ജില്ലാ വെറ്ററിനറി ഡോക്ടറാണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Mail This Article
ആലപ്പുഴ ∙ ജില്ലാ വെറ്ററിനറി ഡോക്ടറാണെന്ന് അവകാശപ്പെട്ട് ആൾമാറാട്ടം നടത്തി കർഷകനിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാളെക്കൂടി ആലപ്പുഴ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി കുറിച്ചി വെട്ടിക്കാട് വീട്ടിൽ മധുസൂദനൻ നായരാണ് (57) പിടിയിലായത്.ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ആലപ്പുഴ ജില്ലാ വെറ്ററിനറി ഡോക്ടറാണ് എന്നുപറഞ്ഞ് പ്രതി ഫോണിലൂടെ കടക്കരപ്പള്ളി സ്വദേശിയായ കർഷകനെ ബന്ധപ്പെട്ടു. പക്ഷിപ്പനിയെത്തുടർന്നു കള്ളിങ് നടത്തിയതിന്റെ നഷ്ടപരിഹാരമായി 1,84,000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് പറയുകയും പണം അനുവദിച്ചതിന് പ്രത്യുപകാരമായി തന്റെ ഓഫിസിലുള്ളവർക്കു നൽകാൻ ഗൂഗിൾപേ വഴി പണം ആവശ്യപ്പെടുകയുമായിരുന്നു.
ഇയാളുടെ സംസാരത്തിൽ സംശയം തോന്നിയ കർഷകൻ പണം ആവശ്യപ്പെട്ട കാര്യം കടക്കരപ്പള്ളി വെറ്ററിനറി ഡിസ്പെൻസറിയിലെ സർജനെ അറിയിക്കുകയും ശബ്ദസന്ദേശം അയച്ചുകൊടുക്കുകയും ചെയ്തു. സർജൻ ജില്ലാ മൃഗസംരക്ഷണ ഓഫിസറെ അറിയിക്കുകയും ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ റെന്നി മാത്യു എന്നയാളെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ആലപ്പുഴ സൈബർ ക്രൈം എസ്എച്ച്ഒ: ഏലിയാസ് പി. ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ആർ.പദ്മരാജ്, വി.എസ്. ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫിസർമാരായ എസ്.ആർ.ഗിരീഷ്, കെ.യു. ആരതി, എ.എം.അജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.