ADVERTISEMENT

തെങ്ങിൻ തോപ്പും കാറ്റാടി മരങ്ങളും നിറഞ്ഞ ഒരു  കൊച്ചു കടലോര ഗ്രാമം  വിനോദ സഞ്ചാര ഭൂപടത്തിൽ വൈകി സ്ഥാനം പിടിക്കുകയും പ്രശസ്തമാവുകയും ചെയ്തതിന്റെ കഥയാണ് തർക്കർളിയുടേത്. 

സഞ്ചാരികളുടെ തിരക്കും  കച്ചവടക്കാരുടെ ബഹളവുമില്ലാത്ത ശാന്തമനോഹരമായ ബീച്ചാണ് നിങ്ങൾക്ക് ഇഷ്ടമെങ്കിൽ നേരെ  ഈ തീരത്തേക്ക് പോകാം. ഗോവയ്ക്കു വടക്ക് ദക്ഷിണ മഹാരാഷ്ട്രയിലെ  ഈ കടലോരം കേരളത്തിൽ നിന്നുള്ള സഞ്ചാരികൾക്ക് അത്ര പരിചിതമല്ലെങ്കിലും മുംബൈ, പുണെ തുടങ്ങിയ നഗരവാസികളുടെ ഇഷ്ട ദേശമാണ്.

tharkarli-2
തർക്കർളി ബീച്ചിൽ യാത്രക്കാരെ കാത്തുനിൽക്കുന്ന കുതിരവണ്ടി.

കൊങ്കൺ തീരത്തിന്റെ റാണി എന്നാണ് തർക്കർളിയുടെ വിശേഷണം. ഗോവൻ ബീച്ചുകളിലെ ആരവം ആസ്വദിക്കുന്നവർ ഒരു പക്ഷേ, ഇവിടെ നിരാശരായേക്കാം. പലതരം വിഭവങ്ങൾ ഒരുക്കിയ ഹോട്ടലുകളോ മറ്റു കച്ചവടസ്ഥാപനങ്ങളോ ഇല്ല. ബഹളം കൂട്ടി നടക്കുന്ന സഞ്ചാരിക്കൂട്ടങ്ങളുമില്ല. 

പക്ഷെ, കിലോമീറ്ററുകൾ നീളുന്ന വെള്ളി മണൽപരപ്പ് ആദ്യം നമ്മുടെ മനസ്സിലുടക്കും. അലസമുലയുന്ന തിരമാലകളുടെ തെളിഞ്ഞ അടിത്തട്ടിൽ  മിന്നിപ്പായുന്ന ചെറുമത്സ്യങ്ങളും തിളങ്ങുന്ന മണൽത്തരികളും നമ്മെ മോഹിപ്പിക്കും. നീർപക്ഷികൾ കൂടു തീർത്ത കാറ്റാടി മരങ്ങൾ അതിരിട്ട സുന്ദരമായ തീരത്ത് തിരക്കേതുമില്ലാതെ എത്രനേരം വേണമെങ്കിലും നിങ്ങൾക്ക് കാറ്റേറ്റിരിക്കാം. 

Tarkarli-Beach3
തർക്കർളി ബീച്ചിലെ സായാഹ്ന കാഴ്ച.

ബീച്ചിലൂടെ കുതിരവണ്ടി സവാരി ഇവിടെ മാത്രം കണ്ട കാഴ്ച. കുട്ടികൾ ചിരിച്ചുല്ലസിച്ച് കുതിരവണ്ടി യാത്ര ആസ്വദിക്കുന്നു. അവരുടെ തിരക്കൊഴിയുമ്പോൾ ഒരു സവാരി മുതിർന്നവർക്കുമാകാം. സായാഹ്നത്തിൽ തിരകളെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ, കുടമണി കുലുക്കിയുള്ള ആ യാത്ര ഓർമയിൽ കുറിക്കാൻ മാത്രം ആഹ്ളാദകരം. 

