കേരളത്തിന്റെ വലുപ്പമുള്ള മലനിര; ആ ദൃശ്യഭംഗി ആരെയും വിസ്മയിപ്പിക്കും
Mail This Article
മരംകോച്ചുന്ന തണുപ്പിൽ രാവിലെ ആറരയോടെ യാത്ര തിരിച്ച സംഘം അഞ്ചു മണിക്കൂർ യാത്ര ചെയ്താണ് ഗ്രാൻഡ് കാന്യനിലെത്തിയത്. അരിസോനയിൽ നിന്ന് ഗ്രാൻഡ് കാന്യനിലേക്കുള്ള യാത്ര അവിസ്മരണീയമായി.ഭൂമിയിലെ മഹാത്ഭുതങ്ങളിലൊന്നാണു ഗ്രാൻഡ് കാന്യൻ. വഴിയോരങ്ങളിൽ ജോഷ്വാ ചെടികൾ രണ്ടാൾപ്പൊക്കത്തിൽ വളർന്നു നിൽക്കുന്നുണ്ടായിരുന്നു. മരുഭൂമിയിലെ കൽപവൃക്ഷം എന്നറിയപ്പെടുന്നമനോഹാരിതയാണ് ജോഷ്വാ ചെടി.
യാത്രയുടെ ആദ്യ മണിക്കൂറുകളിൽ മരുപ്രദേശത്ത് ധാരാളം ജോഷ്വാ ചെടികൾ കണ്ടു. റെഡ് ഇന്ത്യൻ വംശജരായ ഗോത്രവർഗക്കാർ ജോഷ്വാ ചെടിയുടെ കായും പൂവും ഭക്ഷിക്കാറുണ്ട്! ഈ ചെടിയുടെ തടിയിൽ നിന്നെടുക്കുന്ന നാരിൽ ബാഗും ചെരുപ്പും നെയ്‌ത് അവർ കരകൗശല വസ്തുക്കൾ നിർമിക്കുന്നു. സഹയാത്രികനായ മാധ്യമപ്രവർത്തകൻ ശങ്കരൻകുട്ടിയാണ് ഈ അറിവു പകർന്നു നൽകിയത്. പണ്ട്, റെഡ് ഇന്ത്യക്കാർ മാത്രം താമസിച്ചിരുന്ന പ്രദേശമായിരുന്നത്രേ ഇവിടം. പിൽക്കാലത്ത് യൂറോപ്പിൽ നിന്നുള്ളവർ കുടിയേറിയതോടെ അധിനിവേശത്തിന്റെ ചരിത്രം ആരംഭിച്ചു.
ചരിത്രവുംസമകാലിക ജീവിതവും തിരിച്ചറിഞ്ഞ ട്രിപ്പാണ് ഗ്രാൻഡ് കാന്യൻ യാത്ര. ന്യൂ ഇയർ ആഘോഷത്തോടനുബന്ധിച്ച് അരിസോനയിൽ വച്ച് കെ.എച്ച്.എൻ.എ.യുടെ ദ്വൈവാർഷിക കൺവെൻഷൻ നടത്തിയിരുന്നു. അതിന്റെ ഭാഗമായി കെ.എച്ച്.എൻ.എയിലെ കുടുംബാംഗങ്ങൾക്കു വേണ്ടി ഗ്രാൻഡ് കാന്യൻ ടൂർ സംഘടിപ്പിച്ചു. കേരളത്തിൽ നിന്നു സ്റ്റാൻഡ് അപ്പ് കോമഡിയ്ക്കായി അരിസോനയിലെത്തിയ എനിക്കും ആ ടൂറിൽ പങ്കെടുക്കാൻക്ഷണം ലഭിച്ചു. അരിസോന ടൗണിലെ ഗ്രാൻഡ് റിസോർട്ടിൽ നിന്നാണ് യാത്ര ആരംഭിച്ചത്. എട്ട് വോൾവോ ബസ്സുകളിലായി ഇരനൂറിലേറെ പേർ ഗ്രാൻഡ് കാന്യലിലേക്ക് പുറപ്പെട്ടു. കാഴ്ചക്കാരുടെ കണ്ണുകളെ തളച്ചിടുന്ന മാസ്മരിക ശക്തിയുള്ള മലനിരയാണ് ഗ്രാൻഡ് കാന്യൻ.
