ആഭ്യന്തര റബർവിലയിൽ വൻ കുതിപ്പ്; രാജ്യാന്തര വിപണിക്ക് കിതപ്പ്

Mail This Article
കോട്ടയം ∙ ആഭ്യന്തര റബർ വില മികച്ച പ്രതീക്ഷ നൽകി മുന്നേറുമ്പോൾ രാജ്യാന്തര വിലയിൽ കിതപ്പ്. ആഭ്യന്തര വിപണിയിൽ ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4നു വില കിലോഗ്രാമിന് 208 രൂപയാണ്. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില കിലോഗ്രാമിന് 206 രൂപയായി ഉയർന്നു. അതേസമയം, ആർഎസ്എസ് 4നു ബാങ്കോക്ക് മാർക്കറ്റിൽ വില കിലോഗ്രാമിന് 200.72 രൂപയാണ്.
വിപണിയിൽ സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് ആഭ്യന്തര വിലയെ സ്വാധീനിക്കുന്നത്. വേനലിൽ മുടങ്ങിക്കിടന്ന ടാപ്പിങ് പലയിടത്തും പുനരാരംഭിച്ചു വരുന്നതേയുള്ളൂ. മെച്ചപ്പെട്ട മഴ ലഭിക്കുന്നതോടെ ടാപ്പിങ് ഉഷാറാവുകയും ആഭ്യന്തര മാർക്കറ്റിൽ ചരക്കുവരവ് കൂടുകയും ചെയ്യും.
ഇക്കുറി ആഗോളതലത്തിൽ ഉൽപാദനം കുറഞ്ഞേക്കുമെന്നും വില ഇനിയും മെച്ചപ്പെട്ടേക്കാമെന്നും വിദഗ്ധർ പറയുന്നു. യുഎസിന്റെ താരിഫ് നയത്തെ തുടർന്നു ചൈനയിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണു രാജ്യാന്തര വിലയെ ബാധിച്ചത്.
ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business