ലോകത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 6 സ്ഥലങ്ങള്‍

Mail This Article
പരിണാമങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ലോകം. ജീവികള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും കാലാവസ്ഥയ്ക്കുമെല്ലാം മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. ഇവയില്‍ ഗുണപരവും അല്ലാത്തതുമുണ്ട്. ദോഷമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്കു കാരണം മനുഷ്യരുടെ പ്രവൃത്തികളാണ്. തന്മൂലം ലോകത്തിന്‍റെ ഒട്ടേറെ ഭാഗങ്ങള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം അറിയാമോ? അത്തം ചില കാര്യങ്ങള്‍ പരിചയപ്പെടാം.
1. യൂറോപ്യന്‍ ആല്‍പ്സ്
മനോഹരമായ യൂറോപ്യന്‍ ആല്‍പ്സിലൂടെ സ്കീയിങ് ചെയ്യാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എന്നാൽ അധികം വൈകിക്കണ്ട. അധികകാലം ഈ ഭാഗം നിലനില്‍ക്കാന്‍ സാധ്യതയില്ലെന്ന് ശാസ്ത്രം പറയുന്നു. മറ്റു പല പർവതനിരകളെയും അപേക്ഷിച്ച്, അധികം ഉയരത്തിലല്ല ആല്‍പ്സ്.

അതുകൊണ്ടുതന്നെ, ആഗോളതാപനത്തിന്‍റെ ദോഷഫലങ്ങള്‍ ഈ പ്രദേശത്തെ എളുപ്പം ബാധിക്കും. ആഗോള ശരാശരിയുടെ ഇരട്ടിയിലധികമാണ് ഈ പ്രദേശത്തെ താപനിലയിലുള്ള വർധന. അതുകൊണ്ടുതന്നെ, 2050 വരെയേ ഈ ഭാഗത്തിന് ആയുസ്സുള്ളൂ എന്നാണു വിദഗ്ധര്‍ പറയുന്നത്.
2. ഫ്ലോറിഡ എവര്‍ഗ്ലേഡ്സ്
യുഎസ് സംസ്ഥാനമായ ഫ്ലോറിഡയുടെ തെക്കു ഭാഗത്തുള്ള സ്വാഭാവിക ഉഷ്ണമേഖലാ തണ്ണീർത്തട പ്രദേശമാണ് എവർഗ്ലേഡ്സ്. ഭൂമിയില്‍ മറ്റൊരിടത്തും കാണാത്ത ആവാസവ്യവസ്ഥയാണ് ഇവിടെ. ഒർലാൻഡോയ്ക്ക് സമീപം കിസിമ്മി നദിയിൽനിന്ന് വിശാലവും ആഴമില്ലാത്തതുമായ ഓകീക്കോബി തടാകത്തിലേക്ക് ജലം ഒഴുകുന്നതു മൂലമാണ് ഇത് രൂപപ്പെട്ടത്. മഴക്കാലത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം മുതൽ വേനലിലെ വരൾച്ച വരെയുള്ള നിരവധി കാലാവസ്ഥാ മാറ്റങ്ങള്‍ ഇവിടെ അനുഭവപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടിലുടനീളം ഈ ആവാസവ്യവസ്ഥയ്ക്ക് പലവിധ നാശനഷ്ടങ്ങളും സംഭവിച്ചു. വികസനത്തിനായി നടന്ന കയ്യേറ്റങ്ങള്‍ പരിസ്ഥിതിക്ക് ആഘാതങ്ങള്‍ വരുത്തി. ഇവിടെയുള്ള സൈപ്രസ് ചതുപ്പുകളും കണ്ടൽക്കാടുകളുമെല്ലാം നാമാവശേഷമാകാന്‍ ആരംഭിച്ചു. ഈ പ്രദേശത്തെ 14 ഇനം മൃഗങ്ങള്‍ ഇപ്പോൾ വംശനാശത്തിന്‍റെ വക്കിലാണ്.
3. വെനീസ്, ഇറ്റലി
വടക്കൻ ഇറ്റലിയിലെ അതിമനോഹരവും ചരിത്രപ്രാധാന്യമുള്ളതുമായ ഒരു നഗരമാണ് വെനീസ്.

റോഡുകൾ ഇല്ലാത്ത നാട്, ജലത്തിന്‍റെ നഗരം, പാലങ്ങളുടെ നഗരം, പ്രകാശത്തിന്‍റെ നഗരം, ഗൊണ്ടോല തുഴച്ചിൽകാരുടെ നാട് എന്നെല്ലാം അറിയപ്പെടുന്ന വെനീസ് യഥാർഥത്തില്‍ 118 ചെറിയ ദ്വീപുകളാണ്. വര്‍ഷങ്ങളായി വെള്ളത്തില്‍ പതിയെ മുങ്ങിക്കൊണ്ടിരിക്കുകയാണ് ഈ നഗരം. കടല്‍നിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ഈ പ്രദേശം ജലത്തിനടിയിലാകും എന്നാണു കരുതുന്നത്.
4. തുവാലു
ശാന്തസമുദ്രത്തിലെ ഒൻപതു ദ്വീപുകളുടെ സമൂഹമാണ് തുവാലു. ലോകത്തെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമായ തുവാലുവും നാശത്തിന്‍റെ വക്കിലാണ്.

ആഗോളതാപനം മൂലം സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് തുവാലുവിനും ഭീഷണി. സമുദ്രനിരപ്പില്‍നിന്ന് വെറും നാലു മില്ലി മീറ്റര്‍ മാത്രം ഉയരത്തിലാണ് തുവാലു. വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ തുവാലുവിനൊപ്പം പസഫിക്കിലെ നിരവധി ദ്വീപുകള്‍ കടലിനടിയിലാകും.
5. തിംബുക്തുവിലെ പള്ളികള്‍, മാല
പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിൽ നിർമിച്ച 3 പള്ളികളാണ് തിംബുക്തുവിന്‍റെ മുഖമുദ്ര.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളാണ് ഇവ. ചെളി കൊണ്ടാണ് ഇവയുടെ ചുവരുകള്‍ നിർമിച്ചിരിക്കുന്നത്. താപനിലയിലോ മഴയിലോ ഉണ്ടാകുന്ന വർധനവ് ഈ പള്ളികളുടെ നാശത്തിനു വഴിയൊരുക്കും.
6. പാറ്റഗോണിയ, അര്‍ജന്റീന
തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ് പാറ്റഗോണിയ. തെക്ക് ആൻഡീസ് പർവതനിരകള്‍, തടാകങ്ങൾ, പടിഞ്ഞാറ് ഹിമാനികൾ, കിഴക്ക് മരുഭൂമികൾ, പീഠഭൂമികള്‍ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. പടിഞ്ഞാറ് പസഫിക് സമുദ്രവും കിഴക്ക് അറ്റ്ലാന്റിക് സമുദ്രവും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന മഗല്ലൻ കടലിടുക്ക്, ബീഗിൾ ചാനൽ, ഡ്രേക്ക് പാസേജ് എന്നിവയും ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു.

ഇത്രയേറെ വൈവിധ്യമാര്‍ന്ന ഈ പ്രദേശവും മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇവിടത്തെ മനോഹരമായ ഹിമാനികൾ താപനിലയിലെ വർധനവും മഴയുടെ കുറവും കാരണം ഇതിനോടകം തന്നെ ചുരുങ്ങാൻ തുടങ്ങിയിട്ടുണ്ട്.
English Summary: Disappearing Places in the World