സിസിആർസിയിലേക്ക് ശുദ്ധജലം: അപകട ഭീഷണി ഒഴിവായി; റോഡിനടിയിലൂടെയുള്ള തുരങ്കത്തിൽ പൈപ്പ് സ്ഥാപിച്ചു

Mail This Article
കളമശേരി ∙ കൊച്ചിൻ കാൻസർ റിസർച് സെന്ററിലേക്കും എറണാകുളം ഗവ.മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിലേക്കും സ്ഥാപിക്കുന്ന ശുദ്ധജല പദ്ധതിയുടെ ജോലികൾ പുനരാരംഭിച്ചു. റോഡിനടിയിലൂടെയുള്ള തുരങ്കത്തിലൂടെ പൈപ്പ് സ്ഥാപിച്ചതോടെ അപകടഭീഷണി ഒഴിവായി. നിർമാണ ജോലികൾ സ്റ്റാർട്ടപ് മിഷൻ അധികൃതർ തടസ്സപ്പെടുത്തിയെന്നുകാണിച്ചു 6 ദിവസമായി കരാറുകാരൻ ജോലികൾ നിർത്തിവച്ചിരിക്കുകയായിരുന്നു. മന്ത്രി പി.രാജീവിന്റെ ഓഫിസും ഇൻകെൽ ഉദ്യോഗസ്ഥരും ഇടപെട്ടതിനെത്തുടർന്നു ബുധനാഴ്ച രാത്രി ജോലികൾ പുനരാംരഭിക്കുകയായിരുന്നു.
കിൻഫ്ര ജലസംഭരണിയിൽ നിന്ന് ഇരുസ്ഥാപനങ്ങളിലേക്കും വെള്ളം എത്തിക്കുന്നതിനു റോഡിനടിയിലൂടെ നിർമിച്ച തുരങ്കം റോഡിനും യാത്രക്കാർക്കും ഭീഷണിയായി മാറിയിരുന്നു. മെഡിക്കൽ കോളജ് മണലിമുക്ക് റോഡിന്റെ ഉപരിതലത്തിൽ നിന്നു 3 മീറ്റർ ആഴത്തിൽ റോഡിനു കുറുകെ 204 മീറ്റർ നീളത്തിൽ 800 എംഎം വ്യാസത്തിലാണ് തുരങ്കം ഉണ്ടാക്കിയിട്ടുള്ളത്. തുരങ്കത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ കേസിങ് പൈപ്പ് കടത്തി വിടാനുള്ള ജോലികൾ സ്റ്റാർട്ടപ് മിഷൻ അധികൃതർ വിലക്കിയതാണ് അപകട ഭീഷണി ഉയർത്തിയത്.