ഗ്രൂപ്പില്‍ പോസ്റ്റിട്ടാൽ മതി വീട്ടിലെത്തും സാനിറ്ററി പാഡ്; വൈറലായി 'പാഡ് വുമണ്‍'

Mail This Article
കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്നുള്ള ശക്തമായ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ പോലും കൃത്യമായി കിട്ടാതെ വിഷമിക്കുന്നവരുണ്ട്. ഇതിനിടെയാണ് ബംഗാളിലെ ഗ്രാമങ്ങളിലും മറ്റും സാനിറ്ററി പാഡുകള്‍ ലഭിക്കാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടുന്നത്. ഇവരുടെ വിഷമതകള്‍ മനസ്സിലാക്കി ഓരോ വീട്ടിലും ചെന്ന് പാഡുകള്‍ വിതരണം ചെയ്യുന്ന ഒരു കൂട്ടരുണ്ട്. പാഡ് വുമണ്‍ എന്നാണിവര്‍ അറിയപ്പെടുന്നത്. പാഡ് നല്‍കുന്നതിനൊപ്പം ആര്‍ത്തവവുമായി ബന്ധപ്പെട്ട ശുചിത്വത്തെക്കുറിച്ച് നിര്‍ദേശങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. അലിപുര്‍ദര്‍ എന്ന ഗ്രാമത്തില്‍ ഇത്തരത്തില്‍ പാഡ് വിതരണം ചെയ്യുന്ന സ്ത്രീകളെക്കുറിച്ചുള്ള വാര്‍ത്ത ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വൈറലായിരിക്കുന്നു.
ആര്‍ക്കും ഏതു സമയത്തും ബന്ധപ്പെടാന്‍ വേണ്ടി ഗ്രാമങ്ങളിലെ വീടുകളില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് ഇവര്‍ ഫോണ്‍ നമ്പരുകളും നല്‍കുന്നുണ്ട്. ആവശ്യമനുസരിച്ച് പാഡ് എത്തിച്ചുനല്‍കാനും ഇവര്‍ തയാറാണ്. ജില്ലയിലെ സബ് ഡിവിഷണല്‍ ഓഫിസര്‍ പ്രിയദര്‍ശിനി ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ സംഗി എന്ന പേരില്‍ ഒരു ഗ്രൂപ്പും ഇവര്‍ രൂപീകരിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളപ്പോള്‍ ഈ ഗ്രൂപ്പില്‍ പോസ്റ്റിട്ടാലും മതി. ഇതിലൂടെ, ലോക്ഡൗണ്‍ കാലത്തും സ്ത്രീകളും പെണ്‍കുട്ടികളും സുരക്ഷിതരും ശുചിത്വമുള്ളവരുമാണെന്ന് ഉറപ്പാക്കുകയാണിവര്.
പാഡ് വുമണ്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഒരു വ്യക്തിയാണ് സുമി മിത്ര. തങ്ങള്‍ ചെയ്യുന്ന നിസ്വാര്‍ഥ സേവനത്തെക്കുറിച്ച് ഇവര്‍ക്ക് അഭിമാനം മാത്രം. സേവനം കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇവര്‍ ആലോചിക്കുന്നുണ്ട്.
ഞങ്ങളുടെ ഹെല്പ് ലൈന്‍ നമ്പറില്‍ വിളിയെത്തിയാല് എത്രയും പെട്ടെന്ന് ആ സ്ത്രീയുടെ വീട്ടില്‍ ചെല്ലുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. സൗജന്യമായി പാഡും വിതരണം ചെയ്യും. ഇക്കഴിഞ്ഞ വ്യാഴാഴ്ച മാത്രം 70-ല്‍ അധികം സ്ത്രീകളെയാണ് ഞങ്ങള്‍ സഹായിച്ചത്- സുമി പറയുന്നു. ആര്‍ത്തവവുമായി ബന്ധപ്പെട്ട ശുചിത്വം ആഘോഷിക്കുന്ന ദിവസത്തില്‍ സുമി മിത്രയെപ്പോലുള്ളവരുടെ സേവനങ്ങള്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.