ഇംഗ്ലിഷും തമിഴും ഹിന്ദിയും പിന്നെ അനിമേഷനും; പുതുമയുള്ള കാഴ്ചയായി വോട്ടഭ്യർഥന

Mail This Article
പറവൂർ ∙ എങ്ങനെയും പരമാവധി വോട്ട് പിടിച്ചെടുക്കാൻ പ്രചാരണ തന്ത്രങ്ങൾ മെനയുകയാണ് സ്ഥാനാർഥികൾ. മലയാളത്തിൽ മാത്രമല്ല ഇംഗ്ലിഷിലും തമിഴിലും ഹിന്ദിയിലും പ്രചാരണം നടത്തുകയാണു നഗരസഭ 3–ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സോമൻ മാധവൻ. ബ്യൂഗിൾ വായിച്ച് ജനങ്ങളുടെ ശ്രദ്ധ ക്ഷണിച്ചശേഷം മെഗാ ഫോണിലൂടെ മലയാളം, ഇംഗ്ലിഷ്, തമിഴ്, ഹിന്ദി ഭാഷകളിൽ വോട്ടഭ്യർഥന നടത്തുന്നതു പുതുമയുള്ള കാഴ്ചയായി.
വെള്ള ഷർട്ടും പാന്റ്സും ത്രിവർണ തൊപ്പിയും അണിഞ്ഞു ജയൻ ജേക്കബാണ് അനൗൺസ്മെന്റ് നടത്തിയത്. സ്ഥാനാർഥികളെല്ലാം ഇക്കുറി പ്രചാരണത്തിനായി സാമൂഹിക മാധ്യമങ്ങളെ ഏറെ ആശ്രയിക്കുന്നുണ്ട്. സ്വയം പേരു പറഞ്ഞു പരിചയപ്പെടുത്തി വോട്ട് അഭ്യർഥന നടത്തുന്ന സ്ഥാനാർഥികളുടെ വിഡിയോ ഫെയ്സ്ബുക്, വാട്സാപ് എന്നിവയിൽ ധാരാളമായി കണ്ടുവരുന്നു. ചിലർ അനിമേഷൻ വിഡിയോകൾ ഇറക്കിയിട്ടുണ്ട്.
ലഭ്യമാകുന്ന ചില അനിമേഷൻ വിഡിയോകളിൽ മാറ്റങ്ങൾ വരുത്തിയാണു സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുന്നത്. ജീപ്പിൽ പോസ്റ്റർ വച്ചുകെട്ടി ഓടിക്കുന്ന അനിമേഷൻ വിഡിയോ പല സ്ഥാനാർഥികളും ഇറക്കിയിട്ടുണ്ട്. സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഉൾപ്പെടുത്തി പശ്ചാത്തല സംഗീതത്തിന്റെയും വിഷ്വൽ ഇഫക്ട്സിന്റെയും അകമ്പടിയോടെ എഡിറ്റ് ചെയ്ത് ഇറക്കിയ വിഡിയോകൾ ഇക്കുറി വ്യാപകമാണ്.