വെള്ളാപ്പള്ളിയുടെ അഭിപ്രായം നേരത്തെ സിപിഎം പരിഗണനയിൽ; കുട്ടനാട്ടിൽ ലക്ഷ്യം വയ്ക്കുന്നത് എന്ത്?

Mail This Article
ആലപ്പുഴ ∙ കുട്ടനാട് നിയമസഭാ സീറ്റിൽ അടുത്ത തവണ സിപിഎം മത്സരിക്കണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം സിപിഎം നേരത്തെ മുതൽ ചർച്ച ചെയ്യുന്നതു തന്നെ. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് സിപിഎം എടുക്കാൻ സാധ്യത ഏറെയാണെന്നാണു പാർട്ടിയിൽ നിന്നുള്ള വിവരം. ഈ സൂചനയിൽനിന്നാകാം വെള്ളാപ്പള്ളിയുടെ അഭിപ്രായപ്രകടനം എന്നാണു വിവരം. സീറ്റ് സിപിഎം എടുത്താൽ ഈഴവ, ക്രിസ്ത്യൻ വോട്ടുകൾ ഒരുപോലെ സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർഥി വരുമെന്നും അതു പ്രമുഖ നേതാക്കളിൽ ആരെങ്കിലുമാകാമെന്നും ചില നേതാക്കൾ സൂചിപ്പിച്ചു. സീറ്റ് സിപിഎം എടുത്താൽ ഈഴവ സ്ഥാനാർഥി വരുമെന്ന പ്രതീക്ഷ വെള്ളാപ്പള്ളിക്കുണ്ടെന്ന വ്യാഖ്യാനം സിപിഎമ്മിലുമുണ്ട്. ‘യോഗനാദം’ മുഖപ്രസംഗത്തിലാണു വെള്ളാപ്പള്ളി ഈ അഭിപ്രായം പറഞ്ഞതും എൻസിപിയെയും തോമസ് കെ.തോമസ് എംഎൽഎയെയും രൂക്ഷമായി വിമർശിച്ചതും.
കുട്ടനാടിനെ ചരിത്രപരമായി സ്വന്തം മണ്ണായാണു സിപിഎം കാണുന്നത്. കണ്ണൂർ കഴിഞ്ഞാൽ പാർട്ടിക്ക് ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളതു കുട്ടനാട്ടിലാണെന്നു നേതാക്കൾ പറയുന്നു. പാർട്ടിയുടെ അടിത്തറയായ കർഷകത്തൊഴിലാളികളുടെ നാടെന്നതു മറ്റൊരു പ്രത്യേകത. ഏതു സാഹചര്യത്തിലും എൽഡിഎഫിനു ജയിക്കാവുന്ന നിയമസഭാ സീറ്റാണിതെന്നു സിപിഎം വിലയിരുത്തുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലും പാർട്ടിക്കാണു സ്വാധീനം കൂടുതൽ.
അതിന്റെ പ്രധാന അടിസ്ഥാനം ഈഴവ വോട്ടുകളാണെന്നു സിപിഎം നേതാക്കൾ വിലയിരുത്തുന്നുണ്ട്. ബിഡിജെഎസ് രൂപീകരിച്ച ഘട്ടത്തിൽ മാത്രമാണ് സിപിഎമ്മിൽനിന്ന് ഈ വിഭാഗത്തിന്റെ വലിയ ചോർച്ചയുണ്ടായത്. എന്നാൽ, അവരിൽ മിക്കവരും സിപിഎമ്മിൽ തിരിച്ചെത്തിയെന്നു നേതാക്കൾ പറയുന്നു. ഇത്രയേറെ ശക്തിയുണ്ടായിട്ടും സിപിഎമ്മിന്റെ ഉദാര മനോഭാവം മൂലമാണു ചെറുപാർട്ടികൾക്ക് ഈ സീറ്റ് വിട്ടുകൊടുക്കുന്നതെന്നാണു വെള്ളാപ്പള്ളി പറഞ്ഞത്. 1987നു ശേഷം ഇവിടെ സിപിഎം മത്സരിച്ചിട്ടുമില്ല.
