അസുരൻമാരെ തമ്മിലടിപ്പിച്ച തിലോത്തമ

Mail This Article
പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രശസ്തരായ സ്വർഗനിവാസികളായ വനിതകളാണ് അപ്സരസ്സുകൾ. സൗന്ദര്യത്തിന്റെയും ആകർഷണത്തിന്റെയും പ്രതിരൂപമായി അപ്സരസ്സുകൾ വിവരിക്കപ്പെടുന്നു. ഉർവശി, രംഭ, മേനക തുടങ്ങി പ്രശസ്തരായ അപ്സരസ്സുകളെക്കുറിച്ച് പുരാണത്തിൽ പരാമർശമുണ്ട്. ഇക്കൂട്ടത്തിൽപെടുന്ന മറ്റൊരു അപ്സരസ്സാണ് സൗന്ദര്യത്തിന്റെ നിറകുടമായ തിലോത്തമ. അഴകളവുകളും ആകർഷണത്വവും ഒരുമിച്ച ഈ സ്വർഗീയസുന്ദരിയുടെ ഉദ്ഭവകഥ മഹാഭാരതത്തിൽ നാരദമഹർഷി പാണ്ഡവരോട് വിവരിക്കുന്നുണ്ട്.
അനേകകാലം മുൻപ്, നികുംഭൻ എന്ന അസുരന്റെ രണ്ട് ആൺമക്കളായ സുന്ദനും ഉപസുന്ദനും മൂന്നുലോകങ്ങളെയും വിറപ്പിക്കുന്ന രീതിയിൽ മഹാശക്തരായി. അവരുടെ ഒരുമയായിരുന്നു അവരുടെ ഏറ്റവും വലിയ ശക്തി. ഒരേ രാജ്യം ഭരിച്ചും ഒരേ പാത്രത്തിലുണ്ടും ഒരേ ആശയങ്ങളും സ്വപ്നങ്ങളും പങ്കുവച്ചും അവർ നിലകൊണ്ടു. അവർ തമ്മിൽ യാതൊരു കാര്യത്തിലും വ്യത്യസ്ത ചിന്തകൾ ഉണ്ടായിരുന്നില്ല. അതായിരുന്നു അവരുടെ ഏറ്റവും വലിയ ശക്തിയും.

മരണത്തെ കീഴടക്കുന്നവരായിരിക്കണം തങ്ങളെന്ന് ഈ അസുര സഹോദരൻമാർ തീരുമാനിച്ചു. അതിനായി അവർ വിന്ധ്യ പർവതങ്ങളിലേക്കു പോയി ഘോര തപസ്സു തുടങ്ങി. സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോടായിരുന്നു അവരുടെ തപസ്സ്. പതിറ്റാണ്ടുകൾ ഈ തപസ്സ് നീണ്ടു. അവരുടെ യാഗാഗ്നിയിൽ നിന്നുള്ള പുക ആകാശത്തു മേഘം പോലെ പരന്നു. തപസ്സിന്റെ കാഠിന്യത്തിൽ ഭൂമി വിറയ്ക്കാൻ തുടങ്ങി. ദേവകൾ ഈ തപസ്സ് ആശങ്കയോടെ നിരീക്ഷിച്ചു.

ഒടുവിൽ ബ്രഹ്മാവ് സുന്ദനും ഉപസുന്ദനും മുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്തു വരമാണ് അവർക്ക് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.തങ്ങൾക്ക് മരണമുണ്ടാകരുതെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ആ വരം തരാൻ തനിക്കാകില്ലെന്നും പകരം മറ്റൊരു വരം തരാമെന്നും ബ്രഹ്മാവ് പറഞ്ഞു. സുന്ദന്റെ മരണം ഉപസുന്ദൻ മൂലവും ഉപസുന്ദന്റെ മരണം സുന്ദൻ മൂലവുമേ സംഭവിക്കൂ എന്നതായിരുന്നു ആ വരം. അസുര സഹോദരൻമാർ സന്തുഷ്ടരായി.

തങ്ങൾ തമ്മിൽ ഒരിക്കലും പിണങ്ങുകയോ ഏറ്റുമുട്ടുകയോ ചെയ്യില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. പുതുതായി ലഭിച്ച വരശക്തിയിൽ ഉന്മത്തരായി മാറിയ സുന്ദനും ഉപസുന്ദനും മൂന്നുലോകങ്ങളിലും പ്രശ്നങ്ങളുണ്ടാക്കി. സ്വർഗത്തിലെത്തി ദേവകളെ അവർ യുദ്ധം ചെയ്തു തോൽപിച്ചു. ഭൂമിയെമ്പാടും കൊള്ളയടികളും അക്രമങ്ങളും അവർ നടത്തി. മഹർഷിമാരുെട യാഗയജ്ഞങ്ങൾ അവർ തടസ്സപ്പെടുത്തി.

