ഒറ്റദിവസം കൊണ്ട് കോടീശ്വരനാകാം; കോടികൾ വിലയുള്ള അമൂല്യ വജ്രങ്ങൾ കുഴിച്ചെടുക്കാം

Mail This Article
രത്നം വിളയുന്ന മണ്ണ്... അതാണ് മധ്യപ്രദേശിലെ പന്ന നഗരം. ഇവിടെ, വിന്ധ്യാ പർവതനിരയുടെ വടക്കു-കിഴക്കു ഭാഗത്തായി, 240 കി.മീ ചുറ്റളവിൽ വജ്ര ശേഖരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പന്നയിലെ പറമ്പുകളിൽ ഇരുപത്തഞ്ചോ മുപ്പതോ അടി കുഴിയെടുത്താൽ ഒന്നോ രണ്ടോ ചിലപ്പോൾ അതിൽ കൂടുതലോ രത്നങ്ങൾ കിട്ടും.
സുബാൾ എന്ന ചെറുപ്പക്കാരന് കുറച്ച് നാളുകൾക്ക് മുൻപ് കിട്ടിയത് മൂന്നു രത്നങ്ങൾ. ഒന്നിനു 35 ലക്ഷം വിലയിട്ട് മൂന്നു രത്നങ്ങൾക്ക് ഒരു കോടി അഞ്ചു ലക്ഷം രൂപ കിട്ടി. നേരം ഇരുട്ടി വെളുക്കുമ്പോൾ അയൽക്കാരൻ കോടീശ്വരനാകുന്നതു പന്ന നിവാസികൾക്കു പുതിയ അനുഭവമല്ല. നാലഞ്ച് മാസം മുമ്പ് ഇതേ ഗ്രാമത്തിലെ റാണിപുരയിൽ താമസിക്കുന്ന ആനന്ദിലാൽ കുശ്വ എന്നയാൾക്കു കിട്ടിയത് പത്തു കാരറ്റ് മൂല്യമുള്ള ഡയമണ്ട്. വിറ്റു കിട്ടിയ തുക അൻപതു ലക്ഷം. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ നഗരം ഇപ്പോള്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വര്‍ഷംതോറും നിരവധി സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുന്നു. വജ്രഖനികള്‍ക്ക് പുറമേ മറ്റു നിരവധി കാഴ്ചകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

മാറിമാറി വന്ന രാജാക്കന്മാര്‍
പതിമൂന്നാം നൂറ്റാണ്ട് വരെ മദ്ധ്യ ഇന്ത്യയിലെ ദ്രാവിഡഗോത്രത്തില്‍പ്പെട്ട ഗോണ്ട് വർഗക്കാരായിരുന്നു പന്നയില്‍ ഉണ്ടായിരുന്നത്. പിന്നീട് രജപുത്രരായ ചന്ദേലാ വർഗക്കാര്‍ ഈ പ്രദേശം കീഴടക്കി. മുഗൾ സാമ്രാജ്യത്തിനെതിരെ പട നയിച്ച ബുന്ദേല രജപുത്ര രാജാവായ ചത്തർസാൽ രാജാവിന്‍റെ തലസ്ഥാനമായിരുന്നു ഇവിടം.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, പന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കീഴിലുള്ള ഒരു സാമന്തരാജ്യമായിത്തീർന്നു. രാജ്യം സ്വാതന്ത്ര്യം നേടുന്ന സമയത്ത്, മഹാരാജ മഹേന്ദ്ര യാദവേന്ദ്ര സിംഗ് ആയിരുന്നു ഇവിടുത്തെ രാജാവ്. 1950- ല്‍ രാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ച്, പുതിയ സംസ്ഥാനമായ വിന്ധ്യാ പ്രദേശിലെ പന്ന ജില്ലയായി മാറി. പിന്നീട്, 1956 നവംബർ 1 ന് വിന്ധ്യാപ്രദേശ് മദ്ധ്യപ്രദേശ് സംസ്ഥാനത്തിൽ ലയിപ്പിക്കപ്പെട്ടു. ഇന്നും നിരവധി ചരിത്രസ്മാരകങ്ങള്‍ പന്ന നഗരത്തില്‍ കാണാം.
കടുവകളെ അടുത്തു കാണാം
പന്ന നാഷണൽ പാർക്ക് എന്ന പേരില്‍ പന്നയിൽ ഒരു കടുവ സംരക്ഷണ കേന്ദ്രമുണ്ട്. ഇവിടെ എത്ര കടുവകളാണ് ഉള്ളത് എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. കടുവകള്‍ക്ക് പുറമേ മറ്റു മൃഗങ്ങളെയും ഇവിടെ കാണാവുന്നതാണ്. രാജ്യത്തെ മറ്റു കടുവാസങ്കേതങ്ങളെ അപേക്ഷിച്ച് സന്ദര്‍ശകര്‍ കുറവായതിനാല്‍, ഇവിടെ മൃഗങ്ങളെ കൂടുതല്‍ അടുത്തു നിന്നും കാണാം. സഞ്ചാരികള്‍ക്ക് താമസത്തിനായി ജംഗിള്‍ ലോഡ്ജുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും
റാണെ, പാണ്ഡവ്, ബ്രഹ്‌സ്പതി കുണ്ട് വെള്ളച്ചാട്ടങ്ങളും പന്നയിലെ പ്രധാനപ്പെട്ട കാഴ്ചകളുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. മണ്‍സൂണ്‍ കാലത്ത് ഈ വെള്ളച്ചാട്ടങ്ങള്‍ അതിമനോഹരമാണ്. ഈ സമയത്ത് നിരവധി വിനോദസഞ്ചാരികള്‍ ഇവിടേക്കെത്തുന്നു.

