കോളജ് ജംക്‌ഷനിൽ അടിപ്പാത നിർമാണം തുടങ്ങി; ഗതാഗതത്തിരക്ക് അപകടകരം

Mail This Article
കായംകുളം∙ ദേശീയപാതയിൽ കോളജ് ജംക്‌ഷനിൽ അടിപ്പാത നിർമാണം തുടങ്ങിയതോടെ ഗതാഗതത്തിരക്ക് അപകടകരമായ സ്ഥിതിയായി. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാതെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ യാത്രക്കാർ പ്രയാസപ്പെടുകയാണ്. നാലു ദിക്കിലും നിന്ന് ഒരു പോലെ വാഹനങ്ങൾ വരുന്ന ജംക്‌ഷനാണിത്.ദേശീയപാതയിലൂടെ വാഹനങ്ങൾ പോകുമ്പോൾ തീരദേശ പാതയിൽ നിന്ന് ദേശീയപാതയിലേക്കു കയറാൻ കഴിയാതെ വാഹനങ്ങൾ കാത്തുകിടക്കേണ്ട സ്ഥിതിയുണ്ട്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന സിഗ്നൽ ലൈറ്റ് നീക്കം ചെയ്തതിനാൽ ട്രാഫിക് സംവിധാനം തകർന്നിരിക്കുകയാണ്.
എ ന്നാൽ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനെയും വിന്യസിച്ചിട്ടില്ല. ഇതോടെ ജംക്‌ഷനിൽ ഏതു നിമിഷവും അപകടമുണ്ടാകാവുന്ന അവസ്ഥയാണ്.വാഹനങ്ങൾ നാലുവശത്തേക്കും ചീറിപ്പായുന്നതിനാൽ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണ് ജംക്‌ഷൻ കടക്കുന്നത്. വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് ഉടൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം. രാത്രി ഇതുവഴിയുള്ള യാത്ര കൂടുതൽ അപകടകരമാണ്. താൽക്കാലികമായി തെരുവുവിളക്കുകൾ സ്ഥാപിക്കാൻ ദേശീയപാത കരാർ വിഭാഗം തയാറാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.