'സ്ത്രീകളെ ആകര്‍ഷിക്കാന്‍' തായ്‌വാനിലെ പാര്‍ക്ക്; ഗ്ലാസ് കഷ്ണങ്ങള്‍ കൊണ്ടൊരു ലോകവിസ്മയം

Mail This Article
തായ്‌വാനിലെ ബുഡായിലുള്ള ഓഷ്യന്‍ വ്യൂ പാര്‍ക്ക് സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായത് ഇവിടെയുള്ള പുതിയ ക്രിസ്ത്യന്‍ പള്ളിയുടെ വ്യത്യസ്തമായ രൂപഘടനയുടെ പേരിലാണ്. വലിയൊരു കോണ്‍ക്രീറ്റ് ഫലകത്തിനു മുകളിലായി, 55 അടി ഉയരവും 36 അടി വീതിയുമുള്ള നീല നിറത്തിലുള്ള ഗ്ലാസ് കൊണ്ട്, സ്ത്രീകള്‍ അണിയുന്ന ഹൈ ഹീല്‍ ഷൂവിന്‍റെ ആകൃതിയിലാണ് ഈ പള്ളി നിർമിച്ചിരിക്കുന്നത്. കഥകളില്‍ കേട്ട സിന്‍ഡ്രല്ലയുടെ ഷൂവിനെ ഓര്‍മിപ്പിക്കുന്ന രൂപത്തില്‍ പണിത ഈ പള്ളിക്ക് “സിൻഡ്രെല്ല ഹൈ-ഹീൽ ചർച്ച്” എന്നാണ് പേര് നല്‍കിയിരിക്കുന്നതും. പള്ളിയൊക്കെ ആണെങ്കിലും ഇവിടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. വിനോദസഞ്ചാരമാണ് പ്രധാനമായും ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്.
മേപ്പിൾ ഇലകൾ, പ്രണയികള്‍ക്കായുള്ള കസേരകൾ, ബിസ്കറ്റുകള്‍, കേക്കുകള്‍ തുടങ്ങി സ്ത്രീകളുടെ ഇഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്റീരിയര്‍ സവിശേഷതകളും അലങ്കാരങ്ങളുമാണ് ഇതിനുള്ളില്‍ ഒരുക്കിയിട്ടുള്ളത് എന്ന് അധികൃതര്‍ പറയുന്നു. ഇതു കാരണം കൂടുതല്‍ സ്ത്രീകള്‍ ഇവിടം സന്ദര്‍ശിക്കും എന്നാണ് അവരുടെ കണക്കു കൂട്ടല്‍.
1960 കളിൽ, ബ്ലാക്ക്ഫൂട്ട് രോഗം ബാധിച്ച് ദാരുണമായി മരിച്ച ഒരു 24 കാരിയുടെ ജീവിതമാണ് വിചിത്രമായ ഈ രൂപകൽപ്പനയ്ക്ക് പ്രചോദനമായത്. ആ പെണ്‍കുട്ടിയുടെ രണ്ട് കാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. രോഗം മൂലം വിവാഹം പോലും കഴിക്കാനാവാതെ, ജീവിതകാലം മുഴുവൻ ഒരു പള്ളിയിലായിരുന്നു അവള്‍ കഴിച്ചുകൂട്ടിയത്. 1950-60 കാലഘട്ടത്തില്‍ തീരപ്രദേശങ്ങളിൽ താമസിച്ചിരുന്ന പല സ്ത്രീകളും ഇതേ രോഗത്താല്‍ മരണപ്പെട്ടിരുന്നു.

2016 തുടക്കത്തിലാണ് പള്ളിയുടെ പണി പൂര്‍ത്തിയായത്. ഏകദേശം 320-ഓളം ഗ്ലാസ് കഷ്ണങ്ങള്‍ ലോഹഗ്രിഡില്‍ ചേര്‍ത്തു വച്ചാണ് ഇത് ഉണ്ടാക്കിയത്. രണ്ടു മാസത്തോളം സമയമെടുത്തു ഇതിന്‍റെ നിര്‍മാണം പൂര്‍ത്തിയാവാന്‍, ചിലവാകട്ടെ, ഏകദേശം $686,000 ആയിരുന്നു.
മതപരമായ ചടങ്ങുകൾക്കായി ഉപയോഗിക്കുന്നില്ലെങ്കിലും വിവാഹത്തിനും ഫോട്ടോ ഷൂട്ടുകൾക്കും പശ്ചാത്തലമായി ഈ കെട്ടിടം ഉപയോഗിക്കുന്നുണ്ട്. ഷൂവിന്‍റെ കാൽവിരലിന്‍റെ ഭാഗത്തായാണ് പള്ളിക്കുള്ളിലെ പ്രധാന ആരാധനാലയം വരുന്നത്. ഒരു ഔട്ട്‌ഡോർ സ്റ്റേജും ഇതിന് അനുബന്ധമായി നിർമിച്ചിട്ടുണ്ട്. അസ്തമയ സമയത്ത് മനോഹരമായി തിളങ്ങുന്ന ഷൂ പള്ളിക്ക് മുന്നില്‍ നിന്നും ഫോട്ടോ എടുക്കാന്‍ വിനോദസഞ്ചാരികളുടെ തിരക്കാണ്. അങ്ങേയറ്റം റൊമാന്‍റിക്കായ ഒരു സായാഹ്നം ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഇവിടം.
എന്നാല്‍, 'സ്ത്രീകളെ ആകര്‍ഷിക്കാന്‍' എന്ന മാര്‍ക്കറ്റിംഗ് തന്ത്രത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞ പ്രതികരണങ്ങളും ഈ ഘടനയെ കൂടുതല്‍ പ്രശസ്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ എല്ലാവരും ഷൂവും ഇതിനുള്ളിലെ സജ്ജീകരണങ്ങളും ഇഷ്ടപ്പെടും എന്നുള്ള പൊതുവായ കാഴ്ചപ്പാട് അംഗീകരിക്കാന്‍ ആവില്ലെന്നായിരുന്നു സ്ത്രീകളുടെ തന്നെ നിലപാട്.
English Summary:The Giant Glass Shoe Church of Taiwan