ഒരു വർഷംകൊണ്ട് 19 രാജ്യങ്ങൾ, സന്ദർശിക്കാൻ മരപ്പണിക്കാരായ ഫ്രഞ്ച് സ്വദേശികൾ

Mail This Article
ആലപ്പുഴ ∙ ഒരു വർഷം കൊണ്ടു 19 രാജ്യങ്ങൾ കാണുക! ഫ്രഞ്ച് സ്വദേശികളായ പോൾ തോമസും (27) ക്ലിമോ ബർത്തിനിയും(28) അതിനായി കൂട്ടിവച്ചത് 5 വർഷത്തെ സമ്പാദ്യവും ഒരു ചെറിയ വാനും. ബാല്യകാല സുഹൃത്തുക്കളായ പോളും ക്ലിമോയും മരപ്പണിക്കാരാണ്. ചെറുപ്പം മുതലേയുള്ള ആഗ്രഹമാണു ലോകയാത്ര. അതിനായി കഷ്ടപ്പെട്ടു ജോലി ചെയ്തു. അനാവശ്യ ചെലവുകളെല്ലാം ഒഴിവാക്കി പണം സ്വരൂപിച്ചു. ഒരു ചെറിയ വാൻ യാത്രയ്ക്കായി ഒരുക്കി.
തണുപ്പുള്ള സ്ഥലങ്ങളിൽ എത്തിയാൽ തീ കായാനുള്ള സൗകര്യമുൾപ്പെടെ അതിലുണ്ട്. വാൻലൈഫ് ആസ്വദിച്ചാണു യാത്ര.‘‘പുതിയ സ്ഥലങ്ങൾ കാണണം, അവിടത്തെ സംസ്കാരം മനസ്സിലാക്കണം, ജനങ്ങളെ അറിയണം–അതാണു യാത്രയുടെ ഉദ്ദേശ്യം. ചെലവു കുറയ്ക്കാനാണു വാനിലെ യാത്ര. താമസവും പാചകവുമുൾപ്പെടെ ഇതിനകത്തു നടക്കും. ഇറാനിൽ പെട്രോളിനു വിലക്കുറവായിരുന്നു. അവിടെ നിന്ന് അപ്പോൾ കൂടുതൽ പെട്രോൾ വാങ്ങി’’– പോൾ പറഞ്ഞു. ചെറിയ യാത്രകൾക്കായി 2 സൈക്കിളും വാനിലുണ്ട്.
2022 സെപ്റ്റംബറിൽ യാത്ര തുടങ്ങി. ആദ്യം ഇറ്റലി, 8 രാജ്യങ്ങൾ ഇതിനകം കണ്ടുകഴിഞ്ഞു. ആലപ്പുഴയിലെ കടലും കായലുമാണ് ഇവരെ ആകർഷിച്ചത്. വാനിൽ ശ്രീലങ്കയിലേക്കു പോകാൻ പറ്റാത്തതിനാൽ ആ യാത്ര മാത്രം വിമാനത്തിൽ. തിരിച്ചെത്തിയാൽ നേരെ കൊച്ചി. അവിടെ നിന്ന് നേപ്പാൾ, ചൈന...