ജലനിരപ്പ് ഉയർന്നു, കുട്ടനാടിന്റെ ആശങ്കയും; പാടശേഖരങ്ങൾ മട വീഴ്ചാ ഭീഷണിയിൽ
![flood പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരത്തിലെ പുറംബണ്ടിലുണ്ടായ വിള്ളൽ (അള്ള) തടയാൻ കർഷകരും നാട്ടുകാരും ശ്രമിക്കുന്നു. ഒരു പകൽ മുഴുവൻ പരിശ്രമിച്ചെങ്കിലും അള്ള തടയാൻ സാധിക്കാതെ വന്നതോടെ മടവീണു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/alappuzha/images/2024/11/19/flood.jpg?w=1120&h=583)
Mail This Article
കുട്ടനാട് ∙ ജലനിരപ്പ് വീണ്ടും ഉയർന്നു. ആശങ്ക ഒഴിയാതെ കുട്ടനാട്. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ വേലിയേറ്റവുമാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 2 ദിവസം കൂടി സമാന രീതി തുടരാനാണ് സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. ഒരു പാടശേഖരത്തിൽ കൂടി മട വീണു. ദുർബലമായ പുറംബണ്ട് ഉള്ള പാടശേഖരങ്ങൾ മട വീഴ്ചാഭീഷണിയിലാണ്. പെട്ടിമട തള്ളിപ്പോകാൻ സാധ്യത കൂടുതലായതിനാൽ വിത കഴിഞ്ഞ പാടശേഖരങ്ങളിൽ അടക്കം പമ്പിങ് നിർത്തി വച്ചു.
പല പാടശേഖരങ്ങളുടെയും പുറംബണ്ടുകളിൽ വിള്ളൽ (അള്ള) രൂപപ്പെടാൻ തുടങ്ങിയെങ്കിലും കർഷകരുടെ സമയോചിതമായ ഇടപെടൽ മൂലം മടവീഴ്ച ഒഴിവാക്കുന്നു. പക്ഷേ ഭീഷണി ഒഴിവായിട്ടില്ല.രാവിലെയും വൈകിട്ടുമാണ് അതിശക്തമായ വേലിയേറ്റം ഉണ്ടാകുന്നത്. ഈ സമയത്ത് ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ എത്തുന്നുണ്ട്. ഉച്ചയോടെ ജലനിരപ്പിൽ കുറവ് ഉണ്ടാകുമെങ്കിലും വൈകിട്ടു വീണ്ടും ജലനിരപ്പ് ഉയരുന്നു. ജലനിരപ്പു കുറയ്ക്കാൻ തണ്ണീർമുക്കം ബണ്ടിലെ ഷട്ടറിന് ഒപ്പം തോട്ടപ്പള്ളിയിലെ ഷട്ടറും തുറന്നിട്ടുണ്ട്. തോട്ടപ്പള്ളിയിലെ 14 ഷട്ടറുകളും തണ്ണീർമുക്കത്തെ 28 ഷട്ടറുകളുമാണു തുറന്നിട്ടുള്ളത്.
മട വീണത് എൺപതുംപാടം പാടത്ത്
ശക്തമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരത്തിലാണ് ഇന്നലെ മട വീണത്. പുഞ്ചക്കൃഷി ഇറക്കാൻ വിത്ത് തയാറാക്കിയ അവസരത്തിലാണ് മട വീണത്. ഇന്നലെ പുറംബണ്ടിൽ അള്ള വീണതു തടയാൻ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഏറെ പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വേലിയേറ്റത്തിൽ വെള്ളം ഇരച്ചു കയറിയതു മൂലം അള്ള രൂപപ്പെടുകയായിരുന്നു.ഇതു തടയാനുള്ള നിർമാണ വസ്തുക്കൾ സ്ഥലത്ത് എത്തിക്കാൻ ബുദ്ധിമുട്ട് നേരിട്ടതോടെ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ബണ്ടിലെ തെങ്ങുകൾ വെട്ടിയാണു കുറ്റി തയാറാക്കിയത്.
