ആടേ, ഇത് വല്ലാത്ത പെടാപ്പാട്: പാറക്കെട്ടിനു മുകളിൽ കുടുങ്ങിക്കിടന്ന ആടിനെ രക്ഷപ്പെടുത്തി
Mail This Article
ചെറുതോണി ∙ രണ്ടു ദിവസമായി പാറക്കെട്ടിനു മുകളിൽ കുടുങ്ങിക്കിടന്ന ആടിനെ ഇടുക്കി അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പൈനാവ് പുത്തൻതറയിൽ ശശിയുടെ ആടിനെയാണ് തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്ത് പൈനാവ് ടൗണിനു സമീപമുള്ള കരിമ്പാറ കെട്ടിനു മുകളിൽ കുടുങ്ങിക്കിടന്നത്.
2 ദിവസം മുൻപ് വീട്ടുകാർ തീറ്റ തിന്നാനായി അഴിച്ചുവിട്ട ആട് എങ്ങനെയോ 40 അടി ഉയരമുള്ള കുത്തനെയുള്ള പാറക്കെട്ടിൽ എത്തിപ്പെടുകയായിരുന്നു. തുടർന്ന് തിരിച്ചിറങ്ങാനുള്ള വെപ്രാളത്തിൽ കാലിനു പരുക്കേറ്റതോടെ അവിടെ കുടുങ്ങി. ആടിനെ കാണാതായതോടെ അന്വേഷണം നടത്തിയ വീട്ടുകാർ വെള്ളിയാഴ്ച രാത്രി ഏഴിനാണ് മലമുകളിൽ കണ്ടെത്തിയത്. തുടർന്ന് സഹായം അഭ്യർഥിച്ച് അഗ്നിരക്ഷാ സേനയെ ബന്ധപ്പെടുകയായിരുന്നു.
ഉടൻ തന്നെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വഴുവഴുക്കുള്ള പാറക്കെട്ടിൽ ലാഡർ ഉപയോഗിച്ചു കയറുകയായിരുന്നു. തുടർന്ന് സാഹസികമായി ആടിനെ വലയിലാക്കി താഴേക്ക് ഇറക്കി. ഒരു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് സ്റ്റേഷൻ ഓഫിസർ സി.അഖിൻ, എസ്എഫ്ആർഒമാരായ കെ.ആർ.അനിൽകുമാർ, കെ.അപ്പുണ്ണി, എഫ്ആർഒമാരായ എസ്.ശിവകുമാർ, സി.എം.നൗഷാദ്, ഹരി വി.ദേവൻ, കെ.ഡി.ആഗസ്തി എന്നിവർ നേതൃത്വം നൽകി.