ജില്ലാ ആസ്ഥാനത്ത് നിന്ന് 32 കിലോമീറ്റർ അകലെയുള്ള പുരാതന പട്ടണമായ അജയ്ഗഡ് ആണ് മറ്റൊരു ടൂറിസ്റ്റ് ആകര്‍ഷണം. അജയ്പാല്‍ മഹാരാജ് എന്ന പേരിൽ, മുഗൾ ചക്രവർത്തിമാരുടെ വളരെ പുരാതനമായ ഒരു കോട്ടയുണ്ട് ഇവിടെ. പുരാവസ്തു വകുപ്പിന് കീഴിലാണ് ഈ കോട്ട.
ക്ഷേത്രങ്ങള്‍ക്കും പ്രശസ്തമാണ് പന്ന. ശ്രീ ജുഗൽ കിഷോർ ജി, പ്രാൻ നാഥ് ജി, ജഗന്നാഥ സ്വാമി ജി, രാം മന്ദിർ, ഗോവിന്ദ് ദേവ് ജി എന്നിങ്ങനെ അഞ്ചു ക്ഷേത്രങ്ങളാണ് ഇവിടെ പ്രധാനമായും സന്ദര്‍ശിക്കേണ്ടവ.
വജ്രലേലത്തില്‍ പങ്കെടുക്കാം
പന്ന ജില്ലയുടെ ഉൾപ്രദേശത്താണ് ഏറെ പേരുകേട്ട വജ്രഖനികൾ സ്ഥിതി ചെയ്യുന്നത്. ഭാരത സര്‍ക്കാരിന്‍റെ ദേശീയ മിനറൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ (എൻഎംഡിസി ലിമിറ്റഡ്) ഡയമണ്ട് മൈനിംഗ് പ്രോജക്ടിന് കീഴിലാണ് പന്നയിലെ വജ്ര ഖനികൾ കൈകാര്യം ചെയ്യുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന വജ്രങ്ങള്‍ പന്ന ജില്ലാ മജിസ്‌ട്രേറ്റ് ശേഖരിച്ച് ജനുവരി മാസത്തിൽ ലേലം ചെയ്യുന്നു. 5000 രൂപ ഡെപ്പോസിറ്റ് നല്‍കി, ലേലത്തില്‍ പൊതുജനങ്ങൾക്ക് പങ്കെടുക്കാം.
എങ്ങനെ എത്തിച്ചേരാം?
ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമാണെങ്കിലും പന്നയിലേക്ക് നേരിട്ട് എത്തിച്ചേരാന്‍ അത്ര എളുപ്പമല്ല. 36 കിലോമീറ്റർ അകലെയുള്ള ഖജുരാഹോയിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകളായ സത്‌ന, ഖജുരാഹോ എന്നിവിടങ്ങളിലേക്ക് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നും ട്രെയിനുകള്‍ ഓടുന്നുണ്ട്. എൻഎച്ച് 75 വഴി സമീപ നഗരങ്ങളായ ഭോപ്പാൽ, ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഇവിടേക്ക് എത്തിച്ചേരാം.
സന്ദര്‍ശിക്കാന്‍ മികച്ച സമയം
നവംബർ മുതൽ മെയ് വരെയാണ് പന്ന സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. വേനല്‍ക്കാലത്ത് താപനില 45 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുന്നതിനാല്‍ മേയ് മാസത്തിനു ശേഷമുള്ള യാത്ര അത്ര സുഖകരമാവില്ല. ശൈത്യകാലം താരതമ്യേന കൂടുതൽ മനോഹരമാണ്. യാത്ര മാർച്ച് മാസത്തിലാണെങ്കില്‍ പന്ന നാഷണൽ പാർക്കിലെ വന്യജീവികളെ കാണാനുമാകും.
English Summary: Panna Diamond Mines Madhya pradesh