ഒപ്പം സമീപത്തു പൊക്കമുള്ള ബണ്ടിൽ നിന്നു മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കട്ടയെടുത്തു ചാക്കിൽ നിറച്ച് അള്ള തടയാനുള്ള ശ്രമം പകൽ മുഴുവൻ നടത്തിയെങ്കിലും പരാജയപ്പെട്ടു.കർഷകർക്ക് ഒപ്പം നാട്ടുകാരും രംഗത്ത് ഉണ്ടായിരുന്നു. മട വീണതോടെ ഒട്ടേറെ വീടുകളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്.65 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ ചെറുകിട കർഷകരാണു കൃഷിയിറക്കാൻ തയാറെടുത്തത്. മട വീണതോടെ പുഞ്ചക്കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇനി മട കുത്തി വിതയിറക്കായാലും കർഷകർക്കു പ്രതീക്ഷിച്ച വിളവു ലഭിക്കാനുള്ള സാധ്യത വിരളമാണ്. കഴിഞ്ഞ ദിവസം വെളിയനാട് കൃഷിഭവൻ പരിധിയിലെ, വിതയിറക്കിയ കുറുവത്തടം പാടശേഖരത്തിൽ മട വീണിരുന്നു.
എംപി കലക്ടറുമായി ചർച്ച നടത്തി
കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ മടവീഴ്ചാ ഭീഷണി പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കലക്ടറുമായി ചർച്ച നടത്തി. കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമുള്ള ജലനിരപ്പ് ക്രമീകരിക്കുന്നതിനു തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ സമയബന്ധിതമായി തുറന്നും അടച്ചും പ്രവർത്തിപ്പിക്കണമെന്നു നിർദേശം നൽകി.വേലിയേറ്റം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനു മുൻപ് ആവശ്യമായ എല്ലാ നടപടി ക്രമങ്ങളും ജില്ലാ ഭരണകൂടം ഉറപ്പാക്കണം. കൊയ്യാൻ പാകമായ പാടങ്ങളിലും വിത കഴിഞ്ഞ പാടങ്ങളിലും വെള്ളം കവിഞ്ഞ് കയറുന്നതു കർഷകരുടെ ജീവിതോപാധിക്ക് ഭീഷണിയാണ്. പാടശേഖരങ്ങളിൽ നെൽക്കൃഷി സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകളുടെയും അധികൃതരുടെയും ഇടപെടൽ ഉറപ്പാക്കാൻ പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്ന് എംപി പറഞ്ഞു.
കൂടുതൽ ഷട്ടറുകൾ പ്രവർത്തിപ്പിക്കാൻ നിർദേശം:എംഎൽഎ
വേലിയേറ്റത്തെ തുടർന്നു കുട്ടനാട്ടിൽ ജല നിരപ്പ് ഉയർന്നു വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ കൂടുതൽ ഷട്ടറുകൾ പ്രവർത്തന ക്ഷമമാക്കാൻ നിർദേശം നൽകിയതായി തോമസ് കെ.തോമസ് എം.എൽ.എ പറഞ്ഞു. 28 ഷട്ടറുകളാണ് വേലിയേറ്റ സമയങ്ങളിൽ അടയ്ക്കുകയും വേലിയിറക്ക സമയങ്ങളിൽ തുറക്കുകയും ചെയ്തു വന്നിരുന്നത്. 10 ഷട്ടറുകൾ കൂടി പ്രവർത്തന ക്ഷമമാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഓരുമുട്ടുകൾ അടച്ചിട്ടില്ല എന്നതു കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. വേലിയേറ്റത്തിൽ ഓരുമുട്ടുകൾ വഴി കടൽവെള്ളം എത്തുന്നതു തടയാൻ നടപടി ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കലക്ടർ നിർദേശം നൽകിയതായി എംഎൽഎ പറഞ്ഞു.
ഷട്ടറുകൾ ക്രമീകരിക്കാൻ നടപടി വേണം: കോൺഗ്രസ്
കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നു കോൺഗ്രസ് നോർത്ത് ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അതിരൂക്ഷമായ വേലിയേറ്റവും കിഴക്കൻ വെള്ളത്തിന്റെ വരവും കുട്ടനാട്ടിലെ കർഷകരുടെ ഉറക്കം കെടുത്തുന്നു. പാടശേഖരങ്ങളിൽ മടവീഴുമെന്ന ഭീതിയിലാണു കർഷകർ. തണ്ണീർമുക്കം ബണ്ടിന്റെ മുഴുവൻ ഷട്ടറുകളും വേലിയിറക്ക സമയത്തു തുറന്നു വയ്ക്കുകയും വേലിയേറ്റം തുടങ്ങുന്നതിനു മുൻപു പൂർണമായും അടയ്ക്കുകയും വേണമെന്നു നോർത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വി.രാജീവ് ചൂണ്ടിക്കാട്ടി.
