പിഴ ചുമത്തിയിട്ടും പരിഹാരമില്ല; ഒപ്റ്റിക്കൽ കേബിൾ ഭൂമിക്കടിയിലൂടെ

Mail This Article
ബെംഗളൂരു∙നഗരവീഥികളിൽ അപകടഭീഷണിയായി മാറുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (ഒഎഫ്സി) പൂർണമായും ഭൂമിക്കടിയിലൂടെ ആക്കാനുള്ള പദ്ധതിയുമായി ബിബിഎംപി. പൊട്ടിയതും താഴ്ന്ന് കിടക്കുന്നതുമായ കേബിളുകൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയായി മാറിയതോടെയാണ് നടപടി.
അപകടകരമായ രീതിയിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കാത്ത ടെലികോം, ഇന്റർനെറ്റ് കമ്പനികൾക്ക് പിഴ ഉൾപ്പെടെ ചുമത്തിയെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ബിബിഎംപിയുടെ 8 സോണുകളിലായി കേബിളുകൾ നീക്കുന്ന പ്രവൃത്തി വീണ്ടും ഊർജിതമാക്കി. ജനുവരിയിൽ ഔട്ടർറിങ് റോഡിൽ പൊട്ടിക്കിടന്ന കേബിൾ സ്കൂട്ടറിന്റെ ഹാൻഡിലിൽ കുടുങ്ങി റോഡിലേക്ക് വീണ യാത്രക്കാരൻ ബസ് കയറി മരിച്ചിരുന്നു.
കേബിൾ മാറ്റുന്നത് ബെസ്കോം
വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമുമായി സഹകരിച്ചാണ് ഇന്റർനെറ്റ്, മൊബൈൽ ഉൾപ്പെടെയുള്ള ഏജൻസികളുടെ കേബിളുകൾ മാറ്റി സ്ഥാപിക്കുക. കേബിൾ ഡക്ടുകൾ (പ്രത്യേക പാത) വാടക അടിസ്ഥാനത്തിലാണ് കമ്പനികൾക്ക് നൽകുക. നേരത്തെ ടെൻഡർ ഷുവർ റോഡുകളിൽ വാടക നിരക്കിലാണ് ബിബിഎംപി കേബിൾ ഡക്ടുകൾ അനുവദിച്ചത്.
എന്നാൽ സാമ്പത്തിക ലാഭം നോക്കി കമ്പനികൾ പോസ്റ്റിലൂടെയും മരങ്ങൾക്കിടയിലൂടെയും അനധികൃതമായി വലിക്കുന്ന കേബിളുകൾ കാറ്റിലും മഴയിലും പൊട്ടിവീണ് അപകടമുണ്ടാക്കുകയായിരുന്നു. ബെസ്കോമിന്റെ വൈദ്യുതി കേബിളുകൾ പൂർണമായും ഭൂമിക്കടിയിലൂടെയാക്കുന്ന പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. നിലവിൽ ബെസ്കോമിന്റെ നിയന്ത്രണത്തിൽ 3377 കിലോമീറ്റർ ദൂരമാണ് ഭൂഗർഭകേബിൾ സ്ഥാപിച്ചത്. കേബിളുകളുടെ തകരാറുകൾ പരിഹരിക്കാൻ 18591ആൾനൂഴികളും സ്ഥാപിച്ചു.