ADVERTISEMENT

മാവേലിക്കര ∙ മലയാളം പാഠപുസ്തകത്തിൽ നിന്നു പഠിച്ച പത്തായവും പാഠഭാഗത്തിന്റെ രചയിതാവിനെയും കാണാൻ പുലിക്കുന്നിൽ നിന്നു കുട്ടിക്കൂട്ടം മാവേലിക്കരയിലെത്തി. കോട്ടയം മുണ്ടക്കയം ഭദ്രാമഠം പുലിക്കുന്ന് ഗവ.ട്രൈബൽ എൽപിഎസ് നാലാം ക്ലാസിലെ 11 വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ആണ് ഇന്നലെ മാവേലിക്കരയിൽ എത്തിയത്. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര എഴുതിയ പത്തായം എന്ന പാഠം നാലാം ക്ലാസിലെ മലയാള പാഠപുസ്തകത്തിൽ പഠിക്കാനുണ്ട്.

പത്തായം എന്താണെന്ന് അറിയാത്ത കുട്ടികളെ പത്തായം കാണിക്കാൻ അധ്യാപകർ തീരുമാനിച്ചു. പാഠത്തിന്റെ രചയിതാവിനെ ഫോണിൽ വിളിച്ചു. പത്തായം മാത്രമല്ല, ഓണാട്ടുകരയിലെ പുരാതന വസ്തുക്കൾ അടുത്തറിയാൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിലെ ഓണാട്ടുകര സാംസ്കാരിക, കാർഷിക പൈതൃക മ്യൂസിയത്തിലേക്ക് എത്താൻ മുരളീധരൻ തഴക്കര നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൈതൃക മ്യൂസിയത്തിൽ എത്തിയ കുട്ടിക്കൂട്ടം രണ്ടു മണിക്കൂറിലേറെ സമയം ചെലവഴിച്ചു.

പുസ്തകത്താളിൽ ചിത്രമായി മാത്രം കണ്ട പത്തായം അടുത്തു കാണുകയും സ്പർശിക്കയും ചെയ്തപ്പോൾ പിഞ്ചുകുട്ടികൾക്കു ആഹ്ലാദം. പത്തായം കാണാനായി മലയിറങ്ങി എത്തിയവർ ഓണാട്ടുകരയിലെ കാർഷിക, ഗൃഹോപകരണങ്ങളും മനം നിറയെ കണ്ടു. ഓരോ ഉപകരണങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു വിശദാംശങ്ങൾ നോട്ട്ബുക്കിൽ കുറിച്ചെടുത്താണു മടങ്ങിയത്. അധ്യാപികമാരായ സി.ഡി.ജയന്തി, അനുപ്രിയ ഗോപി, റോസ് മേരി, രക്ഷാകർത്താക്കളായ ശാരി, സുരേഷ് എന്നിവരാണു കുട്ടികളുമായെത്തിയത്. ട്രൈബൽ മേഖലയിലെ സ്കൂളിൽ 42 കുട്ടികളും 4 സ്ഥിരം അധ്യാപകരുമാണുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് ഇന്ദിരാദാസിന്റെ അധ്യക്ഷതയിൽ നടന്ന മുഖാമുഖം പരിപാടിയിൽ കുട്ടികളും അധ്യാപകരും ഓണാട്ടുകരയിലെ വേറിട്ട കാഴ്ചയുടെ അനുഭവങ്ങൾ പങ്കുവച്ചു. കുട്ടികൾ ഉന്നയിച്ച സംശയങ്ങൾക്കു മുരളീധരൻ തഴക്കര മറുപടി നൽകി. കാർഷിക പൈതൃക മ്യൂസിയത്തിന്റെ സൂത്രധാരനായ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജി.കെ.ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം അജയൻ, ബ്ലോക്ക് ഓഫിസ് ഉദ്യോഗസ്ഥ മായ എന്നിവർ കുട്ടികളോടു സംവദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com