ജന്മമാസവും ഭാഗ്യസംഖ്യയും 5 ആണോ? ജീവിതത്തിൽ അദ്ഭുതകരമായ മാറ്റം ഉണ്ടാകാൻ
Mail This Article
ജ്യോതിഷ വിധിപ്രകാരം വിദ്യാകാരകനായ ബുധനാണ് മരതക രത്നത്തിന്റെ നാഥൻ. കറുകപ്പുല്ലിന്റെ നിറം, തത്തച്ചിറകിന്റെ നിറം, മയിൽപ്പീലി പച്ച, നെന്മേനിവാകപ്പൂ നിറം എന്നീ വർണങ്ങളിൽ മരതകം ലഭ്യമാണ്. രാസപരമായി ഈ രത്നം ബറീലിയം അലൂമിനിയം സിലിക്കേറ്റ് ഗ്രൂപ്പിൽപെടുന്നു. ഇതേ വിഭാഗത്തിൽ വേറെയും രത്നങ്ങൾ ഉണ്ട്.
മരതകത്തിന്റെ ഹാർഡ്നസ്സ് 7.5 ആണ്. സാന്ദ്രത 2.69 മുതൽ 2.80 വരെയും പ്രകാശ പ്രതിഫലനശേഷി 1.57 മുതൽ 1.58 വരെയുമാണ്. സാധാരണഗതിയിൽ മരതകത്തിനുള്ളിൽ അടയാളങ്ങളും മറ്റ് തരത്തിലുള്ള അന്യവസ്തുക്കളും കണ്ടേക്കാം. 100 % ശുദ്ധമായ മരതകം ലഭ്യമായാൽ തന്നെ അതിന് നല്ല വില കൊടുക്കേണ്ടി വരും.
മരതകം ആണെന്ന് തോന്നുന്ന പലതരം രത്നങ്ങൾ ലഭ്യമാണ്. എന്നാലവയൊന്നും മരതകമല്ല എന്ന് ജെം ടെസ്റ്റിംഗിലൂടെ മനസ്സിലാക്കാൻ സാധിക്കും. പച്ച നിറം ഉള്ള രത്നങ്ങൾ എല്ലാം മരതകമല്ല. ജാതകത്തിൽ ബുധന് ശക്തിക്കുറവ് ഉള്ളവർ മരതകം രത്നം ധരിക്കുന്നത് ശുഭഫലങ്ങൾ നൽകും.
മരതകം ധരിച്ചാൽ നല്ല ആരോഗ്യം, ശക്തമായ ശരീരം, മനസ്സ് എന്നിവ ലഭിക്കും. സാമ്പത്തികമായി ഉന്നമനം ലഭിക്കും. കുട്ടികൾ ഇല്ലാത്തവർക്ക് സന്താനഭാഗ്യം, ദുഃസ്വപ്നം കാണൽ ഇല്ലാതാകും. വിദ്യാഭ്യാസപരമായി ഉയരാനും ഓർമശക്തി വർധിക്കാനും മാനസിക ടെൻഷൻ കുറയ്ക്കാനും ജീവിത വിജയം നേടാനും മരതകം ധരിക്കുന്നത് നന്ന്. പരീക്ഷകളിലും, മത്സരപരീക്ഷകളിലും വിജയിക്കാനും മരതകം സഹായകരമാണ്.
മേടം, കർക്കടകം, ചിങ്ങം, വൃശ്ചികം, ധനു, മീനം ലഗ്നക്കാർ മരതകം ധരിക്കുന്നത് നല്ലതല്ല. എന്നാൽ ഈ ലഗ്നക്കാർ തൃക്കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവരാണെങ്കിൽ മരതകം ധരിക്കുന്നതിൽ ദോഷം ഇല്ല എന്നും കാണാൻ കഴിഞ്ഞിട്ടുണ്ട്.
ഭാഗ്യസംഖ്യ 5 –ൽ ജനിച്ചവർക്കും അതായത് 5–14–23 തീയതികളിൽ ഏത് മാസത്തിൽ ജനിച്ചവർക്കും 5–ാം മാസമായ മേയ് മാസത്തിൽ ജനിച്ചവർക്കും മരതകം ധരിക്കുന്നത് ഭാഗ്യാനുഭവങ്ങൾ നൽകും.
ജാതകത്തിൽ ബുധന് മൗഢ്യം, നീചം തുടങ്ങിയ ദോഷങ്ങൾ ഉള്ളവർ ധരിക്കുന്നത് ബുധന്റെ ശക്തി വർധിക്കാൻ സഹായിക്കും. മരതകത്തോടൊപ്പം പവിഴം, മാണിക്യം, ഗോമേദകം, വൈഡൂര്യം, മുത്ത്, മഞ്ഞപുഷ്യരാഗം ഇവ ധരിക്കരുത്. വിശേഷിച്ച് ഒരു മോതിരത്തിൽ ധരിക്കുന്നത് ഒട്ടും നല്ലതല്ല.
ജ്യോതിഷപരമായി ജാതക വിശകലനം നടത്തി മാത്രം മരതകം ധരിക്കുക. മരതകത്തിന് പകരം ധരിക്കാവുന്ന രത്നങ്ങൾ പെരിഡോട്ട്, ജേയ്ഡ്, ഗ്രീൻ ഓനിക്സ് എന്നിവയാണ്. മരതകത്തിന് തുല്യമായ ഫലം നൽകാൻ പെരിഡോട്ടിന് സാധിക്കും എന്നാണ് അനുഭവം.
മരതകം മോതിരമായോ ലോക്കറ്റായോ ധരിക്കാം. ബുധനാഴ്ച രാവിലെ ഉദയം മുതൽ ഒരു മണിക്കൂറിനകം ധരിക്കുക. വലത്, ഇടത് കയ്യിലെ ചെറുവിരലിലോ നടു വിരലിലോ മരതക മോതിരം ധരിക്കുക.
ലേഖകൻ
ആർ. സഞ്ജീവ് കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാർട്ട്മെന്റ്, തൈക്കാട് പി. ഒ.
തിരുവനന്തപുരം 695014
ഫോൺ– 8078908087
Email : jyothisgems@gmail.com