ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ അവസാന കാലത്ത് ബ്രിട്ടനിലാണ് ആദ്യമായി ട്രാമുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്. ആദ്യകാലത്ത് കുതിരകൾ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാമുകളെത്തി. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു. ഓസ്ട്രേലിയ, ബെൽജിയം, ജർമനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്നും ട്രാമുകള്‍ ഓടുന്നുണ്ട്. ഇന്ത്യയിലാകട്ടെ, ട്രാം ഗതാഗതം നിലവിലുള്ള ഏക നഗരം കൊൽക്കത്തയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ട്രാം സംവിധാനമാണ് കൊൽക്കത്തയിലുള്ളത്. 

tram
tram-Belikova Oksana/shutterstock

കൊല്‍ക്കത്ത നഗരം സന്ദര്‍ശിക്കുന്നവരുടെ പ്രിയപ്പെട്ട കാഴ്ചകളില്‍ ഒന്നാണ് റോഡിന് നടുവിലെ പാളത്തിലൂടെ ഓടുന്ന ട്രാമുകള്‍. കൊൽക്കത്ത ട്രാംവേസ് കമ്പനി(സിടിസി) പിരിച്ചുവിട്ടതിനുശേഷം പശ്ചിമബംഗാൾ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(ഡബ്ല്യുബിടിസി) ആണ് ഇത് നടത്തുന്നത്. 1960 കളിൽ ട്രാം ശൃംഖലയ്ക്ക് 37 ലൈനുകൾ വരെ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളും അറ്റകുറ്റപ്പണികളുടെ  പോരായ്മയും യാത്രക്കാരുടെ എണ്ണത്തില്‍വന്ന കുറവും റോഡ്‌, പാലങ്ങള്‍ മുതലായവ നിര്‍മിച്ചതും കൊൽക്കത്ത മെട്രോയുടെ വിപുലീകരണവുമെല്ലാം കാരണം ഗതാഗതസൗകര്യങ്ങള്‍ കാലക്രമേണ വര്‍ദ്ധിച്ചതോടെ ട്രാം സര്‍വീസുകള്‍ ഒന്നൊന്നായി നിര്‍ത്തലാക്കി. നിലവിൽ രണ്ടു ട്രാമുകള്‍ മാത്രമാണ് പ്രവർത്തിക്കുന്നത്. 

ട്രാംജാത്ര ഉത്സവം 

കൊല്‍ക്കത്തയുടെ മുഖമുദ്രകളില്‍ ഒന്നായാണ് ട്രാമുകള്‍ കണക്കാക്കപ്പെടുന്നത്. നഗരം അടിസ്ഥാനമാക്കി നിര്‍മിച്ച ഒട്ടേറെ സിനിമകളിലും കലാസൃഷ്ടികളിലുമെല്ലാം ട്രാമുകള്‍ ഒരു പ്രധാനകഥാപാത്രമാണ്. അതുകൊണ്ടുതന്നെ ഇവ പൂര്‍ണമായും സ്മൃതിയിലേക്ക് മറയാന്‍ അനുവദിക്കാത്ത ഒട്ടേറെ ആളുകള്‍ ലോകമെങ്ങുമുണ്ട്. ഒന്നരനൂറ്റാണ്ട് കാലത്തെ ട്രാം സര്‍വീസിന്‍റെ പാരമ്പര്യം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത നഗരം ഇപ്പോള്‍. ഇതിന്‍റെ ഭാഗമായി ഫെബ്രുവരി 24 ന് ട്രാംജാത്ര ഉത്സവം നടക്കും. കൊല്‍ക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷന്‍ ആണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്.

1996 ൽ മെൽബണിൽ നിന്ന് കൊൽക്കത്തയിൽ നിന്നുമെല്ലാമുള്ള ട്രാം പ്രേമികള്‍ സംയുക്തമായി ആരംഭിച്ച ഒരു ട്രാം കാർണിവലാണ് ട്രാംജാത്ര. കലാകാരന്മാർ, പരിസ്ഥിതി പ്രവർത്തകർ, ട്രാം പ്രേമികളായ കമ്മ്യൂണിറ്റികൾ എന്നിവരുടെ അന്തർദേശീയ സഹകരണമാണ് ഇത്. കൊൽക്കത്തയുടെ ട്രാം പൈതൃകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാലാവസ്ഥാ വ്യതിയാനം, വായു മലിനീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവയെ മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ഒരാഴ്ചയോളം തുടരും. പൈതൃകം, ശുദ്ധവായു, ഗ്രീൻ മൊബിലിറ്റി എന്നിവയാണ് 2023 ട്രാംജാത്രയുടെ തീം. ഇതിനായി മൂന്നു പഴയ ട്രാമുകള്‍ പെയിന്‍റ് ചെയ്യും. ഈ ഉത്സവ ട്രാമുകൾ വിവിധ കലാസൃഷ്ടികൾ പ്രദർശിപ്പിച്ച് നഗരത്തിലുടനീളം സഞ്ചരിക്കും. ചലിക്കുന്ന ട്രാമിൽ യുവാക്കൾ സംഗീത,നാടക പ്രകടനങ്ങൾ നടത്തും.

ട്രാമിനെ സ്നേഹിക്കുക; ഭൂമിയെ രക്ഷിക്കുക; ട്രാം കൊൽക്കത്തയുടെ ഭാവി; ആഗോളതാപനം തടയാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നിങ്ങനെ നാലു മുദ്രാവാക്യങ്ങള്‍ ഇവര്‍ മുഴക്കും. നഗരത്തിലെ പൊതുഗതാഗത മാർഗമെന്ന നിലയിൽ ട്രാമുകളുടെ പ്രസക്തി ഊന്നിപ്പറയുന്ന ഒരു ധവളപത്രം പ്രസിദ്ധീകരിക്കും. ട്രാമിന്‍റെ ദീർഘകാല പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനുള്ള നടപടികളും ഇതിൽ ഉൾപ്പെടും. ഫെസ്റ്റിവലിന്‍റെ പ്രൊഡ്യൂസര്‍ കൂടിയായ മെൽബണിൽ നിന്നുള്ള വിരമിച്ച ട്രാം കണ്ടക്ടര്‍, റോബർട്ടോ ഡി ആൻഡ്രിയയായിരിക്കും കാര്‍ണിവലിന്‍റെ പ്രധാന ആതിഥേയൻ. പശ്ചിമ ബംഗാൾ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ പിന്തുണയോടെ നടക്കുന്ന പരിപാടിയിൽ ജർമനിയിൽ നിന്നുള്ള 25 പ്രതിനിധികളും പങ്കെടുക്കും.

English Summary: Tramjatra Festival in Kolkata

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com