കാടും കുളവും ഏദന്തോട്ടവും, കോട്ടയത്തെ അദ്ഭുത പാർക്ക്; ഇത് ഹരിതസ്വർഗം
Mail This Article
ആകാശത്തേക്ക് പടര്‍ന്നു പന്തലിച്ച മാന്തോട്ടങ്ങളും സുഗന്ധം പരത്തുന്ന പൂച്ചെടികളും നീന്തല്‍ക്കുളവും ബോട്ടിംഗുമൊക്കെയായി കേരളത്തിന്‍റെ ഒരു കൊച്ചുപതിപ്പാണ് മാംഗോ മെഡോസ് ടൂറിസം റിസോര്‍ട്ട്. മുപ്പതേക്കറില്‍, ഭൂമിയിലെ മുഴുവന്‍ പച്ചപ്പും സമാധാനവും കൊണ്ടിറക്കിയ സ്വപ്നഭൂമിയാണോ ഇതെന്ന് തോന്നിപ്പോകും. കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് സഞ്ചാരികള്‍ക്ക് കണ്ണിനും മനസ്സിനും കുളിരേകുന്ന ഈ ഹരിതസ്വര്‍ഗം സ്ഥിതിചെയ്യുന്നത്.
പ്രകൃതിസ്നേഹിയായ എൻ.കെ. കുര്യന്‍റെ ഒന്നര പതിറ്റാണ്ടു നീണ്ട പ്രയത്നത്തിന്‍റെ ഫലമാണ് മാംഗോ മെഡോസ്. നൂറ്റിരുപതോളം കോടി മുതല്‍മുടക്കി നിര്‍മിച്ച്, 2018- ല്‍ ഉദ്ഘാടനം ചെയ്ത പാര്‍ക്ക്, കുറഞ്ഞ കാലയളവില്‍ തന്നെ നിരവധി ബഹുമതികള്‍ നേടി. ഇന്ത്യയിലെ ആദ്യ മനുഷ്യ നിർമിത അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന ലിംക ബുക്ക് ഓഫ് റെക്കോർഡും, ലോകത്തിലെ ഏറ്റവും വലിയ അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന യുആര്‍എഫ് ലോകറെക്കോർഡുമെല്ലാം ഇതില്‍പ്പെടും.
സഞ്ചാരികള്‍ക്ക് ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ എന്നിവയെല്ലാമടക്കമുള്ള സൗകര്യങ്ങള്‍ ഈ ഇക്കോ ടൂറിസം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമ, ലോകത്തെ ഏറ്റവും വലിയ ബൈബിള്‍ ശില്‍പ്പം, ഏദന്‍തോട്ടം, സർപ്പക്കാവും അമ്പലക്കുളവും, 32 പേര്‍ക്ക് ഇരിക്കാവുന്ന ബാറ്ററിയിലോടുന്ന ട്രെയിന്‍, വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴകള്‍ എന്നിവയും പൂന്തോട്ടത്തില്‍ 800ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500ലധികം വള്ളിപ്പടര്‍പ്പുകളുമുണ്ട്. ഒട്ടേറെ മത്സ്യങ്ങൾ നിറഞ്ഞ ജലാശയവും പ്രണയികള്‍ക്കായുള്ള വാലന്റൈൻസ് ഗാർഡനും ഏദൻതോട്ടവുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
കൂടാതെ മരക്കൂട്ടം, കൃഷിയിടം, കന്നുകാലി ഫാം, ബോട്ട് സവാരി, റോപ് വേ, റസ്റ്ററന്‍റ്, റിസോർട്ട് എന്നിവയും കുളത്തിനു മുകളിലൂടെയുള്ള കേബിൾ കാർ, മുപ്പതേക്കർ തോട്ടം മുഴുവനായും കണ്ടാസ്വദിക്കാൻ പറ്റിയ വാച്ച് ടവർ, ഗുഹാ കോട്ടേജ് എന്നിവയുമാണ് തീം പാർക്കിന്‍റെ മറ്റു ചില സവിശേഷതകൾ. കൂടാതെ പെഡൽ ബോട്ടിങ്, റോ ബോട്ടിങ്, വാട്ടർ സൈക്കിൾ, ഗോ കാർട്ട്, ജലചക്രം, മീനൂട്ട്, റോപ് കാർ, ആർച്ചറി, ട്രാംപോ ലൈൻ, ബംപർ കാർ, സ്നൂക്കർ എന്നിങ്ങനെയുള്ള ആക്റ്റിവിറ്റികളും ആസ്വദിക്കാം.
പാര്‍ക്കിനുള്ളില്‍ത്തന്നെ കൃഷിചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മാംഗോ മെഡോസിലെ നാടൻ ചായക്കട, കള്ളുഷാപ്പ് എന്നിവ ഇതിനോടകം തന്നെ ഹിറ്റാണ്. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളർത്തിയ തേയിലത്തോട്ടമാണ് ഇവിടുത്തെ മറ്റൊരു കൗതുകക്കാഴ്ച.
എങ്ങനെ എത്താം?
കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം ആയാംകുടിയിലാണ് മാംഗോ മെഡോസ്. തെക്കു ഭാഗത്തു നിന്നും വരുന്നവര്‍ക്ക് മെഡിക്കൽ കോളജ്, നീണ്ടൂർ, കടുത്തുരുത്തി വഴി ആയാംകുടിയിലെത്താം. എറണാകുളത്തു നിന്നു വരുന്നവർ കടുത്തുരുത്തിയിൽ നിന്ന് നേരേ ആയാംകുടിയിലേക്ക് വരണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് +91 90725 80510, +91 90725 80509 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
English Summary: Mango Meadows Agricultural Theme Park