യുഡിഎഫിലും ഇതു ചെറുപാർട്ടികൾക്കുള്ള സീറ്റാണ്. കേരള കോൺഗ്രസാണു കൂടുതൽ മത്സരിച്ചത്. മുൻമന്ത്രി തോമസ് ചാണ്ടി യുഡിഎഫിനൊപ്പമായിരുന്നപ്പോൾ അദ്ദേഹം ഡിഐസി സ്ഥാനാർഥിയായി. അടുത്ത കാലത്ത് 1996ൽ മാത്രമാണ് ഇവിടെ കോൺഗ്രസ് മത്സരിച്ചത്. അന്നു സ്ഥാനാർഥിയായ ജെ.ജോസഫ് പരാജയപ്പെട്ടു. ഡോ. കെ.സി.ജോസഫാണു കൂടുതൽ തവണ ജയിച്ചത് – 5 തവണ. തോമസ് ചാണ്ടി 3 തവണ ജയിച്ചു.
യുഡിഎഫിലും സീറ്റ് മുഖ്യകക്ഷിയായ കോൺഗ്രസ് ഏറ്റെടുക്കണമെന്ന അഭിപ്രായം മുൻപൊക്കെ ഉയർന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ അങ്ങനെ അഭിപ്രായം ഉയരുന്നില്ല. കേരള കോൺഗ്രസിന്റെ സ്ഥാനാർഥിയാകാൻ ഒരാൾ നേരത്തെ തന്നെ ഒരുക്കം തുടങ്ങിയിട്ടുമുണ്ട്. സീറ്റ് മാറ്റമൊക്കെ യുഡിഎഫ് തലപ്പത്ത് ആലോചിക്കേണ്ട വിഷയമാണെന്നാണു കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്.
തോമസ് കെ.തോമസ് ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ: വെള്ളാപ്പള്ളി
ചേർത്തല∙ കുലുക്കിയാൽ അടരുന്ന പൂവൻ പഴക്കുല പോലെ ഭരണം നിൽക്കുമ്പോൾ തോമസ് കെ.തോമസ് എംഎൽഎ ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ പെരുമാറുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിയാക്കണമെന്ന തോമസിന്റെ ആവശ്യം സംബന്ധിച്ചായിരുന്നു പ്രതികരണം.
ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിനു മുൻപത്തേതിനെക്കാൾ പ്രതിഛായ അൽപം മോശമാണെന്ന് എല്ലാവർക്കും അറിയാം. അപ്പോൾ എ.കെ.ശശീന്ദ്രനെ മാറ്റി പ്രവർത്തന പരിചയമില്ലാത്ത കുട്ടനാട് എംഎൽഎയെ മന്ത്രിയാക്കിയിട്ട് എന്തു ചെയ്യാനാണെന്നു വെള്ളാപ്പള്ളി ചോദിച്ചു.
സർക്കാരിനു കഷ്ടിച്ച് ഒന്നര വർഷമേ ബാക്കിയുള്ളൂ. പുതിയ ആൾ വന്ന് എല്ലാം പഠിക്കുമ്പോഴേക്കും സംഗതി മയ്യത്താകും. ഇടതുപക്ഷത്തിനും അതിനു വേണ്ടി ചോരയും നീരുമൊഴുക്കിയ പിന്നാക്ക വിഭാഗത്തിനും ഏറെ സ്വാധീനമുള്ള മണ്ഡലമാണ് കുട്ടനാട്. എന്നാൽ അവർക്ക് അർഹമായ സീറ്റ് പലപ്പോഴും നഷ്ടമാകുന്നത് എൽഡിഎഫിന്റെ ഔദാര്യശീലം കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.