ADVERTISEMENT

കോഴിക്കോട് നഗരത്തിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് മനോഹരമായ പൊൻകുന്ന് മല സ്ഥിതിചെയ്യുന്നത്. ട്രെക്കിങ് ഇഷ്ടമുള്ള ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇവിടം. പ്രകൃതിഭംഗി കാരണം, ‘കോഴിക്കോടിന്‍റെ മീശപ്പുലിമല’ എന്നാണ് ഇവിടം അറിയപ്പെടുന്നത്. കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഈ മലനിരകള്‍ സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ്. മലയുടെ മുകളിൽ നിന്ന് നോക്കിയാൽ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം കോഴിക്കോടിന്‍റെ നാലു ദിക്കും വ്യക്തമായി കാണാം. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാനും ഒട്ടേറെ ആളുകള്‍ എത്തുന്നു. കോട പുതച്ച പുലര്‍കാലങ്ങളില്‍ സൂര്യന്‍ കുന്നിറങ്ങി വരുന്ന കാഴ്ച ആരുടേയും മനംകവരും.  

അപൂര്‍വ സസ്യങ്ങളും ജന്തുജാലങ്ങളും നിറഞ്ഞ ജൈവസമൃദ്ധിയാണ് പൊന്‍കുന്നിന്‍റെ മറ്റൊരു സവിശേഷത. പൊന്‍കുന്നിന്‍റെ സമീപപ്രദേശങ്ങള്‍ നിറയെ വൃക്ഷങ്ങളും ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. കിഴക്കേ ചെരിവിൽ കശുവണ്ടിത്തോട്ടവും വടക്കുചെരിവിൽ അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങളുമുണ്ട്. മഴക്കാലത്ത് മലയിലെ പുൽമേടുകള്‍ ഹരിതാഭ ചൂടി നില്‍ക്കുന്ന കാഴ്ച അതിസുന്ദരമാണ്.

pukkunnu-mala1
Image Source: youtube

കേരളത്തില്‍ ഏറ്റവുമധികം പക്ഷിയിനങ്ങള്‍ കാണപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് പൊന്‍കുന്ന്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വലിയപുള്ളി പരുന്ത്, ചെറിയ പുള്ളി പരുന്ത്, മേടുതപ്പി, വെളള അരിവാള്‍ കൊക്കന്‍, ചേരക്കോഴി എന്നിവയെല്ലാം ഇവിടെ കാണാം. മലബാര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി നടത്തിയ സര്‍വേയില്‍, 34 ദേശാടനപക്ഷികളടക്കം, 140 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തി. അതുകൊണ്ടുതന്നെ പക്ഷിനിരീക്ഷണത്തിനായി ഇവിടെയെത്തുന്നവരും കുറവല്ല. സെപ്റ്റംബർ മുതൽ മാർച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക.

പക്ഷികൾക്കുപുറമേ കാട്ടുപന്നി, കുറുക്കൻ, കാട്ടുപൂച്ച, കീരി, വെരുക്, അണ്ണാൻ, എലികൾ, പാമ്പുകൾ, മുയൽ തുടങ്ങിയ ജീവികളുടെ ആവാസകേന്ദ്രമാണിവിടം. വിവിധതരം ചിത്രശലഭങ്ങൾ, നിശാശലഭങ്ങൾ തുടങ്ങിയവയും ധാരാളമായി കാണപ്പെടുന്നു. കടുത്തവേനലില്‍പ്പോലും ഉറവ വറ്റാത്ത തണ്ണീര്‍ക്കുണ്ടും സമീപപ്രദേശങ്ങളിലേക്ക് ജലമെത്തിക്കുന്ന നീര്‍ച്ചാലുകളുമെല്ലാം പൊന്‍കുന്ന് മലയിലുണ്ട്. കൂടാതെ, മഴവെള്ള സംഭരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച ചെക്ക്ഡാമും ഇവിടെയുണ്ട്

കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ കാക്കൂര്‍ പതിനൊന്നേ നാലില്‍ നിന്ന് സംസ്‌കൃതം കോളേജ് റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍കുന്നിലെത്താം.

 

English Summary: Exploring The Hills Of Kozhikode Pukkunnu Mala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com