ഇക്കോ ലോഡ്ജും നവീകരിച്ച അതിഥി മന്ദിരവും നാളെ തുറക്കും

Mail This Article
പീരുമേട് ∙ നിർമാണം പൂർത്തീകരിച്ച ഇക്കോ ലോഡ്ജും നവീകരിച്ച സർക്കാർ അതിഥി മന്ദിരവും നാളെ സഞ്ചാരികൾക്കായി തുറന്നുനൽകും. പത്തനംതിട്ട ഗവി, വാഗമൺ, തേക്കടി ഇക്കോ ടൂറിസം സർക്കീറ്റ് വികസനത്തിന്റെ ഭാഗമായി 5.05 കോടി രൂപ ചെലവഴിച്ചാണ് ഇക്കോ ലോഡ്ജിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.12 മുറികൾ ഉൾപ്പെടുന്ന 2 ബ്ലോക്കുകൾ, അടുക്കള, ഡൈനിങ് ഹാൾ എന്നിവയാണ് പദ്ധതിയിലുള്ളത്.
തേക്കുതടികളിലാണ് ചുവരുകൾ, തറ, സീലിങ് എന്നിവ പണികഴിപ്പിച്ചിരിക്കുന്നത്. കൂടാതെ പാർക്കിങ് യാഡ്, സംരക്ഷണ ഭിത്തി, വേലി, വഴി, പൂന്തോട്ടം, കളിസ്ഥലം, ഭിന്നശേഷിക്കാരുടെ വിശ്രമമുറിയിലേക്കു പാസേജ്, നടുമുറ്റം, സർവീസ് ബ്ലോക്ക്, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണത്തിനായുള്ള ക്രമീകരണങ്ങൾ, ഗേറ്റിന്റെ നവീകരണം, കമാനം, അടയാള ബോർഡുകൾ, വൈദ്യുതീകരണം എന്നിവയും പൂർത്തിയായിക്കഴിഞ്ഞു. സർക്കാർ അതിഥി മന്ദിരം 1.85 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചിരിക്കുന്നത്. സർവീസ് ബ്ലോക്ക് നവീകരണം, വാട്ടർ ടാങ്ക്, പാർക്കിങ് ഷെഡ്, കോൺഫറൻസ് ഹാൾ, വൈദ്യുതീകരണം, അനെക്സ് ബിൽഡിങ് എന്നീ പ്രവർത്തനങ്ങൾ ആദ്യ ഘട്ടത്തിൽ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിൽ പമ്പ് ഹൗസിന്റെ നവീകരണം, കിണർ നവീകരണം, ഇക്കോ ലോഡ്ജ് വശത്തിനു സമീപമുള്ള ഗേറ്റ് പില്ലറിന്റെ നവീകരണം, ശുചിമുറി നവീകരണം, ഡീസൽ ജനറേറ്റർ, കോംപൗണ്ട് ഭിത്തിയുടെ കൽപണികളുടെ നവീകരണം, ഗെസ്റ്റ്ഹൗസിന് ചുറ്റും വേലികെട്ടൽ, മഴവെള്ള സംഭരണ ക്രമീകരണങ്ങൾ, ബയോഗ്യാസ് പ്ലാന്റ്, ചുറ്റും ഇന്റർലോക്ക് കട്ടകൾ, സ്റ്റോർ, വസ്ത്രം മാറാനുള്ള മുറി, ബാഡ്മിന്റൻ കോർട്ട്, അനെക്സിന്റെ പിൻഭാഗത്തുള്ള കെട്ടിടത്തിന്റെ നവീകരണം, വിശ്രമമുറി, ലാൻഡ്‌സ്‌കേപ്പിങ്, വൈദ്യുതീകരണം എന്നിവ നടപ്പിലാക്കി. നാളെ 10നു ചേരുന്ന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് ഇക്കോ ലോഡ്ജിന്റെ ഉദ്ഘാടനം നിർവഹിക്കും. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിക്കും.