ADVERTISEMENT

വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ് ഈ വർഷത്തെ വസന്ത പഞ്ചമി.

ബുദ്ധി, ജ്ഞാനം, അറിവ് എന്നിവയുടെയെല്ലാം ദേവതയാണ് സരസ്വതി. നല്ല അറിവുണ്ടാകാനും പഠനത്തിൽ പുരോഗതിയുണ്ടാകാനും കൃത്യമായ തീരുമാനങ്ങളെടുക്കാൻ വേണ്ട കഴിവ് ലഭിക്കാനും പറയേണ്ട കാര്യങ്ങൾ കൃത്യസമയത്ത് നാവിൽ വിളയാടാനുമൊക്കെ സരസ്വതീ കടാക്ഷം ആവശ്യമാണ്. രാജ്യം മുഴുവൻ ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി. മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാളാണ്‌ വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്‌. കേരളത്തിൽ വിജയദശമി ദിനത്തിലാണ് വിദ്യാരംഭം.

avanamcode-saraswathi-temple
ആവണംകോട് സരസ്വതി ക്ഷേത്രം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം. ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. വസന്തം, ഗ്രീഷ്മം ,വർഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെ ആറ് ഋതുക്കളാണുള്ളത്. കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും ഉത്തരേന്ത്യയിൽ വസന്ത പഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജയ്ക്ക്‌ വയ്ക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങളും ചിലങ്കയും സരസ്വതിയുടെ കാൽക്കൽ വച്ച്‌ പൂജിക്കുന്നു.

പഞ്ചാബിൽ കടുക് പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയാവുന്ന കാലമാണിത്. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയു ന്നു. വിഭവസമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു. ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നതും ഈ ദിവസമാണ്‌.സരസ്വതി പൂജയെന്നറിയപ്പെടുന്ന വസന്ത പഞ്ചമി, വസന്തത്തിന്റെ വരവിനായി ഒരുക്കങ്ങളെ കുറിക്കുന്ന ഉത്സവമാണ്. പ്രദേശങ്ങൾക്കനുസരിച്ച് വ്യത്യസ്ത രീതിയിലാണ് ഇത് ആഘോഷിക്കുക. ഈ ദിവസം സരസ്വതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും വഴിപാടുകൾ നടത്തുകയും ചെയ്യുന്നത് ഉത്തമമാണ്. വിജയദശമി ദിവസം വിദ്യാരംഭം കുറിക്കാൻ കഴിയാത്തവർക്ക് ഈ ദിവസം അതാകാം.

എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി എയർപോർട്ടിന് സമീപമുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ വസന്ത പഞ്ചമി വിപുലമായ ചടങ്ങുകളോടെയാണ് എല്ലാ വർഷവും ആഘോഷിക്കുന്നത്. മലയാളികൾ അല്ലാത്ത ധാരാളം ഭക്തർ ഇവിടെ ഈ ദിവസം എത്തിച്ചേരുന്നു. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യരുടെ വിദ്യാരംഭം കുറിച്ചു എന്ന് സങ്കൽപ്പിക്കുന്ന ക്ഷേത്രമാണിത്. എല്ലാ ദിവസവും ഇവിടെ വിദ്യാരംഭമുണ്ട്. ഇവിടെ ഗണപതിയും ദക്ഷിണാമൂർത്തിയും ഉപദേവന്മാരാണ്.

significance-of-vasant-panchami
വഴിപാടായി സമർപ്പിക്കുന്ന നാവ്, മണി, നാരായം. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളോടെയാണ് വസന്തപഞ്ചമി കൊണ്ടാടുന്നത്. രാവിലെ അഞ്ചു മുതൽ പത്തര വരെയും വൈകിട്ട് 5 മുതൽ 9 മണി വരെയുമാണ് ദർശന സമയം. രാവിലെ 7:30 മുതൽ 10.30 വരെയാണ് വിദ്യാരംഭവും ചോറൂണും. വൈകിട്ട് നിറമാലയും പുരാണ പാരായണവും കീർത്തനാലാപനവും വീണക്കച്ചേരിയും ചുറ്റുവിളക്കുമുണ്ട്. കുട്ടികൾക്ക് സ്ഫുടമായ ഉച്ചാരണം ഉണ്ടാവാനായി ഇവിടെ ‘നാവ് മണി നാരായം’ എന്ന പ്രത്യേക വഴിപാട് സമർപ്പിക്കുന്നു. ഇതിന് ശേഷം അദ്ഭുതകരമായ മാറ്റമാണുണ്ടാവുകയെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. വിദ്യാ വാഗീശ്വരീ പൂജ, സാരസ്വതമന്ത്ര പുഷ്പാഞ്ജലി, ജപിച്ച സാരസ്വതഘൃതം, മലർ പറ, താമരമാല, കടുംപായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.

ആവണംകോട് സരസ്വതി ക്ഷേത്രം ഫോൺ നമ്പർ–9846151002

English Summary:

Significance of Vasant Panchami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com