ADVERTISEMENT

കൊച്ചി∙ ദിവസേനയെന്നോണം റെക്കോർഡുകൾ സൃഷ്ടിച്ചു കുതിക്കുന്ന സ്വർണവിലയിൽ കാര്യമായി സ്വാധീനമുണ്ടാക്കുന്നതാവും ഇത്തവണത്തെ ബജറ്റെന്നാണു ലഭിക്കുന്ന സൂചനകൾ. 15 ശതമാനമായിരുന്ന ഇറക്കുമതിത്തീരുവയിൽ 9% കുറവു വരുത്തി, 6 ശതമാനത്തിലേക്കു കുറയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ ബജറ്റിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. വലിയ നികുതിയിളവിന്റെ ഫലമായി ഒരു പവന്റെ വിലയിൽ 3560 രൂപയുടെ കുറവും വന്നു.

തീരുവ കുറഞ്ഞതോടെ ഇറക്കുമതി കുതിച്ചുയർന്നു. ബജറ്റിനു ശേഷമുള്ള മാസം 104 ശതമാനമായിരുന്നു സ്വർണ ഇറക്കുമതിയിലെ വർധന. 

Image : shutterstock/India Picture
Image : shutterstock/India Picture

കൃത്യമായ കണക്കുകളില്ലെങ്കിലും സ്വർണക്കള്ളക്കടത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ടെന്ന് മേഖലയിലുള്ളവർ തന്നെ വ്യക്തമാക്കുന്നു. തൊട്ടടുത്ത മാസങ്ങളിൽ ഇറക്കുമതിയിൽ വലിയ കുതിച്ചു ചാട്ടങ്ങളുണ്ടായില്ലെങ്കിലും ഡിസംബറിൽ പുറത്തുവന്ന, നവംബറിലെ ഇറക്കുമതി കണക്കുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായിരുന്നു. വ്യാപാരക്കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ്) റെക്കോർഡ് ഉയരത്തിൽ. 14.8 ബില്യൻ ഡോളറിന്റെ സ്വർണ ഇറക്കുമതി. ആകെ ഇറക്കുമതിയുടെ 21% സ്വർണം. പിന്നീട് സ്വർണത്തിന്റെ ഇറക്കുമതി സംബന്ധിച്ച കണക്കു കൂട്ടലുകളിൽ തിരുത്തുണ്ടെന്നു കേന്ദ്രം അറിയിച്ചെങ്കിലും വ്യാപാരക്കമ്മിയും ഇറക്കുമതിയും ഉയർന്നുതന്നെ നിൽക്കുന്നു.

അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിനുശേഷം ഡോളർ കരുത്താർജിക്കുകയും വിദേശനിക്ഷേപകരുടെ പിൻമാറ്റം നിർബാധം തുടരുകയും ചെയ്യുകയാണ്. രൂപയുടെ മൂല്യം ഡോളറിനെതിരെ 87ന്റെ പരിസരത്തേക്ക് ഇടിഞ്ഞു. അസംസ്കൃത എണ്ണവില 80 ഡോളറിനടുത്തു തുടരുന്നു. ജിഡിപി വളർച്ച നിരക്കു കുറയുക കൂടി ചെയ്ത സാഹചര്യത്തിൽ വ്യാപാരക്കമ്മി കുറച്ചുകൊണ്ടുവന്ന് സമ്പദ്‌വ്യവസ്ഥയുടെ ആരോഗ്യം തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തവണ ബജറ്റ് അവതരിപ്പിക്കുന്നത്.

Image : Shutterstock/AI
Image : Shutterstock/AI

ബജറ്റിൽ നികുതി ഉയർത്തി ഇറക്കുമതി നിയന്ത്രിക്കണമെന്ന നിർദേശമാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, നികുതി 3 ശതമാനത്തിലേക്കു കുറയ്ക്കണമെന്ന് വ്യവസായ മേഖലയിൽ നിന്ന് ആവശ്യവുമുണ്ട്. നികുതി ഉയർത്തുമെന്ന പ്രഖ്യാപനമുണ്ടായാൽ വില ഇനിയും ഉയരും. രാജ്യാന്തര കാരണങ്ങൾക്കൊണ്ട് വില അനുദിനം ഉയരുന്നതിനാൽ വലിയതോതിലുള്ള വർധന പെട്ടെന്നുണ്ടാകും. നികുതി ഇനിയും കുറയ്ക്കാനുള്ള സാധ്യതകൾ കുറവാണെങ്കിലും പരിഷ്കരിക്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ധനമന്ത്രി നിർമല സീതാരാമന്റെ തീരുമാനം എന്തുതന്നെയായാലും സ്വർണവിലയെ സംബന്ധിച്ചിടത്തോളം ബജറ്റ് നിർണായകമാണ്. 

Image : Shutterstock/AI
Image : Shutterstock/AI

റിസർവ് ബാങ്കിന്റെ ഗോൾഡ് ബോണ്ട് പദ്ധതിയെപ്പറ്റിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.  പദ്ധതി അവസാനിപ്പിക്കുന്നു എന്നു കേന്ദ്രം ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ ഫെബ്രുവരിക്കുശേഷം നിക്ഷേപകർക്കായി ബോണ്ട് ഇഷ്യു ചെയ്തിട്ടില്ല.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Gold prices are significantly influenced by the upcoming budget. The government might increase import duty on gold to address the rising trade deficit, leading to higher prices for consumers.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com