ഏഴു വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന നിഗൂഢദ്വീപ് - ഭീമാകാര മുയലുകളും തിളങ്ങുന്ന മനുഷ്യരും
Mail This Article
ഹൈ ബ്രസീലെന്നു കേട്ടിട്ടുണ്ടോ? ഫുട്ബോളിൻറെ പറുദീസയായ ബ്രസീലുമായി ഒരു ബന്ധവുമില്ല ഹൈ ബ്രസീലിന്. ഉത്തര അറ്റ്ലാന്‍റിക് സമുദ്രത്തിൽ അയർലൻഡ് തീരത്തു നിന്ന് 200 മൈൽ അകലെ സ്ഥിതി ചെയ്യുന്നു എന്ന് കരുതപ്പെടുന്ന ഒരു ദ്വീപാണു ഹൈ ബ്രസീൽ.
ഈ ദ്വീപ് ഉണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ഇതുവരേയില്ല. എങ്കിലും ആറു നൂറ്റാണ്ടിലധികമായി ഈ കാണാദ്വീപിനെക്കുറിച്ചുള്ള നിറംപിടിപ്പിച്ച കഥകൾ പ്രചരിക്കുന്നു. 1325 ൽ മെഡിറ്ററേനിയൻ കാർട്ടോഗ്രഫറായ ആഞ്ജലിനോ ഡി ഡൊലോർട്ടോയാണ് ഈ ദ്വീപ് ആദ്യമായി ഭൂപടത്തിൽ രേഖപ്പെടുത്തിയത്. വിചിത്രമായ രീതിയിൽ പൂർണവൃത്താകൃതിയുള്ള ദ്വീപാണിതെന്നാണ് അദ്ദേഹം വിവരിച്ചത്. 1497ൽ ഇറ്റാലിയൻ പര്യവേഷകനായ ജോൺ കാബോട്ട് ഈ ദ്വീപിലെത്തിയെന്ന് അവകാശവാദം ഉന്നയിച്ചു. പിന്നീട് 1674 ല്‍ ഐറിഷ് ക്യാപ്റ്റനായ ജോൺ നിസ്ബെത്തും ദ്വീപ് സന്ദർശിച്ചിട്ടുണ്ടെന്നു പറഞ്ഞു.
ദ്വീപിൽ ഭീമാകാരരായ കറുത്ത മുയലുകളും തിളങ്ങുന്ന മനുഷ്യരുമുണ്ടെന്നു നിസ്ബെത്ത് വിവരിച്ചത് ഈ ദ്വീപിനെക്കുറിച്ചുള്ള കൗതുകവും അഭ്യൂഹങ്ങളും ഉയർത്തിവിട്ടു. 1872 ൽ ടി.ജെ.വെസ്ട്രോപ്പെന്ന എഴുത്തുകാരനാണ് ഈ ദ്വീപിലെത്തിയെന്ന് അവസാനമായി അവകാശവാദമുന്നയിച്ചയാൾ. പലരും തേടിയിട്ടും ഹൈ ബ്രസീൽ കണ്ടെത്തിയിട്ടില്ല. അന്യഗ്രഹജീവികളുണ്ടെന്നു വിശ്വസിക്കുന്നവർക്കും ഈ ദ്വീപിൻറെ കാര്യത്തിൽ താൽപര്യമുണ്ട്. ഭൂമിയിലെ അന്യഗ്രഹജീവികളുടെ താവളമാണ് അതെന്ന് അവർ പറയുന്നു. ഏഴു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ ദ്വീപ് പ്രത്യക്ഷമാകുന്നതെന്ന് വേറൊരു വിശ്വാസവുമുണ്ട്. ഫാൻറം ഐലൻഡ് എന്ന ഗണത്തിലാണ് ഹൈ ബ്രസീലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.