മാലിന്യ മുക്ത പ്രഖ്യാപനം മാറ്റി; തൃക്കാക്കരയിൽ ‘മാലിന്യപ്പോര് ’

Mail This Article
കാക്കനാട് ∙ ശുചീകരണ പ്രക്രിയ പൂർത്തിയാകാത്തതിനാൽ ‘മാലിന്യ മുക്ത തൃക്കാക്കര’ പ്രഖ്യാപനം മാറ്റി. ഇന്നലെ കലക്ടർ പ്രഖ്യാപനം നടത്തുമെന്നായിരുന്നു നഗരസഭയുടെ അറിയിപ്പ്. ശുചീകരണം ബാക്കിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ ചടങ്ങ് ഏതാനും ദിവസം കഴിഞ്ഞു നടത്താമെന്ന് കലക്ടർ അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തിനകം ശുചീകരണം പൂർത്തിയാക്കാനാണ് നിർദേശം. നഗരസഭ ഓഫിസ് പരിസരത്തെ എംസിഎഫ് കേന്ദ്രത്തിൽ പ്ലാസ്റ്റിക് കുമിഞ്ഞു കൂടിക്കിടക്കുന്ന കാര്യമാണ് പ്രതിപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്നത്.
ഇതു മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. സീപോർട്ട് എയർപോർട്ട് റോഡിനോട് ചേർന്നാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന എംസിഎഫ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. വാർഡുകളിൽ നിന്ന് ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കാണ് എംസിഎഫ് കേന്ദ്രത്തിൽ സംഭരിക്കുന്നത്. ഇത് സ്വകാര്യ ഏജൻസിക്ക് കൈമാറുകയാണ് പതിവ്. വാർഡുകളിൽ നിന്ന് കൂടുതൽ പ്ലാസ്റ്റിക് എത്തുകയും സ്വകാര്യ ഏജൻസി കൊണ്ടുപോകുന്ന ലോഡുകളുടെ എണ്ണം കുറയുകയും ചെയ്യുമ്പോൾ സംഭരണ കേന്ദ്രം നിറഞ്ഞു കവിയും.
ദുർഗന്ധമോ മറ്റു പ്രതികൂല ഘടകങ്ങളോ ഇല്ലാത്തതിനാൽ പ്ലാസ്റ്റിക് കൂടിക്കിടന്നാലും ശല്യമില്ലെന്നാണു നഗരസഭയുടെ നിലപാട്. അഗ്നിബാധ പോലുള്ള ഭീഷണിയുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ഐടി ഹബും ജില്ലാ ഭരണ കേന്ദ്രവുമായ കാക്കനാടിന്റെ ഹൃദയ ഭാഗത്ത് ഇങ്ങനെയൊരു പ്ലാസ്റ്റിക് മല അശാസ്ത്രീയമാണെന്നും പ്രതിപക്ഷം പറയുന്നു.