ആവണി അവിട്ടം , ഗായത്രി മന്ത്രം ഇങ്ങനെ ജപിച്ചാൽ ഇരട്ടിഫലം
Mail This Article
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയനത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്.
സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും സൂര്യൻ ഉച്ചസ്ഥായിൽ നിൽക്കുന്ന മദ്ധ്യാഹ്ന സമയത്തും സൂര്യാസ്തമയത്തിനു തൊട്ടുമുന്നെയുള്ള സായം സന്ധ്യയിലും ഗായത്രി ജപിക്കാം എന്ന് പറയപ്പെടുന്നു. രാവിലെ ജപിക്കുന്നതിലൂടെ സരസ്വതീദേവിയുടെ അനുഗ്രഹത്താൽ ജ്ഞാനവും ഉച്ചയ്ക്കു ജപിക്കുന്നതിലൂടെ ദുർഗ്ഗാദേവിയുടെ അനുഗ്രഹത്താൽ ദുരിതശാന്തിയും സന്ധ്യയ്ക്കു ജപിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താൽ ഐശ്വര്യവും ലഭിക്കും എന്നാണ് പറയപ്പെടുന്നത്. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു.
‘ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത് '
സാരം: ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.
ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊര്‍ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ മഹാമന്ത്രത്തിലെ 24 അക്ഷരങ്ങൾ മനുഷ്യ ശരീരത്തിലെ 24 ഗ്രന്ഥികളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഗ്രഹദോഷങ്ങൾ അലട്ടാതിരിക്കാൻ ഈ ജപം സഹായിക്കും. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം പോസിറ്റീവ് എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും.
English Summary : Significance of Gayathri Japam in Avani Avittam Day