഹരമായ സ്ഥലമാണ് കോത്തഗിരി. മനസ്സിൽ കുളിരു കോരിയിടുന്ന വ്യൂ പോയിന്റും മിനുക്കിയൊതുക്കിയ തേയിലത്തോട്ടങ്ങളുമാണ് കോത്തഗിരിയിലെ കാഴ്ചകൾ. പ്രകൃതി ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലംകൂടിയാണിവിടം. ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്. താമസത്തിനായി നേച്ചർ നെസ്റ്റ് എന്ന ഒരു ഹോംസ്റ്റേ നേരത്തെ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. നാല് മണിയോടെ അവിടെ എത്തി. മൂന്ന് കോട്ടേജുകൾ ആണ് അവിടെയുള്ളത്. മൂന്നും ഞങ്ങൾ  ബുക്ക് ചെയ്തിരുന്നു. റൂമിലെത്തി വിശ്രമശേഷം അടുത്തുള്ള വെള്ളച്ചാട്ടം കാണാൻ പോയി. അധികം ആരും എത്തിപ്പെടാത്ത ഒരു സ്ഥലമാണിത്. അതുകൊണ്ടു ഞങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. കുറെ നേരം വെള്ളത്തിൽ കിടന്ന് ഉഷാറാക്കി തിരിച്ചു റൂമിൽ എത്തി. ട്രിപ്പിന്റെ അവസാനത്തെ രാത്രി ക്യാമ്പ് ഫയർ, ബാർബിക്യൂ ഒക്കെ ആയി ഞങ്ങൾ അടിച്ചു പൊളിച്ചു. നല്ലൊരു ട്രിപ്പായിരുന്നു.

നാലാം ദിവസം 

വീട്ടിലേക്കുള്ള മടക്കയാത്രയായിരുന്നു. കോത്തഗിരി, മേട്ടുപ്പാളയം, മുള്ളി, ഷോളയാർ, അട്ടപ്പാടി, മണ്ണാർക്കാട് വഴി വീട്ടിലേക്ക്. 

നാല് ദിവസത്തെ യാത്രയ്ക്കായി  850 കിലോമീറ്റർ താണ്ടി. മൊത്തം ചെലവ് വന്നത് ഒരാൾക്ക് ആറായിരത്തിൽ താഴെയായിരുന്നു. കൂട്ടുകാരുമൊത്തുള്ള അടിപൊളി ട്രിപ്പായിരുന്നു. ‌

English Summary : Best Bike Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com