ADVERTISEMENT

ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം.

ലോകത്തെ മുഴുവൻ നശിപ്പിക്കാൻ ശക്തമായ കാളകൂടവിഷം ഭൂമിയിൽ പതിക്കാതെ ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങി പാനം ചെയ്ത രാത്രിയാണു ശിവരാത്രി എന്നാണ് ഐതിഹ്യം. അങ്ങനെ ലോകത്തെ നാശത്തിൽ നിന്നു രക്ഷിക്കുക മാത്രമല്ല, മംഗളം നൽകുക കൂടി ചെയ്തു പരമശിവൻ. അങ്ങനെ ശിവരാത്രി എന്ന വാക്കിന് മംഗളരാത്രി എന്ന അർഥം പ്രസക്തമാകുന്നു. ‘ശിവോഹം’ എന്നാണു ശൈവ തത്വചിന്തയുടെ കാതൽ. ശിവനും ഞാനും ഒന്നു തന്നെ എന്ന അദ്വൈതചിന്ത തന്നെയാണത്. അതുകൊണ്ട് ലോകത്തെ നാശത്തിൽ നിന്നു രക്ഷിക്കാൻ നാം ഓരോരുത്തരും സ്വയം തയാറാകണമെന്ന സന്ദേശം കൂടി ശിവരാത്രി മുന്നോട്ടു വയ്ക്കുന്നു.

മാഘമാസത്തിലെ കറുത്തപക്ഷ ചതുർദശി അർധരാത്രിക്കു വരുന്ന ദിവസമാണു ശിവരാത്രി ആയി ആചരിക്കുന്നത്. ശിവപുരാണം, ലിംഗപുരാണം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ ശിവരാത്രി എന്ന ദിവസത്തിന്റെ ഐതിഹ്യങ്ങളും ശിവരാത്രിവ്രതത്തിന്റെ പ്രാധാന്യവുമൊക്കെ വിശദമായി പറയുന്നു.

'ശിവരാത്രിവ്രതം വക്ഷ്യേ
ഭുക്തിമുക്തിപ്രദം ശൃണു
മാഘഫാൽഗുനയോർമധ്യേ
കൃഷ്ണാ യാ തു ചതുർദശീ...'
എന്നാണു ശിവരാത്രിയെക്കുറിച്ചു പുരാണങ്ങളിൽ പറയുന്നത്. മാഘമാസം തുടങ്ങിയതിനു ശേഷം ഫാൽഗുനമാസം തുടങ്ങുന്നതിനു മുൻപു വരുന്ന കറുത്ത പക്ഷ ചതുർദശി ദിവസമാണു ശിവരാത്രിവ്രതം ആചരിക്കേണ്ടത്. ഈ വ്രതം ഇഹലോകത്തു ഭുക്തി എന്ന സർവസൗഭാഗ്യങ്ങളും തരുന്നു. ഇതിനു പുറമേ ദുരിതങ്ങളിൽ നിന്നുള്ള മോചനമായ മുക്തിയും തരുന്നു എന്നു പുരാണങ്ങൾ വിശദീകരിക്കുന്നു.

പണ്ടു ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ഉയർന്നുവന്ന ലോകനാശകമായ കാളകൂടം എന്ന വിഷം ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങിയെന്നും അതു പാനം ചെയ്തപ്പോൾ പാർവതീദേവി ഭർത്താവിന്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ചു പ്രാർഥിച്ചെന്നുമാണ് ഐതിഹ്യം. അങ്ങനെ പാർവതീദേവി രാത്രി മുഴുവൻ ഉറക്കമിളച്ച് പരമേശ്വരനെ പ്രാർഥിച്ച ദിവസമായതിനാൽ ശിവരാത്രി ദിവസം രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചാൽ ശിവപ്രീതി ലഭിക്കും എന്നാണു വിശ്വാസം.

'ഗരളം തരളാനലം പുരസ്താ–
ജ്ജലധേരുദ്വിജഗാള കാളകൂടം
അമരസ്തുതിവാദമോദനിഘ്നോ
ഗിരിശസ്തന്നിപപൗ ഭവത്പ്രിയാർഥം’
എന്നു നാരായണീയം എന്ന ഭക്തികാവ്യത്തിൽ പറയുന്നതും ഈ കാളകൂടകഥ തന്നെ.

ശിവരാത്രി ദിവസം ഭക്ഷണവും രാത്രിയിലെ ഉറക്കവും ഒഴിവാക്കി ശിവഭജനം ചെയ്യണം എന്നു തന്നെ പുരാണങ്ങളിൽ പറയുന്നു:

‘ശിവരാത്രിവ്രതം കുർവേ
ചതുർദശ്യാമഭോജനം
രാത്രിജാഗരണേനൈവ
പൂജയാമി ശിവം വ്രതീ’

‘ചതുർദശിയിൽ ഭക്ഷണം കഴിക്കാതെ രാത്രി മുഴുവൻ ഉണർന്നിരുന്ന് വ്രതമനുഷ്ഠിച്ച് ഞാൻ ശിവനെ പൂജിക്കുന്നു’എന്ന്.

ഏതായാലും ശിവരാത്രി ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതും ഏറെ പുണ്യദായകമാണ്. പ്രപഞ്ചനാഥനായ ശിവന്റെ അനുഗ്രഹം ഇതിലൂടെ ഉണ്ടാകും എന്നു പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം പറയുന്നു.

English Summary:

Shivaratri, the night of auspiciousness, celebrates Lord Shiva's triumph over the deadly Kaala Koota poison. Observing the Shivaratri Vratam, involving fasting and prayer, is believed to bring blessings and liberation.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com