ദേവൻമാർ ബ്രഹ്മാവിനോട് പരാതി പറഞ്ഞു. ബ്രഹ്മദേവൻ ദേവശിൽപിയായ വിശ്വകർമാവിനെ വിളിച്ചുവരുത്തുകയും സുന്ദനും ഉപസുന്ദനും ഇടയിൽ അസൂയയും മത്സരവും സൃഷ്ടിക്കാൻ തക്കവണ്ണമുള്ള ഒരു സ്വർഗസുന്ദരിയെ സൃഷ്ടിക്കാൻ നിർദേശം നൽകുകയും ചെയ്തു. വിശ്വകർമാവ് പ്രപഞ്ചമെമ്പാടും യാത്ര ചെയ്തു. എല്ലാ ലോകങ്ങളിലെയും ഏറ്റവും നല്ല സൗന്ദര്യവസ്തുക്കളുടെ കണങ്ങൾ ശേഖരിച്ച് അദ്ദേഹം അതുകൊണ്ട് ഒരു യുവതിയെ സൃഷ്ടിച്ചു. ബ്രഹ്മാവ് അവൾക്കു ജീവൻ നൽകി, തിലോത്തമെയെന്ന പേരും. മനോഹരമായ വസ്തുക്കളുടെ അംശങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടവൾ എന്നാണു തിലോത്തമയുടെ അർഥം.

വിജയോന്മത്തരായ സുന്ദനും ഉപസുന്ദനും അപ്പോൾ തങ്ങളുടെ ഉദ്യാനത്തിൽ വിജയോന്മത്തരായി മദ്യം കുടിക്കുകയായിരുന്നു. അവരുടെ മുന്നിൽ വിശിഷ്ടമായ ഭക്ഷണങ്ങൾ നിരന്നിരുന്നു. അഴകുറ്റ സേവികമാർ അവർക്കു ചുറ്റും നിന്ന് വിശറി വീശി. ഈ സമയത്താണ് തിലോത്തമ ആ ഉദ്യാനത്തിലേക്ക് പറന്നിറങ്ങിയത്. അവൾ വന്നപ്പോൾ അവിടെയെല്ലാം പൂക്കളുടെ സുഗന്ധം നിറഞ്ഞു. തിലോത്തമയുടെ അരഞ്ഞാണത്തിൽനിന്നും ചിലങ്കകളിൽ നിന്നുമുള്ള ശബ്ദം കേട്ട് സുന്ദനും ഉപസുന്ദനും തിരിഞ്ഞുനോക്കി. അപാരമായ മുഖശ്രീയും കടഞ്ഞെടുത്തതുപോലെ അളകളവുകൾ കൃത്യമായുള്ളവളുമായ തിലോത്തമയെക്കണ്ട് അവർ അമ്പരന്നു നിന്നു. ആരാണു നീ സുന്ദരീ– അവർ ഒരേ സ്വരത്തിൽ ചോദിച്ചു.

ഞാൻ തിലോത്തമ. നിങ്ങളുടെ വീരേതിഹാസങ്ങളുടെ കഥകേട്ട് ആകൃഷ്ടയായി വന്ന ഒരു ആരാധിക– തിലോത്തമ പറഞ്ഞു. തന്റെ ഭാര്യയാകണമെന്ന് സുന്ദൻ അവളോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉപസുന്ദനും മുന്നോട്ടുവച്ചു. വശ്യമായ ചിരിയോടെ തിലോത്തമ പറഞ്ഞു. നിങ്ങളിൽ ആരാണോ ഏറ്റവും മികവുറ്റ പുരുഷൻ, അദ്ദേഹത്തിന് എന്റെ കഴുത്തിൽ താലിയണിയിക്കാം. ഇതു കേട്ട സുന്ദനും ഉപസുന്ദനും തമ്മിൽ തർക്കമായി. ആരാണു മികച്ചതെന്നായിരുന്നു തർക്കവിഷയം.

തർക്കം താമസിയാതെ കയ്യാങ്കളിയിലെത്തി. ഭീകരമായ തങ്ങളുടെ ഗദകളെടുത്ത് രണ്ടുപേരും അന്യോന്യം പ്രയോഗിച്ചു. കുറേ നേരത്തെ യുദ്ധത്തിനു ശേഷം ഇരുവരും ജീവൻനഷ്ടപ്പെട്ട് ഉദ്യാനത്തിൽ മറിഞ്ഞുവീണു. പൊടിപടലങ്ങൾ ഉയർന്നു പൊങ്ങി. ദുഷ്ടാസുരൻമാരിൽ നിന്നു 3 ലോകങ്ങളെയും രക്ഷിച്ച തിലോത്തമയ്ക്ക് ബ്രഹ്മാവ് വരം നൽകി. ആദിത്യലോകത്തിൽ ഇനിയുള്ള കാലം വസിക്കാനായിരുന്നു ആ വരം.