പുരാതന കാലത്ത് റെഡ് ഇന്ത്യൻ ഗോത്രവർഗ്ഗക്കാർ കരുതിയിരുന്നത് പോലെ, ഒരുപക്ഷേ അതു ദൈവികമാകാം. ഗ്രാൻഡ് കാന്യന്റെ സ്വാഭാവിക സൗന്ദര്യം വാക്കുകൾക്ക് അതീതമാണ്, നിർവചനങ്ങൾക്കപ്പുറത്താണ്.സഞ്ചാരിയെ,ഗവേഷകനെ, ചരിത്രാന്വേഷിയെ, ഭൂഗർഭശാസ്ത്രജ്ഞനെ, ഫൊട്ടോഗ്രഫറെ, ശിൽപകലാസ്വാദകനെ...ആ ദൃശ്യഭംഗിആരെയും വിസ്മയിപ്പിക്കും.കാരണം, ഗ്രാൻഡ് കാന്യൻ മലയിടുക്കിനു പകരം വയ്ക്കാൻ മറ്റൊന്നില്ല.
സൗത്ത് റിമ്മിൽ സ്കൈ വോക് നടത്താം
മഞ്ഞ വരകളുള്ള കറുത്ത പാമ്പിനെപ്പോലെ വളഞ്ഞു പുളഞ്ഞ റോഡിന്റെ ഒരു വശത്ത് മലകൾ. നിറഞ്ഞു തുളുമ്പി ഒഴുകിയിറങ്ങിയ കോൺ ഐസ്ക്രീമുകൾ പോലെ അതിനു മീതെ വെളുത്ത മഞ്ഞുപാടകൾ കണ്ടു. എതിരെ കടന്നു പോയ വാഹനങ്ങളുടെ മുകളിൽ ഐസ് കഷണങ്ങൾ ചിതറിക്കിടന്നിരുന്നു. മോളില്ഐസ് ഫാളാന്ന് തോന്നുന്നു..ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ സ്വദേശിനി രമ്യ അനിൽ പറഞ്ഞു. തുടർന്നങ്ങോട്ട് റോഡിലും വഴിയോരത്തും പെയ്തിറങ്ങിയ മഞ്ഞു തുള്ളികൾ കണ്ടു.
മരങ്ങളിൽ മഞ്ഞു വീഴുന്നതിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയില്ല. കുറച്ചു ദൂരം പോയപ്പോൾ ചക്രവാളത്തിനപ്പുറം ഇടത്തു നിന്നു വലത്തോട്ട്ചുവപ്പു കലർന്ന പാറക്കൂട്ടങ്ങൾ കണ്ടു. ഗ്രാൻഡ് കാന്യൻ നാഷനൽ പാർക്കിലന്റെ സൗത്ത് റിമ്മിലെ പ്രവേശനകവാടത്തിൽ എത്തിപ്പോൾ ഉച്ചയായി. മഞ്ഞുവീഴ്ച ഉള്ളതിനാൽ നോർത്ത് റിം അടച്ചിരുന്നു. വർഷം മുഴുവനും പ്രവേശനം ഉള്ള സ്ഥലങ്ങളാണു സൗത്ത് റിമ്മും വെസ്റ്റ് റിമ്മും. വെസ്റ്റ് റിമ്മിലെ ഈഗിൾ പോയിന്റിലാണ്ജനത്തിരക്ക്. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നായി ലക്ഷക്കണക്കിന് ആളുകൾ അവിടെ‘സ്കൈ വോക്കി’നായി എത്തുന്നു.