‘വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കണം’
കുട്ടനാട് ∙ തണ്ണീർമുക്കം ബണ്ടിലെ 50% ഷട്ടറുകളെങ്കിലും റഗുലേറ്റ് ചെയ്ത് വെള്ളപ്പൊക്ക ദുരിതം ഒഴിവാക്കണമെന്നു ചമ്പക്കുളം നെല്ലുൽപാദക പാടശേഖര ഏകോപന സമിതി ആവശ്യപ്പെട്ടു. പുഞ്ചക്കൃഷിയുടെ നടത്തിപ്പു സംബന്ധിച്ചും പ്രതിസന്ധി തരണം ചെയ്യാനും ബന്ധപ്പെട്ട വകുപ്പുകളെയും കർഷകരെയും ഉൾപ്പെടുത്തി യോഗം വിളിക്കണമെന്നു സമിതി ആവശ്യപ്പെട്ടു.
നിവേദനം നൽകി
കുട്ടനാട് ∙ കൃഷിയെ ദോഷമായി ബാധിക്കുന്ന വേലിയേറ്റം നിയന്ത്രിക്കാൻ തണ്ണീർമുക്കം ബണ്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) രാമങ്കരി മണ്ഡലം കമ്മിറ്റി മന്ത്രി റോഷി അഗസ്റ്റിനു നിവേദനം നൽകി.സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് കെ.നെല്ലുവേലി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനീഷ് തോമസ് തെക്കേപറമ്പിൽ അധ്യക്ഷത വഹിച്ചു. തോമസ് കുഞ്ഞച്ചൻ മാരാമ്പപറമ്പിൽ, സാബു മാത്യു പള്ളിക്കളം, ബൈജു തോമസ് ചേന്നാട്ടുശേരി, ലാലിച്ചൻ ജോബ് കൈതപ്പറമ്പിൽ, അജയ് കുര്യാക്കോസ്, ബേബിച്ചൻ കവലയ്ക്കൽ, സി.ജെ.ജോസഫ് നടിച്ചിറ, ബിജി ജോർജ് പുല്ലിശേരി, കെ.പി.മംഗളാനന്ദൻ, ജോസഫുകുട്ടി നൈനാപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
കുട്ടനാട് ∙ വേലിയേറ്റം തടയാൻ നടപടി സ്വീകരിക്കണമെന്നു ജനാധിപത്യ കർഷക യൂണിയൻ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കലക്ടർക്ക് നിവേദനം നൽകി.പാർട്ടി ചെയർമാൻ ഡോ. കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് കല്ലുപാത്ര അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.സി.ജോസഫ്, തോമസ് ജോസഫ് ഇല്ലിക്കൽ, തോമസ് കോര, സാജൻ സെബാസ്റ്റ്യൻ, ജേക്കബ് സാണ്ടർ, ബാബു ആറുപറ, ഷിബു മണല, ബേബി ചെറിയാൻ, ലിസമ്മ ജോൺസൺ, ഫില്ലമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
വേലിയേറ്റം:മന്ത്രിക്ക് കത്തയച്ചു
ആലപ്പുഴ ∙ തണ്ണീർമുക്കത്തെ ഷട്ടറുകൾ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കാത്തതാണു കുട്ടനാട്ടിലെ പാടശേഖരങ്ങൾക്ക് ഭീഷണിയാകുന്ന വിധം വേലിയേറ്റ വെള്ളം ക്രമാതീതമായി ഉയരുന്നതിന് കാരണമെന്നു കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ. ഇത് സംബന്ധിച്ച് കൃഷി മന്ത്രിക്ക് മാത്യു ചെറുപറമ്പൻ കത്തയച്ചു.
ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ
ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തി. കാവാലത്തു 17 സെന്റി മീറ്ററും നെടുമുടിയിൽ 9 സെന്റി മീറ്ററും ചമ്പക്കുളത്ത് 7 സെന്റി മീറ്ററും മങ്കൊമ്പിൽ 5 സെന്റി മീറ്ററും പള്ളാത്തുരുത്തിയിൽ 4 സെന്റി മീറ്ററും ജലനിരപ്പ് അപകട നിലയ്ക്കു മുകളിൽ എത്തി. ജലനിരപ്പും അപകട നിലയും ക്രമത്തിൽ. പള്ളാത്തുരുത്തി 1.44 മീറ്റർ (1.40), നെടുമുടി 1.54 മീറ്റർ (1.45), ചമ്പക്കുളം 1.67 മീറ്റർ (1.60). മങ്കൊമ്പ് 1.40 മീറ്റർ (1.35), കാവാലം 1.57 മീറ്റർ (1.40).