ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ്; 100 രൂപയ്ക്കു സൈക്കിളിൽ ചുറ്റിക്കാണാം
Mail This Article
‘സൈക്കിളിൽ സഞ്ചരിക്കുമ്പോഴാണ് നിങ്ങൾ ഒരു നാടിനെ പൂർണമായും മനസ്സിലാക്കുന്നത്. കാറിൽ സഞ്ചരിക്കുമ്പോൾ ലഭിക്കുന്ന അറിവിനേക്കാൾ കൂടുതൽ വിവരങ്ങൾ ഒരു സൈക്കിളിൽ സഞ്ചരിക്കുമ്പോൾ ലഭിക്കും. ഒരു നാടിന്റെ സാംസ്കാരിക പൈതൃകം കൃത്യമായി അറിയണമെങ്കിൽ ഒരു സൈക്കളിൽത്തന്നെ സഞ്ചരിക്കേണ്ടി വരും...’ – ഏണസ്റ്റ് ഹെമിങ്‌വേ
ജൂൺ 3, ലോക സൈക്ലിങ് ദിനം. പരിസ്ഥിതി സൗഹൃദവും ആരോഗ്യപ്രദവുമായ ശീലമെന്ന നിലയിൽ ലോകമെമ്പാടും സൈക്ലിങ്ങിനോട് കമ്പമേറുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ സൈക്കിൾ ടൂറിസത്തിനു കഴിയുമെന്നതിനു സംശയമില്ല. അങ്ങനെ മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായി അസമിലെ മാജുലിയിൽ സൈക്കിൾ ടൂറിസം ഇപ്പോൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാജുലിയിൽ 100 രൂപ മുതൽ സൈക്കിൾ വാടകയ്ക്ക് എടുക്കാം അതിൽ ദ്വീപ് ചുറ്റിക്കാണാം.
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് ബ്രഹ്മപുത്ര നദിയിലെ മാജുലി. മൽസ്യബന്ധനത്തിലേർപ്പെടുന്ന മിഷിങ് ഗോത്രങ്ങൾ ഉൾപ്പെടെ നിരവധി പുരാതന ഗോത്രങ്ങൾ ഇവിടെ വസിക്കുന്നു. ഒരിക്കൽ ഭൂകമ്പത്തെത്തുടർന്നു ബ്രമ്ഹപുത്ര നദിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. അത് നദിയുടെ ഗതി തന്നെ മാറ്റി. അങ്ങനെ ഒഴുകിയെത്തിയ അവശിഷ്ടങ്ങളും മണ്ണും അടിഞ്ഞാണ് മാജുലി എന്ന ദ്വീപ് രൂപപ്പെട്ടതെന്നു കരുതപ്പെടുന്നു. അസമിന്റെ സാംസ്‌കാരിക തലസ്ഥാനം കൂടിയാണു മാജുലി.
ഇവിടെ ഇപ്പോഴും വെള്ളപ്പൊക്കമുണ്ടാകാറുണ്ടെങ്കിലും അത് മാജുലിവാസികളെ ആശങ്കപ്പെടുത്താറില്ല. ആറടിയോളം പൊക്കമുള്ള കോൺക്രീറ്റ് തൂണിനു മുകളിലാണ് ഇവർ വീടുപണിയുന്നത്. മഴക്കാലത്തു പക്ഷേ പലപ്പോഴും അതിനും മുകളിൽ വെള്ളം പൊങ്ങാറുണ്ട്. മണ്ണൊലിപ്പു വലിയ ഭീഷണിയാണ്. അതിശക്തമായ ഒഴുക്കും വെള്ളപ്പൊക്കവും കാരണം ദീപിന്റെ വലുപ്പം കുറഞ്ഞു വരികയാണ്.
മാജുലിയിലേക്കുള്ള യാത്ര
ഗുവാഹത്തിയിൽനിന്ന് ഏകദേശം എട്ടു മണിക്കൂർ യാത്ര ചെയ്താൽ ജോർഹട് എന്ന സ്ഥലത്തെത്താം. അവിടെനിന്ന് ഏകദേശം 15 കിലോമീറ്റർ മാറിയാണ് നീംതി ഘട്ട് ഫെറി സ്ഥിതി ചെയ്യുന്നത്. അവിടെനിന്ന് മാജുലിക്ക് ബോട്ട് കിട്ടും. നിലവിൽ ബോട്ട് മാർഗമേ മാജുലിയിൽ എത്താനാകൂ. ഒന്നര മണിക്കൂർ നദിയിലൂടെ സഞ്ചരിക്കണം. 2025 ൽ പൂർത്തിയാകുമെന്നു കരുതപ്പെടുന്ന, മാജുലിയിലേക്കുളള ഒരു പാലത്തിന്റെ നിർമാണം നടന്നുവരുന്നുണ്ട്. ബ്രഹ്മപുത്ര നദിക്കു കുറുകെ 8 കിലോമീറ്റർ നീളത്തിലാണ് പുതിയ പാലം.
ഇനി സൈക്കിൾ ടൂറിസത്തിലേക്ക് വരാം. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് എത്രമാത്രം കാർബൺ പുറന്തള്ളപ്പെടുന്നുവെന്ന് ഇപ്പോൾ കൃത്യമായി കണക്കാക്കിയിട്ടില്ല. എങ്കിലും 2009-2013 കാലഘട്ടത്തിൽ ടൂറിസം വഴിയുള്ള കാർബൺ ബഹിർഗമനം 3.9-ൽ നിന്ന് 4.5 Gt (ജിഗ ടൺ) CO2e ആയി വർധിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ 8% വരും. അതായത് കാർബൺ ബഹിർഗമനം കുറയ്ക്കാൻ അർഥവത്തായ സംഭാവന നൽകാൻ സൈക്കിൾ ടൂറിസത്തിന് കഴിയുമെന്ന് അർഥം.
Content Summary : Majuli a great place to experience the local culture and way of life. You can cycle through the villages.