മത്സ്യത്തൊഴിലാളികളുടെ ചെറുവീടുകൾ നിറഞ്ഞ ഗ്രാമത്തിൽ സഞ്ചാരികൾക്കുള്ള ഹോം സ്റ്റേകൾ ധാരാളം. ടൂറിസം സാധ്യത മനസ്സിലാക്കി നാട്ടുകാർ തന്നെ തുടങ്ങിയവയാണ് ഭൂരിഭാഗവും. നേരത്തെ പറഞ്ഞാൽ കടൽമത്സ്യം കൊണ്ടുള്ള രുചികരമായ വിഭവങ്ങൾ അടക്കം അവർ ഒരുക്കിത്തരും. ശുദ്ധഗ്രാമീണരെ നമ്മുടെ ആവശ്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ചിലപ്പോൾ തെല്ല് ക്ലേശിച്ചേക്കാം. പക്ഷേ, അവർ ഒരുക്കുന്ന ഭക്ഷണത്തിനു രുചിയേറും. കടൽത്തിരകളുടെ താരാട്ട് കേട്ട് തെങ്ങിൻ തോപ്പിനു നടുവിലെ രാത്രിയുറക്കം തീർച്ചയായും വ്യത്യസ്തമായ അനുഭവമാകും. 

മഹാരാഷ്ട്ര ടൂറിസം ഡവലപ്മെന്റ് കോർപറേഷന്റെ (എംടി‍ഡിസി) യുടെ റിസോർട്ട് ബിച്ചിൽ തന്നെയുണ്ട്. നേരത്തെ ബുക്കു ചെയ്തു ചെന്നാൽ അവിടെ താമസിക്കാം. സമീപ പ്രദേശങ്ങളെ ബന്ധിപ്പിച്ചുള്ള സഞ്ചാര പാക്കേജും അവർ ഒരുക്കുന്നുണ്ട്. ബീച്ചിനോടു ചേർന്നു ചെറുകിട ലോഡ്ജുകളും ലഭ്യമാണ്. താരതമ്യേന കുറഞ്ഞ ചെലവിൽ താമസം തരമാവും. 

tharkarli-4
ബീച്ചിലെ ഹോംസ്റ്റേ.

തർക്കർളിയും പരിസര ബീച്ചുകളും വിവിധയിനം വാട്ടർ സ്പോർട്സ് ഇനങ്ങൾക്ക് പേരുകേട്ടതാണ്. സ്കൂബാ ഡൈവിങ്ങാണ് പ്രധാനം. പരിശീലിപ്പിക്കാനും ഡൈവിങ്ങിൽ സഹായിക്കാനും ആളുണ്ട്. എംടിഡിസിയുടെ സ്കൂബാ ഡൈവിങ് പരിശീലന കേന്ദ്രവും ബീച്ചിനോടു ചേർന്നു പ്രവർത്തിക്കുന്നു. 

ദേശീയപാത 66 വഴിയും റെയിൽ മാർഗവും എത്താം. പനജിയിൽ നിന്നു നൂറു കിലോമീറ്ററോളം ദൂരമുണ്ട്. മുംബൈയിൽ നിന്നു 492 കിലോമീറ്ററും പുണെയിൽ നിന്നു 391 കിലോമീറ്ററും ദൂരം. കേരള യാത്രക്കാർക്ക് ട്രെയിൻ ആണ് സൗകര്യം. കുടാൽ എന്ന സ്റ്റേഷനിൽ ഇറങ്ങിയാൽ 30 കിലോ മീറ്റർ ദൂരമാണ് തർക്കർളിയിലേക്ക്. സ്റ്റേഷൻ പരിസരത്തു നിന്നു തന്നെ ടാക്സി ലഭിക്കും. ബീച്ചുവരെയെത്തുന്ന ബസ് സർവീസുമുണ്ട്. 

കുടാൽ ചെറിയ സ്റ്റേഷൻ ആയതിനാൽ എല്ലാ ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പില്ല. അടുത്തുള്ള പ്രധാന സ്റ്റേഷൻ സിന്ധുദുർഗാണ്. 62 കിലോ മീറ്ററാണ് ദൂരം. ഗോവ മഡ്ഗാവിലിറങ്ങി ലോക്കൽ ട്രെയിൻ പിടിക്കുകയുമാവാം. 

English Summary: Best Holiday Destination Tarkarli Beach Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com