തുരങ്കത്തിനുള്ളിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം; ഉറവിടം അറിഞ്ഞാൽ ആരും അദ്ഭുതപ്പെടും
Mail This Article
പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ ടണല്‍, അകത്തേക്ക് കയറിയാലോ എങ്ങും പരക്കുന്ന പ്രകാശം കണ്ട് കണ്ണുതള്ളിപ്പോകും! എന്നാല്‍, ഈ വെളിച്ചത്തിന്‍റെ ഉറവിടം എന്താണെന്നറിഞ്ഞാല്‍ ശരിക്കും ഞെട്ടും; ഇത്തിരിയോളം പോന്ന പുഴുക്കളാണ് ഈ പ്രകാശം പുറത്തേക്ക് വിടുന്നത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ലിത്‌ഗോ, ന്യൂനെസ് എന്നിവയ്ക്കിടയിലുള്ള രണ്ടാം നമ്പര്‍ റെയിൽവേ തുരങ്കമാണ് സഞ്ചാരികള്‍ക്കായി ഈ കാഴ്ച ഒരുക്കുന്നത്. അതുകൊണ്ടുതന്നെ 'ഗ്ലോവേം ടണല്‍' എന്നാണ് ഈ തുരങ്കത്തിന്‍റെ ഓമനപ്പേര്. ഔദ്യോഗിക നാമമാകട്ടെ, മെട്രോപൊളിറ്റന്‍ ടണല്‍ എന്നാണ്.
വൊലെമി നാഷണൽ പാർക്കിനുള്ളിലാണ് ഇപ്പോൾ ഈ തുരങ്കമുള്ളത്. മനോഹരമായ കാഴ്ച കാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. തുരങ്കത്തിനു പുറത്ത് മനോഹരമായ മലയിടുക്കുകളും ഗുഹകളും പ്രകൃതിദൃശ്യങ്ങളുമെല്ലാമുണ്ട്. വൊലെമി നാഷണൽ പാർക്ക് അധികൃതരാണ് ഇവിടം പരിപാലിക്കുന്നത്. തുരങ്കത്തിന്‍റെ ഒരറ്റം അടച്ചിരിക്കുകയാണ്. കാടും പടലും പിടിച്ച് ഈ തുരങ്കം ആകെ മൂടിയ നിലയിലായിരുന്നു. 1995- ലാണ് ഇവിടം വീണ്ടും സഞ്ചാര യോഗ്യമാക്കിയത്. ആരുമില്ലാതെ കിടന്ന സമയത്താണ് ഈ തിളങ്ങും പുഴുക്കള്‍ ഇവിടം വീടാക്കി മാറ്റിയത്.
സഞ്ചാരികള്‍ക്ക് ന്യൂനെസില്‍ നിന്നും നിന്നും ഇവിടെക്കെത്താന്‍ റെയില്‍വേ ലൈനിലൂടെ പതിനൊന്നു കിലോമീറ്റര്‍ നീളുന്ന നടപ്പാതയുണ്ട്. കൂടാതെ ന്യൂനെസ് വനപ്രദേശത്തുകൂടി സൈക്ലിംഗ് നടത്തിയും ഇവിടെയെത്താം. 25 കിലോമീറ്റർ അകലെയുള്ള ലിത്‌ഗോയിൽ നിന്നോ ക്ലാരൻസിൽ നിന്നോ ഡ്രൈവ് ചെയ്ത ശേഷം, തുരങ്കത്തിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്ത് 1 കിലോമീറ്റർ നടന്നും ഉള്ളില്‍ എത്താം.
അരാക്നോകാംപ റിച്ചാർഡ്‌സെ എന്ന് പേരുള്ള ഒരുതരം ഫംഗസ് പ്രാണികളുടെ ബയോലൂമിനസെന്‍റ് ലാർവകളാണ് ടണലിനുള്ളില്‍ ഈ പ്രകാശം പുറപ്പെടുവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പ്രവർത്തിച്ചിരുന്ന ന്യൂനെസ് ഓയിൽ ഷെയ്ൽ ഖനികളിലേക്ക് സാധനങ്ങള്‍ കൊണ്ടു പോകുന്നതിനായി, ന്യൂനെസ് റെയിൽവേ ലൈനിന്‍റെ ഭാഗമായി 1907-ലാണ് 402.3 മീറ്റർ നീളമുള്ള ഈ തുരങ്കം നിര്‍മിച്ചത്. 1932 ൽ റെയിൽവേയുടെ പ്രവര്‍ത്തനം നിലച്ചു.
English Summary: Glow Worm Tunnel Australia