‘ഒരു നുള്ളു പുകയില കടലാസിൽ ചുരുട്ടിയതിന്റെ ഒരറ്റത്ത് തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയും’
Mail This Article
ഒരു നുള്ളു പുകയില കടലാസിൽ ചുരുട്ടിയതിന്റെ ഒരറ്റത്ത് തീയും മറ്റേയറ്റത്ത് ഒരു വിഡ്ഢിയും എന്നാണു പുകവലിയെക്കുറിച്ച് ബർണാഡ് ഷാ പറഞ്ഞത്. ഇതിലും നല്ലൊരു നിർവചനം അതിനില്ല. മഹാത്മാക്കളൊക്കെ ജീവിതം ലഹരി ആക്കിയവരാണ്. എന്നാൽ ലഹരിയെ ജീവിതമാക്കിയവർ മഹാ ദുരന്തം ഏറ്റു വാങ്ങിയിട്ടുമുണ്ട്. മറ്റുള്ളവരുടെ മുൻപിൽ ആളാകാൻ, വളർന്നു വലിയ ആളായി എന്നു കാണിക്കാൻ ഒക്കെ കുട്ടികൾ തുടങ്ങുന്ന പുകവലി അവരുടെ ഭാവി ജീവിതമാകെ പുകമറയിലാക്കി ദുരന്തത്തിലവസാനിക്കുന്നു.
വലിക്കാതെ വലയുന്നവർ
പുക വലിക്കുന്നവർ കൊല്ലുന്നത് അവനവനെ മാത്രമല്ല, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൂടിയാണ്. നേരിട്ടുള്ള പുകവലിയേക്കാൾ അപകടകരമാണ് പരോക്ഷ പുകവലി. പുകവലിക്കുന്നവരുടെ സമീപമുള്ളവർക്കും പുക ശ്വസിക്കുന്നതു വഴി പുകവലിക്കുന്നവർക്കുള്ള അതേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.
നിർത്താൻ സഹായിക്കാം
യുകെയിൽ എല്ലാ വർഷവും മാർച്ച് രണ്ടാം വാരത്തിലെ ബുധനാഴ്ച നോ സ്‌മോക്കിങ് ഡേ ആചരിക്കുന്നു. പുകവലിയിൽ നിന്നു മുക്തരാകാൻ ആഗ്രഹിക്കുന്നവരെ അതിനു സഹായിക്കുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ലോകം മുഴുവൻ നേരിടുന്ന പ്രശ്നമായതിനാൽ ഇത് രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റി. ലോക പുകയില വിരുദ്ധ ദിനമായി ലോകാരോഗ്യ സംഘടന (WHO) ആഹ്വാനം ചെയ്തിരിക്കുന്നത് മേയ് 31 ആണല്ലോ. UN അംഗങ്ങളായ രാജ്യങ്ങളൊക്കെ ഈ ദിനം ആചരിക്കുന്നു. ആദ്യ നോ സ്‌മോക്കിങ് ഡേ 1984 ലെ ആഷ് വെനസ്‌ഡേ ആയിരുന്നു. പിന്നീട് മാർച്ചിലെ രണ്ടാം ബുധനാഴ്ച ആചരണത്തിന് തിരഞ്ഞെടുത്തു.
കൊലയാളിപ്പുക
അർബുദമുൾപ്പടെയുള്ള ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, ആസ്മ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മാരക രോഗങ്ങളാണ് പുകവലിക്കുന്നവരെ കാത്തിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നവരിൽ 50% ആളുകൾ ഇതിന്റെ ഉപയോഗം മൂലം മരണപ്പെടുന്നു എന്ന കണക്ക് മാത്രം മതി ഇതിന്റെ അപകടം ബോധ്യപ്പെടാൻ. 2009ലെ ദിനാചരണത്തിന് ശേഷം നടത്തിയ പഠനത്തിൽ പുകവലിക്കുന്നതിൽ പത്തിലൊരാൾ പുകവലി നിരോധന ദിനത്തിൽ ഈ ശീലം ഉപേക്ഷിക്കുന്നതായി കണ്ടെത്തി. ദുശ്ശീലങ്ങളിൽ ജീവിതം തുലയ്ക്കുന്ന യുവജനങ്ങളെ നേർവഴിയിൽ തിരികെ കൊണ്ടുവരാൻ ഇത്തരം ദിനാചരണങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.
Content summary : Health effects of cigarette smoking